ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

മറ്റു വ്യാകരണങ്ങൾ: കേരളപാണിനീയത്തിൻ്റെ കനിയസികളോ സന്താനങ്ങളോ എന്നപോലെ പ്രഥമവ്യാകരണം, മദ്ധ്യമവ്യാകരണം, ശബ്ദശോധിനി എന്നു മൂന്നു വ്യാകരണ ഗ്രന്ഥങ്ങൾ കൂടി ഏ. ആർ. നിർമ്മിച്ചിട്ടുണ്ടു്. ഇവ ഓരോന്നും, പ്രാഥമിക, മാദ്ധ്യമിക, ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാത്ഥികളെ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളവയാണു്. തമ്പുരാൻ്റെ പ്രസ്തുത വ്യാകരണ ഗ്രന്ഥങ്ങൾക്കു ശേഷമേ മലയാളത്തിൽ വ്യാകരണ ഗ്രന്ഥങ്ങളുടെ ന്യൂനതകളെപ്പറ്റിയുള്ള ആക്ഷേപങ്ങൾ ഇല്ലാതായിട്ടുള്ളൂ. ഇന്നു വിദ്യാലയങ്ങളുടെ ആവശ്യത്തിനായി ചിലരെല്ലാം വ്യാകരണങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും, അവ മിക്കവാറും, രാജരാജവർമ്മയുടെ വ്യാകരണ പാഠാവലിയുടെ ഓരോവിധ രൂപാന്തരങ്ങളോ പരിഷ്ക‍ൃതരൂപങ്ങളോ മാത്രമേ ആയിരിക്കുന്നുള്ളു.

വ്യാകരണമിത്രം: സാഹിത്യകുശലൻ എം. ശേഷഗിരിപ്രഭു എം.എ. യുടെ ഒരു വിശിഷ്ടകൃതിയാണു് വ്യാകരണമിത്രം. 1904-ലാണ് ഒന്നാംപതിപ്പു പുറപ്പെട്ടതു്. 1922-ൽ കൂടുതൽ പരിഷ്കാരങ്ങളോടുകൂടി നാലാം പതിപ്പു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. കേരളപാണിനീയം 1896-ൽ പുറപ്പെട്ടപ്പോൾ, അതിനെ നിശിതമായി വിമർശിച്ച ഒരു വൈയാകരണനാണ് ശേഷഗിരിപ്രഭു. ഇദ്ദേഹത്തിൻ്റെ വ്യാകരണമിത്രം ആഗമികപ്രസ്ഥാനത്തിൽ എഴുതിയ കേരളപാണിനീയംപോലെ തന്നെ മലയാള ഭാഷയ്ക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു പ്രാമാണിക ഗ്രന്ഥമാണു്. വിഷയ നിരൂപണം ശീക്ഷ, പദകാണ്ഡം, വാക്യകാണ്ഡം, നിരുക്തകാണ്ഡം എന്നിങ്ങനെ ഗ്രന്ഥവിഷയത്തെ അഞ്ചായി വിഭജിച്ച് ഓരോന്നും സാംഗോപാംഗമായി വിശദീകരിക്കുന്നു. ശിക്ഷാകാണ്ഡത്തിലെ വർണ്ണവിവർത്തനം കൂടുതൽ ശ്രദ്ധേയമാണു്.