ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
ബി. നിഘണ്ടുക്കൾ
പദങ്ങളുടെ പ്രയോഗസ്വഭാവം, ധാതു, അർത്ഥം മുതലായവയ്ക്ക് ഒരു വ്യവസ്ഥയും സ്ഥിരതയും ഉണ്ടാക്കിത്തീർക്കുവാൻ നിഘണ്ടുക്കൾ പ്രയോജനപ്പെടുന്നു. അത്തരം യാതൊരു വ്യവസ്ഥയും മലയാളഭാഷയിൽ ഇല്ലാതിരുന്നകാലത്താണു ഗുണ്ടർട്ട്, ബെയിലി, കൊല്ലിൻസ് വരാപ്പുഴെ കർമ്മലീത്താമിഷ്യനറിമാർ തുടങ്ങിയ പാശ്ചാത്യർ ഭഗീരഥപ്രയത്നം ചെയ്തു നിഘണ്ടുക്കൾ നിർമ്മിച്ചതു്. അവരുടെ ഈ പരിശ്രമം എത്രമാത്രം ദുഷ്കരവും ത്യാഗസമന്വിതവുമായിരുന്നുവെന്നുള്ളത്, വൈക്കത്തു വെച്ചുകൂടിയ ഭാഷാപോഷിണിസഭയുടെ, കാലം മുതൽ ഇതപര്യന്തം കേരളത്തിലെ അനവധി പണ്ഡിതന്മാർ അനേകവിധത്തിൽ ആലോചിച്ചിട്ടും കാലോചിതമായ ഒരു നിഘണ്ടു നിർമ്മിക്കാൻ കഴിയാതെ വന്നിട്ടുള്ളതിൽനിന്നും ഏറെക്കുറെ അനുമാനിക്കാവുന്നതാണു്. കോട്ടയത്തുവച്ച് 1113-ൽ നടത്തിയ സമസ്തകേരള സാഹിത്യപരിഷത്തിൻ്റെ ദ്വാദശ സമ്മേളനത്തിലും അതിനുമുമ്പും പിമ്പും നടന്ന മറ്റു സമ്മേളനങ്ങളിലും വച്ച് ഒരു നല്ല മലയാളനിഘണ്ടു നിർമ്മിക്കുന്നതിനുവേണ്ടി മൂന്നു ഗവർമെൻ്റുകളോടും ചെയ്യുന്ന അപേക്ഷ പ്രമേയരൂപത്തിൽ വായിച്ചരുളുവാൻ മാത്രമേ നമുക്ക് സാധിച്ചിട്ടുള്ളൂ.* (1953 മുതൽ ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിൽ ഒരു മലയാളം ലക്സിക്കൺനിർമ്മാണം ഇവിടെ ആരംഭിച്ചിട്ടുള്ള വസ്തുത വിസ്മരിച്ചിട്ടില്ല. ഏതാണ്ടു് 1000 പേജുകൾവീതം വരുന്ന ഏഴു വാള്യങ്ങളുടെ ഡ്രാഫ്‌റ്റ് മുഴുവൻ തയ്യാറായിട്ടുള്ളതും, ഒന്നാം വാള്യത്തിൻ്റെ പ്രാരംഭരൂപമായി ഏതാനും പേജുകൾ അച്ചടിച്ചിട്ടുള്ളതും അടുത്തകാലത്ത് ഈ ഗ്രന്ഥകാരനു നേരിട്ടു കാണുവാൻ കഴിഞ്ഞിട്ടുള്ളതാണു്. പഴയ പദങ്ങളുടെയും പ്രാദേശികപദങ്ങളുടെയും ഗവേഷണത്തിൽ അതിവിപുലമായ ഒരു ശ്രമം അതിൽ നിർവ്വഹിച്ചിട്ടുള്ളതായും കാണുന്നുണ്ട്. ഒരു പദത്തിനു് അർത്ഥമായി മറ്റൊരുപദം ചേർക്കുന്ന സമ്പ്രദായത്തിനു