ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

“അമൂല്യങ്ങളും അവശ്യവിജ്ഞേയങ്ങളുമായ അനവധി വിവരങ്ങൾ അടങ്ങിയ പല താളിയോലഗ്രന്ഥങ്ങളും നിമിഷംതോറും എന്നപോലെ തിരോധാനം ചെയ്യുന്നുണ്ട്. ഒരുകാലത്ത് ഈ ഗ്രന്ഥങ്ങളെ സംഭരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതിൽ കേരളത്തിൽ ഭേദപ്പെട്ട കുടുംബങ്ങളെല്ലാംതന്നെ ഏറെക്കുറെ വ്യാപൃതങ്ങളായിരുന്നു. ആ കാലം ഇങ്ങിനി തിരിയെ വരാതവണ്ണം അസ്തമിച്ചുപോയി. അച്ചടിച്ച പുസ്തകങ്ങൾപോലും വായിച്ച് ആനന്ദിക്കുന്നതിനു് അവസരമില്ലാതെ ഇന്നു യുവാക്കന്മാർക്കു പഴയ ഓലകളോട് എന്തെന്നില്ലാത്ത അവജ്ഞയും വൈരസ്യവും ജനിച്ചിട്ടുണ്ടു്. അതുകൊണ്ടു് അവ ചിതലിനും പാറ്റയ്ക്കും തീറ്റയായി കാലയവനികയ്ക്കുള്ളിൽ എന്നെന്നേക്കുമായി മറഞ്ഞുപോകുന്നു. ഈ സംഭവം അശേഷം അത്ഭുതാവഹമല്ലെങ്കിലും ഏറ്റവും ശോചനീയമാണു്. ഓരോ പുരുഷാന്തരത്തിനും മാതൃഭാഷയുടെ നേർക്ക് അനുഷ്ഠിക്കേണ്ട ചില കർത്തവ്യങ്ങളും നിറവേറ്റേണ്ട ചില കടമകളുമുണ്ടു്. ഇന്നത്തെ പുരുഷാന്തരത്തിനു് ഈ വിഷയത്തിൽ ഒഴിച്ചുകൂടാത്ത ഒരു ധർമ്മമുണ്ടെങ്കിൽ, അതു് ഇത്തരത്തിലുള്ള ഗ്രന്ഥങ്ങളെ തേടിപ്പിടിച്ചു സംഭരിച്ചു് അവ ഉൾക്കൊള്ളുന്ന വിജ്ഞാനഭണ്ഡാരത്തെ സാമാന്യ ജനങ്ങൾക്ക് ഉപന്യാസദ്വാരാഗ്രഹണയോഗ്യമാക്കിത്തീർക്കുകയാണെന്നത്രേ ഞാൻ കരുതുന്നതു്. കഴിഞ്ഞ പുരുഷാന്തരത്തിനു് ഇങ്ങനെ ഒരാവശ്യമില്ലായിരുന്നു; വരാൻപോകുന്ന പുരുഷാന്തരത്തിനും പുരാതന ഗ്രന്ഥങ്ങളുടെ അഭാവത്തിൽ ഈ ഉദ്യമം സാധ്യവുമല്ല. ഇതുകൊണ്ടെല്ലാമാണു് വിശ്രമത്തിനർഹമെന്നു നിങ്ങളിൽ പലരും സമ്മതിക്കുന്ന ഈ വാർദ്ധക്യദശയിൽ ഞാൻ ക്ലേശഭൂയിഷമായ ഈ വ്യവസായത്തിൽ നിരന്തരം ഏർപ്പെട്ടുകൊണ്ടിരിക്കുന്നതു്.” * (ഉള്ളൂർ മഹാകവി, പേജ് 126 -127)

എവിടെനിന്നെല്ലാം തൻ്റെ ഗ്രന്ഥരചനയ്ക്ക് ആവശ്യമായ വിവരങ്ങൾ കിട്ടുമോ, അവിടെനിന്നെല്ലാം അവ സ്വീകരിക്കുവാൻ അദ്ദേഹം മടിച്ചിരുന്നില്ല. ഗ്രന്ഥങ്ങൾ ശേഖരിക്കുക, വിവിധ ദേശങ്ങളിലുള്ള പണ്ഡിതന്മാർക്കു കത്തുകളെഴുതി കൂടുതൽ വിവരങ്ങൾ സമ്പാദിക്കുക എന്നു തുടങ്ങിയവയെല്ലാം അദ്ദേഹത്തിൻ്റെ സാധാരണ കൃത്യങ്ങളായിരുന്നു. അല്പജ്ഞനായ ഈ ലേഖകനുപോലും തൽസംബന്ധമായ കാര്യങ്ങൾക്കായി അനേകം കത്തുകൾ അക്കാലങ്ങളിൽ മഹാകവി അയച്ചുകൊണ്ടിരുന്നു. അവയിലെ ചില ഭാഗങ്ങൾ നോക്കുക: “പ്രിയപ്പെട്ട ചുമ്മാർ, വൃശ്ചികം 27-ാം തീയതി അവിടെനിന്നയച്ച കത്തു വന്നുചേർന്നു. വളരെ സന്തോഷമായി. ആത്മാർത്ഥതയുള്ള ചിരന്തന സുഹൃത്തുക്കളിൽനിന്നു ലേഖനങ്ങൾ കിട്ടുമ്പോൾ ഉണ്ടാകുന്ന ആനന്ദം അവാങ്‌മനസഗോചരമാണെന്നു പറയേണ്ടതില്ലല്ലൊ.”