ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
കേരളഭാഷാവിജ്ഞാനീയം: ഡോക്ടർ കെ. ഗോദവർമ്മയുടെ ഒരു കൃതിയാണു്. 1951-ൽ പ്രസിദ്ധപ്പെടുത്തിയ ‘കേരളഭാഷാവിജ്ഞാനീയം’ ഒന്നാം ഭാഗം പ്രസ്താവനയിൽ ഗ്രന്ഥത്തിൻ്റെ ഉദ്ദേശ്യത്തേയും ഉള്ളടക്കത്തേയും പറ്റി ഇങ്ങനെ പറഞ്ഞുകാണുന്നു:
”ആധുനിക രീതിയിലുള്ള മലയാള വ്യാകരണത്തിൻ്റെ ഒരു പ്രവേശിക എന്ന നിലയ്ക്ക് ഈ ഗ്രന്ഥം ഞാൻ തയാറാക്കിയതു തിരുവിതാംകൂർ സവ്വകലാശാലയുടെ നിർദ്ദേശമനുസരിച്ചാണു്. ഈ ഭാഗത്തിൽ ഭാഷോത്‌പത്തി, ഭാഷാവിഭജനം, ഭാഷാഗോത്രങ്ങൾ, ദ്രാവിഡഭാഷകൾ എന്നിവയെപ്പറ്റി സാമാന്യമായും, മലയാളത്തെപ്പറ്റി നിഷ്കൃഷ്ടമായും ചെയ്തിട്ടുള്ള നിരൂപണം വിപുലമായ വീക്ഷണത്തോടുകൂടിയ മലയാള വ്യാകരണത്തിനു് ഒരു പൂർവ്വരംഗമായിട്ടാണു് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ഒന്നാം ഭാഗത്തിൽ ഭാഷയുടെ ഉൽപത്തിയെക്കുറിച്ച് ഭാഷാശാസ്ത്രകാരന്മാർ പുറപ്പെടുവിച്ചിട്ടുള്ള വിവിധങ്ങളായ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. കക്ഷ്യകളുടെ നിർവ്വചനവും കക്ഷ്യാവിഭജനത്തെക്കുറിച്ചുള്ള വിവരണവുമാണു് രണ്ടാം ഭാഗത്തിൽ അടങ്ങിയിട്ടുള്ളതു്. അടുത്തതിൽ ഇൻഡോയൂറോപ്യൻ ഗോത്രം, സെമിററിക് ഗോത്രം, ഹമിററിക് ഗോത്രം മുതലായ ഭാഷകളുടെ ഗോത്ര വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾ അടങ്ങിയിരിക്കുന്നു. നാലാം ഭാഗത്തിൽ ദ്രാവിഡ ഭാഷാഗോത്രത്തെപ്പറ്റിയുള്ള വിമർശനമാണു്. കാൾഡ്വൽ മുതലായ ഭാഷാശാസ്ത്രകാരന്മാരുടെ ഗ്രന്ഥങ്ങളെ അവലംബിച്ചും, എന്നാൽ കാൾഡ്വലിന് ശേഷം വന്നിട്ടുള്ള പരിവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചുമാണ് വിമർശനം നിർവ്വഹിക്കപ്പെടുന്നതു്. അവസാന ഭാഗത്തിൽ മലയാള ഭാഷയെപ്പറ്റി പ്രത്യേകമായി ചർച്ചചെയ്തിരിക്കുന്നു ഈ ഗ്രന്ഥത്തിലെ പ്രധാനമായ അംശവും ഇതുതന്നെ. പുസ്തകത്തിൻ്റെ പകുതിയിലധികം പേജുകളും ഇതിലേക്കായി വിനിയോഗിച്ചിട്ടുമുണ്ടു്. മലയാള ഭാഷയുടെ ഉത്ഭവം, അതിനു തമിഴുമായുള്ള ബന്ധം എന്നീ പ്രമേയങ്ങളെപ്പറ്റിയാണു് ഇവിടെ പ്രപഞ്ചനം ചെയ്യുന്നതു്. കാൾഡ്വൽ, ഗുണ്ടർട്ട്, കേരളപാണിനി, ആറ്റൂർ, എൻ. വി. രാമസ്വാമി അയ്യർ തുടങ്ങിയ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ ഗ്രന്ഥകാരൻ കാര്യമായി കൈക്കൊണ്ടിട്ടുണ്ട്. പക്ഷേ, അവരിൽ ചിലരുടെ അഭിപ്രായങ്ങളോടു ഗ്രന്ഥകാരൻ പൂർണ്ണമായി യോജിക്കുന്നില്ല. യുക്തിവൈകല്യങ്ങൾ പലതും സമർത്ഥമായി ചൂണ്ടിക്കാണിക്കുന്നുമുണ്ടു്. എന്നാൽ സ്വാഭിപ്രായം നൂതന യുക്തികൾകൊണ്ടു നിർവിവാദം സമർത്ഥിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമില്ല. മലയാള ഭാഷയുടെ പ്രാചീനതയേയും സ്വതന്ത്രതയേയും തെളിയിക്കുവാൻ ഗോദവർമ്മ പല തെളിവുകളും ഇവിടെ ഹാജരാക്കുന്നുണ്ടു്. ആ അംശങ്ങളിലെല്ലാം അദ്ദേഹം പ്രദർശിപ്പിക്കുന്ന ഭാഷാവിജ്ഞാനവും ഗവേഷണ കുശലതയും ആരുടേയും ആദരാഭിനന്ദനങ്ങൾക്ക് അർഹമായിട്ടുള്ളതുതന്നെ.* (ഡോ. ഗോദവർമ്മ 1900-ാ മാണ്ടു കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. ഇംഗ്ലണ്ടിൽ നിന്നു പിഎച്ച്. ഡി. ബിരുദം നേടി. 1934-ൽ സംസ്കൃത കോളേജു പ്രിൻസിപ്പാളായി. പിന്നീടു യൂനിവേഴ്‌സിറ്റി കോളേജ് മലയാളവകുപ്പിൻ്റെ അദ്ധ്യക്ഷനായി. 1952 ജൂൺ 29-ാംനു അപ്രതീക്ഷിതമായി ചരമം പ്രാപിച്ചു.)
