ഭാഷാവിജ്‌ഞാനിയം (തുടർച്ച)
ആകെ 64 അദ്ധ്യായങ്ങളുള്ളതിൽ പത്തെണ്ണത്തോളം കേരളത്തിലെ സംസ്കൃത സാഹിത്യത്തിൻ്റെ ചരിത്രവും, ബാക്കിയുള്ള 54 അദ്ധ്യായങ്ങൾ ഭാഷാസാഹിത്യത്തെസ്സംബന്ധിച്ച ചരിത്രവുമാണു്. ഭാവി ഗവേഷണത്തിനു പലവിധത്തിലും മാർഗ്ഗം തുറന്നിടുകയും ഉത്തമമായ നിർദ്ദേശങ്ങളും മാതൃകകളും നല്കുകയും ചെയ്യുന്നുവെന്നുള്ളതു് ഈ സാഹിത്യ ചരിത്രത്തിൻ്റെ അനന്യസാധാരണമായ ഒരു സവിശേഷതതന്നെയാണന്നു പറയാം. ഇതുപോലെ മഹത്തും ഗംഭീരവും സർവ്വാംഗ സംപൂർണ്ണവുമായ ഒരു സാഹിത്യ ചരിത്രം മലയാള സാഹിത്യത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനി, അടുത്തകാലത്തെങ്ങും ഉണ്ടാകുമെന്നും തോന്നുന്നില്ല. “ന ഭൂതോ ന ഭവിഷ്യതി” എന്ന വാക്യം ഇവിടെ ഉദ്ധരിക്കാമെന്നുതന്നെ തോന്നുന്നു.
ഗ്രന്ഥനിർമ്മാണം: മഹാകവി കേരള സാഹിത്യ ചരിത്രത്തിൻ്റെ നിർമ്മിതിക്കുവേണ്ടി ചെയ്തിട്ടുള്ള ഭഗീരഥപ്രയത്നം വിചാരിക്കുമ്പോൾ ഭാഷാഭിമാനിയായ ഏതൊരാളും മുകുളിതപാണിയായിത്തീരാതിരിക്കയില്ല. അത്രയേറെ ജീവിതക്ലേശം അനുഭവിച്ചും, സമയം വ്യയം ചെയ്തും എഴുതിയിട്ടുള്ളതാണു് ഈ മഹാഗ്രന്ഥം. മറ്റൊരു കൃതിക്കുവേണ്ടിയും ഇത്രയധികം ബുദ്ധിമുട്ട് അദ്ദേഹം അനുഭവിച്ചിട്ടില്ല. എത്രയെത്ര യാത്രാക്ലേശങ്ങളാണു ഉണ്ടായിട്ടുള്ളതു്! കേരളത്തിലെ കോവിലകങ്ങളിലും പ്രഭുഗൃഹങ്ങളിലും ഉള്ള എത്രയെത്ര ഗ്രന്ഥപ്പുരകളും അവയിലെ എത്രയെത്ര താളിയോല ഗ്രന്ഥങ്ങളുമാണു് അദ്ദേഹം പരിശോധിച്ചിട്ടുള്ളത്! അവയിൽനിന്നു സാഹിത്യ ചരിത്രനിർമ്മാണത്തിനും അത്യന്താപേക്ഷിതങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടവയ്ക്കുമായ ഭാഗങ്ങൾ കുറിച്ചെടുക്കുവാൻ അദ്ദേഹം സഹിച്ചിട്ടുള്ള ക്ലേശങ്ങൾ അവർണ്ണനീയമെന്നേ പറയേണ്ടു. സാധാരണക്കാർക്കു പാഴ്‌വേലയായി തോന്നാവുന്ന മഹാകവിയുടെ ഇത്തരം ഗവേഷണ പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം തന്നെ പറയുന്നതു കേൾക്കുക.
