ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
ഭാഷാഗവേഷണം: ഭാഷയേയും സാഹിത്യത്തേയും കുറിച്ചു ഏകാഗ്രമായി ചിന്തിച്ച് എഴുതുകയും പറയുകയും ചെയ്യുന്ന ഒരു പ്രശസ്ത പണ്ഡിതനാണ് ഡോക്ടർ കുഞ്ചുണ്ണിരാജാ. അദ്ദേഹം പലപ്പോഴായി എഴുതിയ ഭാഷാശാസ്ത്രപരമായ പതിന്നാലു് ലേഖനങ്ങളുടെ സമാഹാരമാണു ‘ഭാഷാഗവേഷണം’. ഭാഷാശാസ്ത്രപഠനത്തിൻ്റെ പല വശങ്ങളെപ്പാറ്റിയും വളരെ നിഷ്കൃഷ്ടമായി ഇതിൽ വിവരിക്കുന്നുണ്ടു്. ‘ദ്രാവിഡഭാഷാഗവേഷണം’ കൂടുതൽ ശ്രദ്ധേയമായി തോന്നുന്നു. ഭാഷയുടെ ശാസ്ത്രീയ വിഭാഗത്തിൽ ഈടുറ്റ ഒരു ഗ്രന്ഥംതന്നെയാണിതു്.
ഭാഷാചിന്തകൾ: എട്ടു പ്രബന്ധങ്ങളുടെ സമാഹാരമാണു് കുഞ്ചുണ്ണിരാജായുടെ ഭാഷാചിന്തകൾ. ധ്വനി, ധ്വനിവാദത്തിൻ്റെ മാർഗ്ഗദർശി, ശബ്ദാർത്ഥസംബന്ധം, വിവക്ഷയും താൽപര്യവും എന്നിങ്ങനെ ഭാഷയുടെ ഓരോ ഉപാധികൾക്കും പ്രാധാന്യം നല്കിക്കൊണ്ട് എഴുതിയിട്ടുള്ളതാണു് ഇതിലെ പ്രബന്ധങ്ങൾ ഓരോന്നും. രാജായുടെ കൃതികളേതും ‘മിതം ച സാരം ച’ എന്ന മട്ടിൽ കാര്യമാത്രപ്രസക്തങ്ങളും ചിന്താബന്ധുരങ്ങളുമാണ്.
