ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
മലയാളം ഇംഗ്ലീഷ് നിഘണ്ടു: 1816-ൽ കേരളത്തിൽ വന്ന് കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു ആംഗ്ലിക്കൻ മിഷ്യനറിയാണു് ബെഞ്ചമിൻ ബെയിലി. അദ്ദേഹം മലയാളം, സംസ്കൃതം, സിറിയക്ക് എന്നീ ഭാഷകൾ അതിവേഗം അഭ്യസിക്കുകയും കോട്ടയം സെമിനാരിയിൽ അദ്ധ്യാപകനായിത്തീരുകയും ചെയ്തു. ആ മഹാപുരുഷൻ്റെ ഭഗീരഥപ്രയത്നത്തിൻ്റെ ഫലമായി 1946-ൽ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ച ഒരു നിഘണ്ടുവാണു് മേൽപ്രസ്താവിച്ചതു്. 1832-ൽ പ്രസിദ്ധപ്പെടുത്തിയ എച്ച്. എച്ച്. വിത്സൻ്റെ സംസ്കൃത-ഇംഗ്ലിഷ് ഡിക്ഷ്നറി, ബയിലിസായ്പിനു പ്രസ്തുത നിഘണ്ടുനിർമ്മാണത്തിനു മാതൃകയായിത്തീർന്നിരിക്കാം. എന്നാൽ മലയാളത്തിൽനിന്നു് ഇംഗ്ലീഷിലേക്കുള്ള വിവർത്തനത്തിനു സഹായകമായവിധത്തിൽ, കേരളത്തിൽ ഉണ്ടായ ഒന്നാമത്തെ നിഘണ്ടു എന്ന പ്രശംസയ്ക്കു പ്രസ്തുത കൃതി സർവ്വഥാ അർഹമായിരിക്കുന്നു. മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനുശേഷം അദ്ദേഹം 1848-ൽ, ഒരു ഇംഗ്ലീഷ്-മലയാളം ഡിക്ഷ്നറിയും പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
കൊളിൻസ് ഡിക്ഷ്നറി: 1855 മുതൽ 1867 വരെ കോട്ടയം കോളേജുപ്രിൻസിപ്പലായി ജോലിനോക്കിയിരുന്ന ഒരു ആംഗ്ലിക്കൻ മിഷ്യനറിയാണു്. റിച്ചാർഡ് കൊളിൻസ്. അദ്ദേഹം കോളേജിലെ തൻ്റെ സഹപ്രവർത്തകരിൽ ചിലരുടെ സഹായത്തോടുകൂടി നിർമ്മിച്ച് 1865-ൽ കോട്ടയത്തുനിന്നു പ്രസിദ്ധപ്പെടുത്തിയ ഒരു നിഘണ്ടുവാണു് മേൽപ്രസ്താവിച്ചതു്. മലയാളപദങ്ങൾക്കു മലയാളത്തിൽതന്നെ അർത്ഥം വിവരിക്കുന്ന ഒന്നാമത്തെ നിഘണ്ടുവും ഇതുതന്നെ. മലയാളപദങ്ങളേക്കാൾ മലയാളത്തിൽ പ്രചരിക്കുന്ന സംസ്കൃത ശബ്ദങ്ങൾക്കു് ഈ നിഘണ്ടുവിൽ കൂടുതൽ പ്രാധാന്യം കല്പിച്ചു എന്നൊരു ന്യൂനത ചിലർ പറയുമായിരിക്കും, എങ്കിലും ആദ്യത്തെ മലയാളനിഘണ്ടു എഴുതിയ ആൾ എന്ന ബഹുമതിക്കു കൊളിൻസ് അർഹനായിത്തീർന്നിരിക്കുന്നു.
