ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
ആര്യ ദ്രാവിഡ ഭാഷകളുടെ പരസ്പര ബന്ധം: ആര്യ ഭാഷയിലും ദ്രാവിഡ ഭാഷയിലും ഉള്ള പദങ്ങൾ തമ്മിൽ ചില ക്ലിപ്ത നിയമങ്ങൾവച്ചുനോക്കുമ്പോൾ കാണുന്ന സാമ്യവും ലിപിപരമായിട്ടുള്ള ബന്ധങ്ങളും മറ്റും അടിസ്ഥാനമാക്കി പ്രസ്തുത ഭാഷകൾക്കു തമ്മിലുള്ള ബന്ധം സ്പഷ്ടമാക്കുവാൻ ഡോ. എൽ. എ. രവിവർമ്മ മേല്പറഞ്ഞ ഗ്രന്ഥത്തിൽ ശ്രമിച്ചിട്ടുണ്ട്. പുസ്തകം രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. പ്രഥമ ഭാഗത്തു ദേവനാഗരി, ബ്രാഹ്മി എന്നീ ലിപികൾക്കും പലതരം ദ്രാവിഡ ലിപികൾക്കും തമ്മിലുള്ള അത്യന്തസാദൃശ്യം വ്യക്തമാക്കുന്നു. അതിലേക്ക് പല ശിലാ ശാസനങ്ങളും മറ്റു രേഖകളും പ്രദശിപ്പിക്കുകയും ചെയ്തിരിക്കുന്നു. മലയാള ലിപികൾ മാത്രമല്ല, എല്ലാ ദ്രാവിഡ ഭാഷാലിപികളും ദേവനാഗരിയിൽനിന്നു പരിണാമങ്ങൾക്കുശേഷം ഉണ്ടായ ലിപികളാണെന്നാണു് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നതു്. ദ്വിതീയഭാഗത്തിൽ സംസ്കൃതശബ്ദങ്ങൾ ദ്രാവിഡഭാഷയിലേക്കു പകരുമ്പോൾ വർണ്ണങ്ങൾക്കു സംഭവിക്കുന്ന മാറ്റങ്ങളേയും, ആര്യദ്രാവിഡ ഭാഷകളിലുള്ള അനേകം ധാതുക്കൾക്ക് അർത്ഥത്തിലും രൂപത്തിലും ഉള്ള സാദൃശ്യത്തയും പ്രതിപാദിക്കുന്നു. മയിൽ, മുളക്, കമുക് മുതലായ ദക്ഷിണാപഥവസ്തുക്കളെ പ്രതിപാദിക്കുന്ന ദ്രാവിഡ ശബ്ദങ്ങൾ മയൂരം, മരിചം, ക്രമുകം എന്നു തുടങ്ങിയ സംസ്കൃത ശബ്ദങ്ങളിൽ നിന്നുത്ഭവിച്ചവയാണെന്നു വിചാരിക്കുന്നതിനേക്കാൾ സമീചീനം, ദ്രാവിഡപദങ്ങളുടെ സംസ്കൃതീകരണമാണു് രണ്ടാമത്തേതെന്നു് കരുതുന്നതല്ലേ എന്നു ചിന്തിക്കാവുന്നതാണു്. സിദ്ധാന്ത ദശയിൽവച്ചു നോക്കുമ്പോൾ പലതിലും പക്ഷാന്തരമുണ്ടാകാമെങ്കിലും, ഭാഷാശാസ്ത്രസംബന്ധമായി പല ചർച്ചകൾക്കും വഴിതെളിക്കുന്ന ഒരു വിശിഷ്ട കൃതിയാണു് ഇതെന്നു നിർവ്വിവാദം പറയാം.
