ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
ഗ്രന്ഥത്തിലെ വിഷയ വിഭാഗങ്ങൾക്കു ശില്പം എന്നു നാമകരണം ചെയ്തിരിക്കുന്നു. ആകെ എട്ടു ശില്പങ്ങളാണു് ഇതിലുള്ളതു്. ഒന്നാം ശില്പത്തിലെ പ്രധാന വിഷയം മണിപ്രവാളത്തിൻ്റെ ലക്ഷണവും വിഭാഗവുമാണു്. പ്രസംഗവശാൽ മലയാളത്തിനു ചോളാദിഭാഷകളിൽനിന്നുമുള്ള വൈജാത്യത്തേയും ഇതിൽ പ്രതിപാദിക്കുന്നു. രണ്ടാം ശില്പത്തിൽ ഭാഷയുടെ നിരുക്തവും വകഭേദങ്ങളും വിവരിച്ചിരിക്കുന്നു. മൂന്നാം ശില്പം സന്ധിവിഷയകമാണു്. പ്രാചീന കൃതികളുമായി നമ്മെ പരിചയപ്പെടുത്തുവാനുള്ള എളുപ്പവഴിയാണു് ഗ്രന്ഥകാരൻ ഇവിടെ കാണിച്ചു തരുന്നതു. ഇങ്ങനെ ആദ്യത്തെ ഈ മൂന്നു ശില്പങ്ങൾ മണിപ്രവാളഭാഷയുടെ വ്യാകരണത്തെ പ്രതിപാദിക്കുന്നവയാണെന്നു പറയാം.
നാലുമുതല്ക്കുള്ള ശില്പങ്ങൾ അലങ്കാര ശാസ്ത്രത്തെ ലക്ഷീകരിച്ചുള്ളതാണു്. നാലാം ശില്പത്തിൽ കാവ്യപ്രകാശം മുതലായവയെ മുൻനിർത്തി അപശബ്ദാദി കാവ്യദോഷങ്ങളെക്കുറിച്ചും, അഞ്ചിൽ ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ ഗുണങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. ആറിൽ ശബ്ദാലങ്കാരവും ഏഴിൽ അർത്ഥാലങ്കാരവും വിവരിച്ചിരിക്കുന്നു. എട്ടാം ശില്പത്തിൽ കാവ്യത്തിൻ്റെ ജീവനായ രസത്തെപ്പറ്റിയാണു് ചുരുക്കി പ്രതിപാദിച്ചിട്ടുള്ളത്. ഇങ്ങനെ ശബ്ദ ശാസ്ത്രത്തിൻ്റേയും അലങ്കാര ശാസ്ത്രത്തിൻ്റേയും പ്രധാനാംശങ്ങളെല്ലാം ഇതിൽ നിരൂപണം ചെയ്തിരിക്കുന്നു.
കവിയും കാലവും: ലീലാതിലകത്തിൻ്റെ നിർമ്മാണകാലമേതെന്നു് ഇതേവരെ തിട്ടമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല. ഉണ്ണുനീലിസന്ദേശത്തിൽനിന്നു ചില പദ്യങ്ങൾ ഉദ്ധരിച്ചിട്ടുള്ളതിനാൽ ആ കൃതിയുടെ നിർമ്മാണത്തിനുശേഷമാണ് ഇതിൻ്റെ രചനയെന്നു തീർച്ചപ്പെടുത്താം. ഉണ്ണുനീലിസന്ദേശത്തിൻ്റെ നിർമ്മിതി കൊല്ലവർഷം 549 കുംഭം 23-ാം തീയതിയെന്നു പ്രസിദ്ധ ഗവേഷകനായ മഹാകവി ഉള്ളൂരും, അതല്ല കൊല്ലവർഷം 490 മേടം 30-ാം തീയതിയെന്നു പ്രസിദ്ധ പണ്ഡിതനായ ആറ്റൂരും, ഇതുരണ്ടുമല്ല, 597 മേടം 6-ാംതീയതിയെന്നു് ശ്രീ ഇളംകുളവും പ്രസ്താവിക്കുന്നു. ഇവയിൽ ഏതഭിപ്രായമാണു് ശരിയായിട്ടുള്ളതെന്നു് ജ്യോതിശ്ശാസ്ത്ര പ്രകാരമുള്ള നിഷ്കൃഷ്ടമായ ഗണനംകൊണ്ടും ഉപരിഗവേഷണം കൊണ്ടും മാത്രം തീർച്ചപ്പെടുത്തേണ്ടതായിട്ടാണിരിക്കുന്നതു്. ദാമോദരച്ചാക്യാരുടെ ഉണ്ണിയാടിചരിതം കൊല്ലം 560-നുശേഷം നിർമ്മിച്ച ഒരു കൃതിയായിരിക്കണമെന്നാണു് പണ്ഡിതന്മാരുടെ അഭിപ്രായം. അതിൽനിന്നു പദ്യവും ലീലാതിലകത്തിൽ ഉദ്ധരിച്ചുകാണുന്നുമില്ല. ഈവക വസ്തുതകളെ മുൻനിറുത്തി പര്യാലോചിക്കുമ്പോൾ ക്രിസ്തുവർഷം 14-ാം ശതകത്തിൻ്റെ ഒടുവിലാണു് ലിലാതിലകത്തിൻ്റെ ഉൽപത്തി എന്നുള്ള ഉള്ളൂരിൻ്റെ അഭിപ്രയമാണു കൂടുതൽ സംഗതമായിത്തോന്നുന്നതു്. കവിയെപ്പറ്റി ഒന്നുംതന്നെ ഊഹിക്കുവാൻ സാധിക്കുന്നില്ല. ഗ്രന്ഥത്തിൽ കൊടുത്തിട്ടുള്ള ഉദാഹരണശ്ലോകങ്ങളുടെ സ്വഭാവം വിചാരിക്കുമ്പോൾ മദ്ധ്യകേരളത്തിൽ ധാരാളം പരിചയമുള്ള – അല്ലെങ്കിൽ ആ ഭാഗത്ത് എവിടെയെങ്കിലും ജീവിച്ചിരുന്ന – ഒരു സരസപണ്ഡിതനായിരിക്കണം ലീലാതിലകത്തിൻ്റെ കർത്താവു് എന്നുമാത്രം ഊഹിക്കാം.