പുറമേ, അതിൻ്റെ നിർവ്വചനം, മറ്റു ദ്രാവിഡഭാഷകളുമായിട്ടുള്ള താരതമ്യം, പദങ്ങളുടെ അർത്ഥഭേദങ്ങൾ സമഗ്രമായി ചർച്ചചെയ്ത് ഓരോന്നിനും ഉചിതമായ ഉദാഹരണങ്ങൾ കൗടലീയം, രാമചരിതം തുടങ്ങി ഇന്നോളമുള്ള ഓരോ കാലഘട്ടങ്ങളിലെ കൃതികളിൽനിന്നുള്ള ഉദ്ധരണം എന്നിങ്ങനെ വളരെ ശ്രമാവഹങ്ങളായ പല കാര്യങ്ങളും പ്രസ്തുത കോശഗ്രന്ഥത്തിൻ്റെ പ്രണേതാവു് ചെയ്തുകാണുന്നുണ്ടു്. അക്ഷര ങ്ങൾക്കും പദങ്ങൾക്കും മലയാളത്തിൽ ചെയ്തിട്ടുള്ള നിർവ്വചനം ഇംഗ്ലീഷിലും നല്കിയിട്ടുള്ളതു് എടുത്തുപറയത്തക്ക ഒരു കാഴ്ചമാണു്. പാണ്ഡിത്യത്തിൻ്റേയും ക്ഷമയുടേയും പ്രത്യക്ഷരൂപമായ ഈ മഹാഗ്രന്ഥം പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ കാലോചിതമായ ഒരു മലയാളനിഘണ്ടു നമുക്കുണ്ടായെന്ന് അഭിമാനിക്കാവുന്നതുമാണു്.) ആ സ്ഥിതിക്ക് ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലത്തു് കേരളഭാഷയുടെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി മിഷ്യനറിമാർ ചെയ്ത ഈ മഹാസേവനങ്ങളെ വിസ്മരിക്കുവാൻ യാതൊരു ഭാഷാഭക്തനും സാധിക്കുന്നതല്ല. തമിഴിലും പാശ്ചാത്യമിഷ്യനറിമാർതന്നെയാണു് ആധുനികരീതിയിലുള്ള നിഘണ്ടുക്കൾ ആദ്യമായി നിർമ്മിച്ചിട്ടുള്ളതെന്നറിയുന്നു. കാൺസ്റ്റൻഷിയസ് ബെസ്ക്കി എന്ന ഇറ്റാലിയൻ മിഷ്യനറി 1732-ൽ നിർമ്മിച്ച ‘ചതുരകരാദി’യത്രെ ഇന്നത്തെ തമിഴിലുണ്ടായ ഒന്നാമത്തെ നിഘണ്ടു. അടുത്ത കാലത്തു മാത്രമാണല്ലോ മദ്രാസ് സർവ്വകലാശാലക്കാർ ഒട്ടേറെ സമയവും ധനവും വ്യയംചെയ്തു തമിഴ്‌ലക്‌സിക്കൻ തയാറാക്കി പ്രസിദ്ധപ്പെടുത്തിയതു്. മലയാളത്തിൻ്റെ ഗതിയും ഇതുതന്നെ. ഗുണ്ടർട്ട്, കൊല്ലിൻസ് തുടങ്ങിയ മഹാപണ്ഡിതന്മാരുടെ കാലടിപ്പാടുകളെ പിന്തുടരുവാൻ കഴിയാതിരുന്നുവെങ്കിൽ ശബ്ദതാരാവലി മുതലായ അല്പം ഭേദമെന്നു തോന്നുന്ന ചില പുതിയ പ്രസിദ്ധീകരണങ്ങൾ, അവയുടെ പ്രണേതാക്കൾക്ക് ഈ അടുത്തകാലത്തെങ്ങും പുറപ്പെടുവിക്കാൻ സാധിക്കുമായിരുന്നോ എന്നതു സംശയമാണ്.
