ഭാഷാവിജ്‌ഞാനിയം (തുടർച്ച)
മലയാള ഭാഷാചരിത്രം: ഈ പ്രസ്ഥാനത്തിൽ മലയാള ഭാഷയിൽ ആദ്യമുണ്ടായ കൃതി തിരുവിതാംകൂർ സർവ്വാധികാര്യക്കാരായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ‘മലയാള ഭാഷാചരിത്ര’മാണു്’. കൊല്ലവർഷം 1056-ാമാണ്ടു് മിഥുന മാസം 28-ാം തീയതിയായിരുന്നു അതിൻ്റെ പ്രസിദ്ധീകരണം. മലയാള ഭാഷാ ഗ്രന്ഥ സമുച്ചയ ചരിത്രം എന്നായിരുന്നു അതിൻ്റെ പൂർണ്ണമായ പേരു്. പ്രസ്തുത പതിപ്പ് ഈ എഴുത്തുകാരനു കാണുവാൻ കഴിഞ്ഞിട്ടില്ല. 1896-ൽ എം. സി. നാരായണപിള്ള ബി. എ. പരിശോധിച്ചു പരിഷ്കരിച്ച പതിപ്പുമാത്രമേ നോക്കുവാൻ സാധിച്ചിട്ടുഉള്ളു. എന്നാൽ ഏ. ഡി. ഹരിശർമ്മയുടെ പരിശ്രമഫലമായി 1956-ൽ കോട്ടയം എൻ. ബി. എസ്സിൽ നിന്നു ‘ഗോവിന്ദപ്പിള്ള എഴുതിയ മലയാള ഭാഷാചരിത്രം’ പുനപ്രകാശനം ചെയ്തപ്പോൾ ഒന്നാംപതിപ്പിനെപ്പറ്റിയും മറ്റും ചെയ്തിട്ടുള്ള വിവരണങ്ങളിൽനിന്നു വസ്തുതകൾ ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അതിലെ പ്രസ്താവനയിൽനിന്ന് ഒരുഭാഗം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
“മലയാള ഭാഷാചരിത്രം 1036-ലാണ് ഒന്നാമതായി പ്രസിദ്ധീകരിക്കപ്പെട്ടത്. അച്ചടി തിരുവനന്തപുരം ‘കേരളവിലാസം’ അച്ചുകൂടത്തിലായിരുന്നു. (ഈശ്വരപിള്ള വിചാരിപ്പുകാർ സ്ഥാപിച്ച അച്ചുക്കൂടമല്ലാ ഗ്രന്ഥകർത്താവുതന്നെ സ്ഥാപിച്ച മറ്റൊരച്ചുക്കൂടമായിരുന്നു അത്.) ഡെമ്മി എട്ടിലൊന്നു വലിപ്പത്തിൽ 165 പേജുള്ള ഒരു ചെറിയ പുസ്തകമായിരുന്നു അതു്. അതിലെ മുഖവുരയും ‘സംഗതിവിവരവും’ ഇതിൽ അന്യത്ര ചേർത്തിട്ടുള്ളതിൽ നിന്നു ആ ചരിത്രത്തിൻ്റെ സാമാന്യസ്വരൂപം വായനക്കാർക്കു മനസ്സിലാക്കാൻ കഴിയും. ഗ്രന്ഥകർത്താവുതന്നെ അതു പരിഷ്ക്കരിച്ചു രണ്ടു വാള്യമാക്കി. ഒന്നാം വാള്യം 1064-ലും രണ്ടാം വാള്യം 1065-ലും പ്രസിദ്ധീകരിച്ചു. രണ്ടിൻ്റേയും അച്ചടി ‘കേരളവിലാസം’ അച്ചുക്കൂടത്തിൽത്തന്നെയായിരുന്നു. രണ്ടുവാള്യവും കൂടി 452 പേജുവരും. ഒന്നാം വാള്യം വീണ്ടും അച്ചടിച്ചതു് (മൂന്നാംപതിപ്പ്) 1896-ലും, അതു് എം. സി. നാരായണപിള്ള ബി. എ. പരിശോധിച്ചു പരിഷ്ക്കരിച്ച രൂപത്തിലുമായിരുന്നു. ‘ശ്രീമൂലരാജവൈജയന്തിക്കമ്പനി’വക അച്ചുകൂടത്തിലാണു് അതച്ചടിച്ചതു്. 1899-ൽ പരവൂർ കേരളഭൂഷണം അച്ചുക്കൂടത്തിൽ നാലാം പതിപ്പും, അച്ചടിച്ചതായി കാണുന്നു. പിന്നീട് അച്ചടിച്ച പുസ്തകങ്ങളിൽ ‘ഇത്രാമത്തെ പതിപ്പു്’ എന്നു ചേർത്തുകാണുന്നില്ല.”
