ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
ബാലബോധനം: 1905-ൽ പ്രസിദ്ധീകൃതമായ പ്രസ്തുത കൃതിയുടെ കർത്താവു് കൊച്ചി രാമവർമ്മരാജാവത്രെ.
അശേഷ വിദ്യാനിലയം–ശേഷം നത്വാ ഗുരുർമ്മുഹൂ
കരോമി ബാലവ്യുൽപത്തി–കാംക്ഷയാ ബാലബോധനം
എന്നു പ്രാരംഭത്തിൽ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ട് ഇതിൻ്റേയും ലക്ഷ്യം വ്യക്തമാണല്ലൊ.
മണിദീപിക: മലയാളത്തിൽ അക്കാലത്തുണ്ടായ സംസ്കൃത വ്യാകരണങ്ങളിൽവെച്ചു മുഖ്യമായത് ഏ. ആർ. രാജരാജവർമ്മയുടെ മണിദീപികയത്രെ. സംസ്കൃതത്തിൻ്റെ ഒരു സ്ഥൂലജ്ഞാനമെങ്കിലുമില്ലാതെ ഒരു മലയാളിക്കു പ്രാചീനകാവ്യങ്ങൾ ആസ്വദിക്കുവാനും, പുതിയ ശബ്ദങ്ങൾ നിർമ്മിക്കുവാനും സാദ്ധ്യമല്ല. നെടുങ്ങാടി, പാച്ചുമൂത്തത് ശേഷഗിരിപ്രഭു മുതലായ വൈയാകരണന്മാർ അവരുടെ വ്യാകരണ ഗ്രന്ഥങ്ങളിൽ സംസ്കൃത വ്യാകരണവും കലർത്തിയിരുന്നതു് അക്കാരണത്താലാണു്. കേരളപാണിനിയത്തിൽ സംസ്കൃത വ്യാകരണവിധികൾക്ക് സ്വല്പമേ സ്ഥലമനുവദിച്ചിരുന്നുള്ളു. അതിനാൽ സംസ്കൃത ശബ്ദ ശാസ്ത്രത്തെ സാമാന്യമായി ഗ്രഹിക്കുന്നതിനു തക്കതായ ഒരു വ്യാകരണം വേണ്ടതാണെന്നുള്ള തോന്നലിൻ്റെ ഘടകമായിട്ടാണു് ആചാര്യനിൽനിന്നും ഈ ഗീർവാണഗീർവ്യാകരണം ഉത്ഭവിച്ചതു്. ശിക്ഷാകാണ്ഡം, പരിനിഷ്ഠമാകാണ്ഡം, നിരുക്തകാണ്ഡം, ആകാംക്ഷാകാണ്ഡം എന്നിങ്ങനെ വിഭജിച്ച് വക്തവ്യം മുഴുവൻ 702 കാരികകളിലായി ഇതിൽ സംഗ്രഹിച്ചിരിക്കുന്നു. ഇതിലെ കൃദ്ധാതാദി പ്രകരണങ്ങൾ പുതിയ ശബ്ദങ്ങൾ സുശബ്ദങ്ങളായി പ്രയോഗിക്കണമെന്നു വിചാരമുള്ള ഭാഷാപ്രണയികൾ പ്രത്യേകം മനസ്സിരുത്തി പഠിക്കേണ്ടവയാണു്.
