ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
വരാപ്പുഴ മിഷ്യനറിമാരുടെ നിഘണ്ടുക്കൾ: വരാപ്പുഴ മിഷ്യനറിമാരാണ് നിഘണ്ടുനിർമ്മാണത്തിലും ആദ്യം പരിശ്രമിച്ചുകാണുന്നത്. 1700-നടുത്തു വരാപ്പുഴ വികാരി അപ്പസ്റ്റോലിക് ആയിരുന്ന ആഞ്ചലോ ഫ്രാൻസീസിൻ്റെ നിഘണ്ടുവാണു് ആ വിഭാഗത്തിൽ ആദ്യത്തേതെന്നു പറയപ്പെടുന്നു. അല്പോൻസ് എന്ന കർമ്മലിത്ത മിഷ്യനറിയും ആയിടയ്ക്കു തന്നെ ‘മലയാണ്മ-ലത്തീൻ-പോർത്തുഗീസ് അകാരാദി’ എന്നൊരു നിഘണ്ടു നിർമ്മിച്ചതായി കാണുന്നുണ്ട്. 1699-ൽ വരാപ്പുഴ വന്നെത്തിയ അർണ്ണോസുപാതിരിയാണു് നിഘണ്ടു നിർമ്മാതാക്കളിൽ പ്രസിദ്ധനായ മറ്റൊരാൾ ‘മലയാഴ്‌മ-സംസ്കൃത-പോർത്തുഗീസ് അകാരാദി’ എന്നാണു് അദ്ദേഹം നിർമ്മിച്ച കൃതിയുടെ നാമധേയം. ‘ത’ എന്ന അക്ഷരംവരെയുള്ള പദങ്ങളേ പ്രസ്തുത നിഘണ്ടുവിൽ ഉൾക്കൊള്ളിച്ചിട്ടുള്ളു. * (* കേരളരാജ്യത്തിലെ സത്യവേദചരിത്രം, പേജ് 319 – 321. കേരളത്തിലെ ക്രിസ്തീയസാഹിത്യം, പേജ് 96 -133) പിന്നീടതു പൂർത്തിയാക്കിയതു് കൊടുങ്ങല്ലൂർ ബിഷപ്പായിരുന്ന പിമെൻറൽ എന്ന വൈദികനത്രെ. ‘സംക്ഷേപവേദാർത്ഥം’ എന്ന ആദ്യത്തെ മലയാളം അച്ചടിഗ്രന്ഥത്തിൻ്റെ കർത്താവായ ക്ലമൻ്റുപാതിരിയുടെ മലയാളം അകാരാദിയും പ്രസ്താവാർഹമാണു്. വരാപ്പുഴ മിഷ്യനറിമാർ ഇതുപോലെ വേറെയും പല നിഘണ്ടുക്കൾ നിർമ്മിച്ചതായി രേഖകൾ കാണുന്നുണ്ട്. അവയിൽ കമില്യൂസ് എന്ന മിഷ്യനറിയുടെ നിഘണ്ടു സവിശേഷം പ്രസ്താവയോഗ്യമാകുന്നു.
മലയാണ്മ-ലത്തീൻ-ഇംഗ്ലീഷ് അകാരാദി എന്നത്രെ പ്രസ്തുത നിഘണ്ടുവിന്റെ നാമധേയം. റോയൽസൈസിൽ 1220 പേജുകളുള്ള ആ ബൃഹത് ശബ്ദകോശം 1891-ലാണു് വരാപ്പുഴ അച്ചുക്കൂടത്തിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. ബഹുഭാഷാപണ്ഡിതനായിരുന്ന ഗ്രന്ഥകാരൻ്റെ സ്വന്തം പേരുചേർക്കാതെ “വരാപ്പുഴ രൂപതയിലെ ഒരു മിഷ്യനറി അപ്പസ്റ്റോലിക്കും നിഷ്പാദുകർമ്മലീത്ത സന്യാസിയും” എന്നുമാത്രമേ അതിൽ കുറിച്ചിട്ടുള്ളു. മലയാളസംസ്കൃതശബ്ദങ്ങൾക്കു ലത്തീൻ ഭാഷയിലും, ഇംഗ്ലീഷ് ഭാഷയിലും ഉള്ള അർത്ഥങ്ങൾ പ്രസ്തുത നിഘണ്ടുവിൽ വിവരിച്ചിരിക്കുന്നു. രണ്ടുമൂന്നു ഭാഷകളിലെ അർത്ഥം വിവരിക്കുന്ന ഇത്രയും ബൃഹത്തായ ഒരു ശബ്ദകോശം മലയാളത്തിൽ അടുത്തകാലംവരെ മറ്റൊന്നുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. നല്ല മേനിക്കടലാസിൽ ഭംഗിയായി അച്ചടിച്ച പ്രകൃതഗ്രന്ഥത്തിൻ്റെ ഒട്ടുവളരെ പ്രതികൾ ബയൻ്റുചെയ്യാതെ എറണാകുളം ഐ. എസ്. പ്രസ്സിൽ സൂക്ഷിച്ചിരുന്ന കാലത്തു്, ഒരു മുപ്പതുകൊല്ലത്തിനുമുമ്പ്, ഒരിക്കൽ, അതിൻ്റെ ഒരു പ്രതി ഈ എഴുത്തുകാരൻ്റെ ഗ്രന്ഥശേഖരത്തിൽ സൂക്ഷിക്കുവാൻ ആവശ്യപ്പെട്ടിട്ടു തൽക്കാലം കിട്ടാതെ വരികയും, പിന്നീട്ട് ഏതാനും വർഷങ്ങൾക്കുശേഷം പ്രസ്തുത കൃതിയെപ്പറ്റി തിരക്കിയപ്പോൾ, അന്നുണ്ടായിരുന്നവയെല്ലാം സൂക്ഷിച്ചു വെയ്ക്കുവാനുള്ള സൗകര്യക്കുറവുമൂലം അഗ്നിദേവൻ്റെ പ്രസാദത്തിനായി സമർപ്പിച്ചുവെന്നു മറുപടി കിട്ടുകയും ചെയ്ത വസ്തുത ഈയവസരത്തിൽ ഓർമ്മിച്ചുപോകുന്നു. ഇതുപോലെ അമൂല്യങ്ങളായ എത്രയെത്ര പുരാണ രേഖകൾ നമ്മുടെ ദയനീയമായ വിചാരമൂഢതയുടെ ഫലമായി എത്രയെത്രപേർ ഉപയോഗശൂന്യങ്ങളാക്കിത്തീർത്തിട്ടില്ല!
