ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

പ്രാചീന കേരളലിപികൾ: കേരളത്തിലെ പ്രാചീനലിപികളുമായി പരിചയം സമ്പാദിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമായിത്തീരാവുന്ന ഒരു ഭാഷാ ശാസ്ത്ര ഗ്രന്ഥമാണ് ഡാക്ടർ എൽ. എ. രവിവർമ്മയുടെ പ്രാചീനകേരളലിപികൾ. വട്ടെഴുത്തു്, കോലെഴുത്ത്, മലയാണ്മ എന്ന മൂന്നുതരം ലിപികളെപ്പറ്റി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.

ഇൻഡ്യയിലെ സകല ലിപികളുടെയും മൂലമായി കരുതിപ്പോരുന്നത് ബ്രാഹ്മി എന്ന ലിപിയാണു്. അതു് എ. ഡി. മൂന്നാംശതകത്തോടു കൂടി തെക്കെ ഇൻഡ്യയിലേക്കു പ്രവേശിച്ചു. ദക്ഷിണഭാരതത്തിൽ പ്രവേശിച്ച ബ്രാഹ്മി രൂപാന്തരപ്പെട്ടുണ്ടായ ഒരു ലിപിയാണു്’ ‘വട്ടെഴുത്ത്’. മൂർച്ചയുള്ള വല്ല കോലുകൊണ്ടോ, ഉളികൊണ്ടോ, ശിലകളിലും. ചെമ്പുതകിടുകളിലും മറ്റും വെട്ടി അല്ലെങ്കിൽ ചൂന്നു അടയാളപ്പെടുത്തുക എന്നാണു വട്ടെഴുത്തു് അല്ലെങ്കിൽ വെട്ടെഴുത്ത്” എന്നതിൻ്റെ അർത്ഥമെന്നു ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. വളഞ്ഞ രേഖകൾ അധികമുള്ളതുകൊണ്ട് ആ പേർ സിദ്ധിച്ചുവെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്. വട്ടെഴുത്തിനു തന്നെ ‘നാനം മോനം’ (‘നമോ നാരായണ’ എന്നതിലെ ആദ്യക്ഷരങ്ങൾ ചേർന്നു) എന്ന പേർകൂടി പ്രസിദ്ധമാണു്. കോലുകൊണ്ടു വരച്ചുണ്ടാക്കിയിരുന്ന എഴുത്തിനു ‘കോലെഴുത്തു്’ എന്നു പറഞ്ഞുവരുന്നു. മലയാണ്മ എന്നതിനു തെക്കൻ മലയാണ്മ എന്നർത്ഥം. അതായതു് ദക്ഷിണ ഭാരതത്തിൽ പ്രചാരത്തിൽ ഇരുന്ന തമിഴ്‌ലിപിയിൽനിന്നു വ്യത്യാസപ്പെട്ട ദക്ഷിണ തിരുവിതാംകൂറിൽ പ്രചരിച്ചിരുന്ന ഒരു പ്രത്യേകലിപി എന്നർത്ഥം. മേല്പറഞ്ഞ മൂന്നുതരം ലിപികളുടെയും വേണ്ടിടത്തോളം പ്രാചീന രേഖകളെക്കൊണ്ടു ദൃഷ്ടാന്തപ്പെടുത്തി ഇതിൽ വിവരിച്ചിരിക്കുന്നു. കേരളത്തിലെ പ്രാചീനരേഖകളെ ശരിക്കു മനസ്സിലാക്കുന്നതിനു പ്രസ്തുത ലിപികളുടെ പരിചയം ഏററവും ആവശ്യമാകയാൽ പ്രകൃതഗ്രന്ഥം കേരളീയർക്കു വളരെ പ്രയോജനപ്രദമായ ഒന്നുതന്നെ.