ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
കേരളഭാഷയുടെ വികാസ പരിണാമങ്ങൾ: ഇളംകുളത്തിൻ്റെ ഗവേഷണപരമായ കൃതികളിൽ ഏററവും ശ്രദ്ധേയമായ ഒന്നാണു് അദ്ദേഹം 1953-ൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുതകൃതി. ആറദ്ധ്യായങ്ങളുള്ള പ്രസ്തുത കൃതിയിൽ, കൊല്ലവഷാരംഭംമുതൽ 4-ാം ശതകംവരെയുള്ള ശാസനങ്ങളെ ആസ്പദമാക്കി കേരളഭാഷയുടെ വികാസപരിണാമങ്ങളെ വിവരിക്കുന്നു. കേരളത്തിലുണ്ടായിട്ടുള്ള പല ശാസനങ്ങളേയും നിഷ്ക്കർഷിച്ചു പഠിക്കുവാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ടു്. തൽഫലമായി അക്കാലത്തെ ഭാഷാസ്വഭാവത്തെപ്പറ്റി വേണ്ടവണ്ണം ഗ്രഹിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടു്. അത്തരത്തിൽ നേടിയ കൈമുതലിൻ്റെ തുണയോടുകൂടിയാണു് ഇതിലെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളിലായി മലയാള ഭാഷയുടെ പരിണാമത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പ്രകാശിപ്പിച്ചിട്ടുള്ളതു്. ആ സിദ്ധാന്തങ്ങൾക്ക് ഉപോൽബലകങ്ങളായി ശാസനങ്ങളിലേയും, ഭാഷാകൗടലീയം തുടങ്ങിയ ചില പ്രാചീന കൃതികളിലേയും മാതൃകകൾ സവ്യാഖ്യാനം പിന്നീടുള്ള അദ്ധ്യായങ്ങളിൽ ഉദ്ധരിക്കയും ചെയ്തിരിക്കുന്നു.
ഭാഷയുടെ പരിണാമത്തെക്കുറിച്ച് ഇന്നുവരെ ഉണ്ടായിട്ടുള്ള സിദ്ധാന്തങ്ങൾ ഓരോന്നും എതിർപ്പുള്ളവയാണു്. രണ്ടു സിദ്ധാന്തങ്ങളാണല്ലൊ ഏറ്റവും പ്രാബല്യത്തിൽ ഇന്നുള്ളതു്. മലയാളം തമിഴിൻ്റെ പുത്രിയോ ശാഖയോ ആണെന്നുള്ളതു് അവയിൽ ഒന്ന്. മലയാളം തമിഴ് മുതലായ മറ്റു ഭാഷകളെപ്പോലെ മൂലദ്രാവിഡത്തിൻ്റെ അഥവാ മുത്തമിഴിൻ്റെ പുത്രിയാണെന്നുള്ളതു മറ്റൊന്നു്. ആദ്യപക്ഷത്തിൻ്റെ നേതൃത്വം കാൾഡ്വലിലും രണ്ടാമത്തെ പക്ഷത്തിന്റേതു ഗുണ്ടിട്ടലുമാണു് നാം നിക്ഷേപിച്ചുപോരുന്നതു്. കേരളപാണിനീയത്തിൻ്റെ കർത്താവു് കാൾഡ്വലിൻ്റെ പക്ഷത്തെ കൂടുതൽ അനുകൂലിക്കുന്നു. എന്നാൽ ഗുണ്ടർട്ടിലുമാണു് നാം നിക്ഷേപിച്ച് പോരുന്നത്. കേരളപാണിനീയത്തിൻ്റെ കർത്താവ് കാൾഡ്വലിൻ്റെ പക്ഷത്തെ കൂടുതൽ അനുകൂലിക്കുന്നു. എന്നാൽ ഗുണ്ടർട്ടിനാണ് പിൽക്കാലത്ത് അനുയായികൾ അധികമുണ്ടായിട്ടുള്ളതു്. ആററൂർ കൃഷ്ണപിഷാരടി, മഹാകവി ഉള്ളൂർ, ഡോക്ടർ ഗോദവർമ്മ തുടങ്ങിയ പേരുകൾ ഇവിടെ എടുത്തു പറയത്തക്കവയാണ്. ഇങ്ങനെ ആ ഇരുപക്ഷങ്ങളും പരസ്പരം എതിർക്കപ്പെടുകയും, ജയാപജയങ്ങൾ നേടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പരിതഃസ്ഥിതിയിലാണു് ഇളംകുളം കാൾഡ്വൽ പ്രകൃതികളുടെ സിദ്ധാന്തങ്ങൾക്കു പുനഃപ്രതിഷ്ഠ നല്കുവാൻ പുറപ്പെട്ടിട്ടുള്ളതെന്ന വസ്തുത ശ്രദ്ധേയമാകുന്നു. ശാസനങ്ങളിലേയും ഭാഷാ കൗടലിയം തുടങ്ങിയ കൃതികളിലേയും മിശ്രഭാഷാസ്വഭാവത്തെ മുഖ്യമായും ആശ്രയിച്ചത്രെ, ഇളംകുളം, മലയാളം തമിഴിൽനിന്നു വേർപെട്ടു പ്രത്യേകതയെ പ്രാപിച്ച ഒരു ഭാഷയാണെന്നു സ്ഥാപിക്കുവാൻ ശ്രമിച്ചിട്ടുള്ളതു്. ഭാഷയുടെ ആഗമചരിത്രത്തിൽ ആ സിദ്ധാന്തം അചഞ്ചലമല്ലെങ്കിലും കൂടുതൽ യുക്തിയുക്തമായി സ്ഥാപിക്കുവാൻ അദ്ദേഹം യത്നിച്ചിട്ടുണ്ടു്.
