ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
ഗുണ്ടർട്ടിൻ്റെ നിഘണ്ടു: മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള ഒന്നാമത്തെ ശാസ്ത്രീയ ശബ്ദകോശം ഡോക്ടർ ഗുണ്ടർട്ടിൻ്റെ മലയാളം-ഇംഗ്ലിഷ് നിഘണ്ടുവത്രെ. ഇതിൽ മലയാള പദങ്ങളുടെ അർത്ഥം ഇംഗ്ലീഷിൽ വിവരിക്കുന്നു. തനിമലയാള ശബ്ദങ്ങളുടെ വ്യുൽപത്തിയും അർത്ഥപ്രദയോഗവും തിരിച്ചറിയുവാൻ ഈ നിഘണ്ടുവിൽ കവിഞ്ഞ ഒരു പ്രമാണ ഗ്രന്ഥം മലയാളഭാഷയിൽ ഇന്നും വേറൊന്നില്ല. ഏകദേശം പത്തുപതിനെട്ടു ഭാഷകൾ സ്വാധീനമാക്കിയിട്ടുള്ള ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു ജമ്മൻകാരനായ ഡോക്ടർ ഹെർമൻ ഗുണ്ടർട്ട്. 1838 മുതൽ 1859 വരെ, ഏതാണ്ടു് ഇരുപതിൽപരം വർഷങ്ങൾ മലബാറിൽ താമസിച്ച് അദ്ദേഹം ശബ്ദാഗമഗവേഷണം നടത്തുകയും, പിന്നിടു് സ്വദേശത്തെത്തി പത്തിൽപരം വർഷങ്ങൾ തൻ്റെ ഗവേഷണഫലങ്ങളെ ശാസ്ത്രീയമായി സംവിധാനം ചെയ്കയും ചെയ്തശേഷമാണു്, അവയെ അച്ചിൽപ്പെടുത്തുവാൻ അദ്ദേഹം തയ്യാറായത്. അങ്ങനെ, റോയൽ സൈസിൽ 1100-ൽ അധികം പേജുകളുള്ള ഈ അമൂല്യഗ്രന്ഥം. 1872-ൽ മംഗലാപുരം ബാസൽമിഷ്യൻ പ്രസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തുകയുമാണുണ്ടായത്.
വരാപ്പുഴ മിഷ്യനറിമാരുടെ നിഘണ്ടുക്കൾ തൻ്റെ നിഘണ്ടുനിർമാണത്തിനു വളരെ സഹായകങ്ങളായിരുന്നുവെന്നു് അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള മുഖവുരയിൽ പ്രത്യേകം അനുസ്മരിക്കുന്നുണ്ട് “തിരുവിതാംകൂർ പ്രദേശത്തു പ്രത്യേകമായുള്ള ശൈലികളും പ്രയോഗങ്ങളും ശ്രദ്ധാപൂർവ്വം ശേഖരിച്ചത് കോട്ടയം പ്രസ്സിൽനിന്നും പുറത്തുവന്ന പുസ്തകങ്ങളിൽനിന്നും. വരാപ്പുഴയിലെ പോർത്തുഗീസ്-ഇറ്റാലിയൻ പാതിരിമാർ തയ്യാറാക്കിയ വിലയേറിയ നിഘണ്ടുക്കളിൽനിന്നുമാണ്. ഈ കൃതികൾ 1746-ലാണു് പൂർത്തിയാക്കപ്പെട്ടതെങ്കിലും, അവയ്ക്കു വേണ്ട വസ്തുതകൾ 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ ശേഖരിക്കപ്പെട്ടവയാകയാൽ, യൂറോപ്യന്മാരുടെ വിപുലമായ ഇന്ത്യൻ ഭാഷാപഠനത്തിൻ്റെ നിലവിലുള്ള ഏറ്റവും പഴയ സ്മാരകങ്ങളും അവയാണു്.”
