ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

പ്രയോഗദീപിക: ഭാഷയിലെ പദ-വാക്യ പ്രയോഗങ്ങളിലുള്ള സാധുത്വാസാധുത്വങ്ങളെ നിരൂപണം ചെയ്തുകൊണ്ടു് രചിച്ചിട്ടുള്ള ഒരു വ്യാകരണഗ്രന്ഥമാണു് പി. കെ. നാരായണപിള്ളയുടെ പ്രയോഗദീപിക. പാണ്ഡിത്യഭ്രമംകൊണ്ട് സംസ്കൃത പദങ്ങളെ പിടികൂടുന്ന പണ്ഡിതന്മാർക്കും അപണ്ഡിതന്മാർക്കും അബദ്ധം പിണയാതിരിപ്പാൻ ഒരു മാർഗ്ഗദർശിയായിട്ടാണു് പ്രയോഗദിപികയെ ഗ്രന്ഥകാരൻ അവതരിപ്പിച്ചിട്ടള്ളത്. അതിനാൽ സംസ്കൃത പദ പ്രയോഗങ്ങളിലുള്ള സ്ഖാലിത്യങ്ങളെയാണു് ഇതിൽ കൂടുതൽ നിരൂപണം ചെയ്യുന്നതെന്നുള്ളതും പ്രസ്താവയോഗ്യമാകുന്നു. സാമാന്യം വ്യുൽപത്തി സിദ്ധിച്ച ആളുകൾക്കു പ്രയോജനപ്രദമായ ഒരു പ്രമാണഗ്രന്ഥമാണിതെന്നു പറയാം. പ്രയോഗദീപികയെ കർക്കശമായി നിരൂപണം ചെയ്തു കൊണ്ടു് ഈ. വി. രാമൻനമ്പൂതിരി പുറപ്പെടുവിച്ചിട്ടുള്ള ‘പ്രയോഗദീപികാനിരൂപണം’ എന്ന കൃതിയും ഈ അവസരത്തിൽ സ്മരണീയമാണു്.

സംസ്കൃത ഭാഷാവ്യാകരണങ്ങൾ, ബാലപ്രബോധനം: മലയാളികൾ സംസ്കൃത ഭാഷയെ ആദരിച്ചുവരുന്നവരാകകൊണ്ടു് ആ ഭാഷയുടെ നിയമങ്ങളെ പ്രതിപാദിക്കുന്ന ഏതാനും വ്യാകരണങ്ങളും കേരള ഭാഷയിൽ ഉത്ഭവിക്കാതിരുന്നിട്ടില്ല. ‘ബാലപ്രബോധനം’ അവയിൽ ആദ്യത്തേതാണെന്നു തോന്നുന്നു.

കർത്തൃകർമ്മക്രിയാഭേദം–വിഭക്ത്യാർത്ഥാന്തരങ്ങളും
ഭാഷയായിഹ ചൊല്ലുന്നേൻ–ബാലാനാമറിവാനഹം

എന്നുള്ള പ്രസ്താവനകൊണ്ട് അതു ബാലവിദ്യാർത്ഥികൾക്കായി രചിച്ചിട്ടുള്ളതാണെന്നു സ്പഷ്ടമാണല്ലൊ.