ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

അപശബ്ദശോധിനി: കെ. എൻ. ഗോപാലപിള്ളയുടെ ഈ കൃതി ഇന്നത്തെ എഴുത്തുകാർ മനസ്സിരുത്തി പഠിച്ചാൽ ലേഖനവിദ്യയിൽ സാധാരണയായി കണ്ടുവരുന്ന മിക്ക തെറ്റുകളും ഇല്ലാതാക്കാൻ കഴിയുന്നതാണു്.

ചില ശബ്ദങ്ങളും അവയുടെ രൂഢാർത്ഥങ്ങളും: ശബ്ദാനുശാസന വിഷയങ്ങളെ അധികരിച്ചുള്ള പതിനെട്ടു പ്രബന്ധങ്ങളുടെ സമാഹാരമാണു് അഭിനവപാണിനിയായ ഐ. സി. ചാക്കോയുടെ പ്രസ്തുത കൃതി. ‘സംസ്കൃതത്തിൽ നിന്നും മറ്റുമായി മലയാളത്തിൽ വന്നുചേർന്നിട്ടുള്ള പല ശബ്ദങ്ങളും മൂലഭാഷകളിൽ അവയ്ക്കില്ലാത്ത അർത്ഥങ്ങളിൽ മലയാളത്തിൽ പ്രചരിച്ചുവരുന്നുണ്ടല്ലോ. അത്തരം ശബ്ദങ്ങളുടെ പരിശോധനയാണു് ഈ പ്രബന്ധങ്ങളിലെ സാമാന്യപ്രമേയം.’ ശബ്ദപ്രയോഗവിഷയത്തിൽ പണ്ഡിതന്മാർക്കും അപണ്ഡിതന്മാർക്കും ഒന്നുപോലെ പ്രയോജനപ്രദമായ ഒരു കൃതിയാണിതെന്നു പറയുവാൻ ലവലേശം ശങ്കിക്കേണ്ടതില്ല.