ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

പാണിനീയപ്രദ്യോതം: സാക്ഷാൽ പാണിനിമാഹർഷിയുടെ ‘അഷ്ടാദ്ധ്യായി’ എന്നു പറയുന്ന പ്രത്യാഹാരസൂത്രങ്ങളുടെ ഒരു വ്യാഖ്യാനമാണീഗ്രന്ഥം മലയാളത്തിൽകൂടി സംസ്കൃതത്തിൽ ഉപരിജ്ഞാനം നേടണമെന്നുള്ളവർക്ക് വിശ്രുതപണ്ഡിതനായ ഐ. സി. ചാക്കോയുടെ പ്രസ്തുതകൃതി പ്രയോജന പ്രദമാകാതിരിക്കയില്ല. ഒന്നാംഭാഗം മംഗളോദയത്തിൽ നിന്നുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രഫസർ പി. സി. ദേവസ്യ എം. എ.യുടെ മേൽനോട്ടത്തിൽ പ്രസ്തുത ഗ്രന്ഥം പൂർണ്ണരൂപത്തിൽ പിന്നീട്ട് എറണാകുളത്തുനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവതാരികയിൽ ഡോക്ടർ സി. കുഞ്ഞൻരാജാ ഇങ്ങനെ പ്രസ്താവിക്കുന്നു:

“കുറച്ചു വായിച്ചപ്പോഴാണു് ‘മുരാരേസ്തൃതീയഃ പന്ഥാഃ’ എന്നതുപോലെ ശ്രീമാൻ ഐ. സി. ചാമക്കാവിൻ്റെ ഈ വ്യാഖ്യാനത്തിൽ സ്വതന്ത്രമായ മൂന്നാമതൊരു വഴിയാണു് അനുസരിച്ചിരിക്കുന്നതെന്നുകണ്ട് ഞാൻ സന്തോഷിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തതു്. ശ്രീ ഐ.സി. ക്കു് വ്യാകരണത്തിലുള്ള വെളിച്ചത്തെ പ്രശംസിച്ചാൽ മതിയാകയില്ല. കെട്ടുപിണയുകയും പൊട്ടുകയും ചെയ്യുന്ന ഒരു നൂൽക്കട്ടയാണു് പാണിനി. അതിനെ മുഴുവൻ ഇങ്ങനെ ഒരേ ചരടായി അഴിച്ചുകൊണ്ടുവന്നതു് അത്ഭുതമെന്നേ പറയുവാനുള്ളു.” 1956-ൽ കേന്ദ്രസാഹിത്യഅക്കാദമിയിൽനിന്ന് അവാർഡു ലഭിച്ച കൃതിയാണു് പാണിനീയപ്രദ്യോതമെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

ഭാഷാശാസ്ത്രം: വിവിധ ഭാഷകളുടേയും ജനസമുദായങ്ങളുടേയും വ്യാകരണം, ചരിത്രം, സാഹിത്യം എന്നിവ പരിശോധിച്ചും വിവിധ സമ്പ്രദായങ്ങളെ തോലനം ചെയ്തും ഭാഷാശാസ്ത്രപരമായ ചില നൂതന ഗ്രന്ഥങ്ങൾ ഭാഷകളിൽ ഉത്ഭവിച്ചിട്ടുണ്ട്. അങ്ങനെയുള്ള കൃതികളിൽ ചിലതിനെ അവലംബിച്ചു നിർമ്മിച്ചിട്ടുള്ള ഒരു നവീനകൃതിയാണു് എടമരത്തു സെബാസ്റ്റ്യൻ്റെ ഭാഷാശാസ്ത്രം. 1922-ലായിരുന്നു അതിൻ്റെ പ്രസിദ്ധീകരണം. മലയാളത്തിൽ ഇത്തരം ഒരു കൃതി ഇതിനുമുമ്പു് ഉണ്ടായിട്ടില്ല. ഇതിനെ ഭാഷാശാസ്ത്ര ചരിത്രത്തിലെ ഒരു അഭിനവഗ്രന്ഥമായി ഗണിക്കാം.