ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

എ. ആറിൻ്റെ വ്യാകരണ പാഠാവലി: കേരള പാണിനീയം, ഗുണ്ടർട്ട്, ഗാത്തുവെയ്റ്റ് തുടങ്ങിയ യൂറോപ്യന്മാരും, ഗീവറുഗീസു കത്തനാർ, കോവുണ്ണിനെടുങ്ങാടി തുടങ്ങിയ നാട്ടുകാരും എഴുതിയ വ്യാകരണങ്ങളാണു് കേരളപാണിനീയത്തിൻ്റെ ആവിർഭാവത്തിനു മുമ്പുവരെ കേരളത്തിൽ പ്രചാരത്തിൽ ഇരുന്നതു്. മേല്പറഞ്ഞ കൃതികൾ ഓരോന്നും ഭാഷയുടെ തൽക്കാലസ്ഥിതിക്ക് അനുരൂപങ്ങളായിരുന്നിരിക്കണം. എന്നാൽ, വികാസദശയെ പ്രാപിച്ചുകൊണ്ടിരുന്ന മലയാളഭാഷയുടെ ശക്തിക്കും ശുദ്ധിക്കും യുക്തിക്കും കാലാന്തരത്തിൽ അവ അപര്യാപ്തങ്ങളായിത്തീർന്നു. പ്രതിപാദ്യവിഷയങ്ങളെ ക്രമപ്പെടുത്തി വിശദപ്പെടുത്തുവാൻ മുൻപറഞ്ഞ വ്യാകരണങ്ങൾക്കു വേണ്ടപോലെ കഴിഞ്ഞിരുന്നില്ല. കോവുണ്ണിനെടുങ്ങാടി കേരളഭാഷാഗംഗയെ സംസ്കൃത ഹിമഗിരിഗളിതയുമാക്കിത്തീർത്തിരുന്നു. ഈദൃശമായ ഒരു ഘട്ടത്തിലാണ് പ്രതിഭോജ്ജ്വലനായ പ്രൊഫസർ രാജരാജവർമ്മകോയിത്തമ്പുരാൻ പാണിനിയുടെ ദുർജയങ്ങളായ സൂത്രങ്ങളെ അനുകരിച്ചു് കേരളപാണിനീയം ചമയ്ക്കുവാൻ പുറപ്പെട്ടതു്. അദ്ദേഹത്തിൻ്റെ അശ്രാന്തപരിശ്രമഫലമായി 1071-ൽ പാണിനീയത്തിൻ്റെ രീതിയിൽ സൂത്രനിബദ്ധമായ കേരളപാണിനീയം അദ്ദേഹം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

പക്ഷേ, പ്രസ്തുത രീതിയിൽ കണ്ട ചില ന്യൂനതകളെ ആസ്പദമാക്കി ശേഷഗിരിപ്രഭു മുതലായ പണ്ഡിതാഗ്രണികൾ പല ആക്ഷേപങ്ങളും പുറപ്പെടുവിക്കാൻ തുടങ്ങി. “പാണിന്യാദി പൂർവ്വാചാര്യന്മാരുടേയും അധുനിക ഭാഷാശാസ്ത്രജ്ഞന്മാരുടേയും ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളുടെ വ്യാകരണത്തിൻ്റേയും ആശ്രയത്തോടുകൂടി ഉണ്ടാക്കിയ ഈ വ്യാകരണം വളരെ ശ്ലാഘ്യംതന്നെ. എന്നാൽ എല്ലാ വിഷയങ്ങളേയും സംമ്പൂർണ്ണമായി വിവരിക്കാത്തതുകൊണ്ടും, വിവരിക്കപ്പെട്ടവയിൽ തന്നെ വായനക്കാർക്ക് അറിയാമെന്ന ഭാവനയിൽ വിഷയാന്തരാപേക്ഷ ചെയ്തതുകൊണ്ടും, ഗ്രന്ഥത്തിനു മഹത്തായ കാഠിന്യം വന്നുകൂടി. സംസ്കൃത വ്യാകരണവും, ഇംഗ്ലീഷ്‌ വ്യാകരണവും, ഭാഷാശാസ്ത്രവും പഠിച്ച വിദ്വാന്മാർ മലയാളം പഠിക്കുവാനായിട്ടു തുടങ്ങുന്നതായാൽ അവർക്കു സരളമായ വ്യാകരണം ഇതുതന്നെ എന്നു പറയാം.” ഇത്തരം ഒരു പീഠികയോടുകൂടിയാണ് 1073-ലെ ഭാഷാപോഷിണിയിൽ എം. ശേഷഗിരിപ്രഭു ബി. എ. പ്രസ്തുത ഗ്രന്ഥത്തെ നിരൂപണം ചെയ്യാൻ ആരംഭിച്ചതു്. അഭിമാനധനനായ കോയിത്തമ്പുരാൻ ഈവക നിരൂപണങ്ങളുടേയും മറ്റും വെളിച്ചത്തിൽ വേണ്ട ഭേദഗതികളോടുകൂടി ആ​ഗമികപ്രസ്ഥാനത്തിൽ 1092-ാമാണ്ട് കേരളപാണിനീയം പരിഷ്കരിച്ചു പ്രസിദ്ധപ്പെടുത്തി. ശിഷ്യപ്രധാനന്മാരായ പി. കെ. നാരായണപിള്ള മുതലായവരുടെ ഔത്സുക്യവും തമ്പുരാനു് ഈ പരിഷ്ക്കരണത്തിൽ പ്രചോദനമരുളിയിട്ടുണ്ട്. പരിഷ്ക്കരിച്ചു പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത കൃതിയേക്കാൾ പ്രയോജനപ്രദമായ ഒരു വ്യാകരണം ഭാഷയിൽ ഇതേവരെ ഉണ്ടായിട്ടില്ല. ഗ്രന്ഥത്തിൻ്റെ പീഠികയിൽ കേരളഭാഷയുടെ ഉൽപത്തി, അഭിവൃദ്ധി മുതലായവയെ വിശദീകരിക്കുന്ന ഭാഗം, ചരിത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്നതാകുന്നു.