ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
ഭാഷാവിജ്ഞാനം: ഭാഷാശാസ്ത്രത്തിൽ ലോകം നേടിയിട്ടുള്ള വിജ്ഞാനത്തിൻ്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ ഇംഗ്ലീഷ് തുടങ്ങിയ വിശ്വഭാഷകളിൽ ഒട്ടുവളരെയുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു ഗ്രന്ഥവും നമുക്കിതുവരെ ലഭിച്ചുകഴിഞ്ഞിട്ടില്ല. താരതമ്യാത്മകമായ ഭാഷാ പഠനത്തിൻ്റെ വീക്ഷണത്തിലൂടെ മലയാളഭാഷയെ സമഗ്രമായി അവലോകനം ചെയ്ത് ഏതെങ്കിലും ഒരു ഗ്രന്ഥം ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിൽ അതു കേരളപാണിനീയം മാത്രമാകുന്നു. കേരളപാണിനിയത്തെത്തുടർന്നു ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ള പരിശ്രമങ്ങളെല്ലാം ഭാഗികങ്ങൾ മാത്രമേ ആകുന്നുള്ളു. അവയിൽ ആദ്യത്തേതാണു് എടവരത്തിൻ്റെ ‘ഭാഷാശാസ്ത്രം.’ ഡോ. ഗോദവർമ്മയുടെ കേരളഭാഷാവിജ്ഞാനീയമാണു് പിന്നീട്ടുണ്ടായ ഒന്നു്. തുടന്ന്, ഇളംകുളത്തിൻ്റെ കേരള ഭാഷയുടെ വികാസപരിണാമങ്ങളും. ഡോ. കുഞ്ചുണ്ണിരാജായുടെ ‘ഭാഷാ ഗവേഷണ’മാണു’ വേറൊന്ന്. ഇവയെപ്പറ്റിയെല്ലാം പ്രസ്താവിച്ചു കഴിഞ്ഞിട്ടുള്ളതുമാണല്ലോ. മലയാളത്തിൻ്റെ ഭാഷാശാസ്ത്രം സംബന്ധിച്ച് ഇംഗ്ലീഷിലാണെങ്കിലും കാൾഡ്വലിൻ്റെ കൃതി പ്രസിദ്ധമാണു്. അതുപോലെതന്നെ ഡോ. എൻ. വി. രാമസ്വാമി അയ്യർ എഴുതിയിട്ടുള്ള കുറെ ലേഖനങ്ങൾ, ഡോ. ചന്ദ്രശേഖരൻ്റെ ‘മലയാളത്തിൻ്റെ വികാസം’, ഡോ. കെ. എം. ജോർജ്ജിൻ്റെ ‘രാമചരിതം’ എന്നീ പ്രബന്ധങ്ങളും ഇവിടെ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഇപ്പറഞ്ഞതിലധികമായി ഈ വിഷയത്തിൽ ആരുമൊന്നും പ്രവർത്തിച്ചുകണ്ടിട്ടില്ല. നല്ലൊരു ചിന്തകനും ഗവേഷകനുമായ സി. എൽ. ആൻ്റണി എം. എ. തൽസംബന്ധമായി ചിലതൊക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായി അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതു ഫലരൂപത്തിൽ ഇതേവരെ വെളിപ്പെട്ടിട്ടില്ല. ആ സ്ഥിതിക്കു കാലോചിതമായ ഭാഷാശാസ്ത്രത്തെസ്സംബന്ധിച്ച ഒരു പ്രാരംഭ ഗ്രന്ഥമെന്നനിലയ്ക്ക് ബി. സി. ബാലകൃഷ്ണൻ്റെ ‘ഭാഷാ വിജ്ഞാനം’ സ്വാഗതാർഹമായിരിക്കുന്നു.
ഭാഷാശാസ്ത്രത്തിൻ്റെ അതിവിശാലമായ മണ്ഡലത്തിലേക്കു കടന്നുചെല്ലുവാൻ ബാലകൃഷ്ണൻ ശ്രമിച്ചിട്ടില്ല. ഒരു വിഹഗവീക്ഷണത്തിനു മാത്രമേ ആ യുവാവു മുതിർന്നിട്ടുള്ളു. ഗ്രന്ഥത്തെ 17 ഭാഗങ്ങളായി തിരിച്ചുകൊണ്ടാണു് പ്രതിപാദനം. ശബ്ദവിഷയകമായി പ്രതിപാദിക്കുന്ന 6, 7, 8 എന്നീ അദ്ധ്യായങ്ങൾ കൂടുതൽ ശ്രദ്ധേയങ്ങളായിത്തോന്നുന്നു.
