ഭാഷാവിജ്‌ഞാനിയം (തുടർച്ച)
ഏഴാമദ്ധ്യായത്തിൽ തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ, രാമവർമ്മ എന്നീ മഹാരാജാക്കന്മാരെപ്പറ്റിയും അവരെ ആശ്രയിച്ചുവർത്തിച്ചിരുന്ന അശ്വതിതിരുനാൾ, മച്ചാട്ടിളയതു് തുടങ്ങിയവരെപ്പറ്റിയുമാണു് പ്രതിപാദിക്കുന്നതു്. എട്ടാമദ്ധ്യായത്തിൽ, ചില ലഘു കൃതികളെപ്പറ്റിയും ശാസ്ത്ര ഗ്രന്ഥങ്ങളെപ്പറ്റിയുമാണു് പ്രതിപാദനം. 9 മുതൽ 11 വരെ അദ്ധ്യായങ്ങളിൽ, ആരൂരടിതിരി, എടവട്ടിക്കാട്ടു നമ്പൂതിരി മുതൽ ഇലത്തൂർ രാമസ്വാമി ശാസ്ത്രിവരെയുള്ളവരെപ്പറ്റി പ്രസ്താവിക്കുന്നു. 12-ാമദ്ധ്യായത്തിൽ സ്വാതിതിരുനാളിനെപ്പറ്റിയാണു് പ്രതിപാദിക്കുന്നതു്. അടുത്ത മൂന്നദ്ധ്യായങ്ങളിൽ, വട്ടപ്പിള്ളിൽ ഭാസ്ക്കരൻമുത്തതു്, വൈക്കം പാച്ചു മൂത്തതു്, പടുതോൾ വിദ്വാൻ വാസുണ്ണിമൂസ്സതു് മുതലായവരെപ്പറ്റി പ്രതിപാദിക്കുന്നു. കൊല്ലം 11-ാംശതകത്തിൻ്റെ പൂർവ്വാളത്തിൽ ജീവിച്ചിരുന്ന കൈക്കുളങ്ങരെ രാമവാര്യർ, എണ്ണയ്ക്കാട്ട് രാജരാജവർമ്മ മുതലായവരെപ്പറ്റിയാണു് ഒടുവിലത്തെ അദ്ധ്യായത്തിൽ വിവരിക്കുന്നതു്. ഉള്ളൂരിൻ്റെ കേരളീയ സാഹിത്യ ചരിത്രത്തിൽ സംസ്കൃത കവികളേയും കൃതികളേയും പറ്റി പ്രസ്താവിച്ചിട്ടുള്ളതിൽ നേരിട്ട ചില പ്രമാദങ്ങൾ തിരുത്തുവാനും, കൂടുതൽ വിവരങ്ങൾ നല്കുവാനും വടക്കുംകൂർ ഇതിൽ ഉദ്യമിച്ചിട്ടുണ്ട്.
“കാലത്തിനാൽ നിലവറയ്ക്കകമേ,
കുപാംസു ജാലം പുരണ്ടുടവുവാച്ച കൃതിവ്രജത്തെ”
വളരെ ക്ലേശങ്ങൾ സഹിച്ച് അന്വേഷിച്ചും കണ്ടുപിടിച്ചും പരിശോധിച്ചും ഇത്തരം മഹാഗ്രന്ഥങ്ങൾ നിർമ്മിക്കുവാൻ വ്രതനിഷ്ഠയോടുകൂടി വർത്തിക്കുന്ന ഈ പണ്ഡിതരാജനെ കേരളീയർ എത്രതന്നെ അഭിനന്ദിച്ചാലും മതിയാകുന്നതല്ല.
ഭാഷാ സാഹിത്യ ചരിത്ര സംക്ഷേപം : നല്ലൊരു ഗവേഷകനും സഹൃദയനുമായ പി. കെ. ശിവശങ്കരപ്പിള്ള എം. എ. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണിതു്. ഒന്നാംഭാഗമെ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളു. മലയാളഭാഷയുടെ ഉൽപത്തി മുതൽ എഴുത്തച്ഛനു മുമ്പുള്ള കാലഘട്ടം വരെയുള്ള ചരിത്രമാണു് 1938-ൽ പ്രസിദ്ധപ്പെടുത്തിയ ഈ ഒന്നാംഭാഗത്തിൽ പ്രതിപാദിക്കുന്നതു്. നാടോടിപ്പാട്ടുകളെ സംബന്ധിച്ചു സവിശേഷമായി ഇതിലെ ഒരദ്ധ്യായത്തിൽ ചർച്ചചെയ്തിരിക്കുന്നു. മറ്റു സാഹിത്യ ചരിത്രങ്ങളിലൊന്നിലും അത്രതന്നെ വന്നിട്ടില്ലാത്തതും ഗ്രന്ഥകാരൻ സ്വന്തമായി ഗവേഷണം നടത്തി പ്രതിപാദിക്കുന്നതുമാണ് പ്രസ്തുത ഭാഗം, നാടോടിപ്പാട്ടുകളെ ആധാരമാക്കി മലയാളഭാഷയുടെ ഉൽപത്തിയെക്കുറിച്ചു പ്രത്യേകമായി ഒരു വിചാരണ നടത്താനും ഗ്രന്ഥകാരൻ ശ്രമിക്കാതിരുന്നിട്ടില്ല. എല്ലാവിധത്തിലും കൂടുതൽ ശ്രദ്ധേയമായിട്ടുണ്ട്, ഈ ചരിത്ര ഗ്രന്ഥത്തിലെ പ്രസ്തുത ഭാഗം.
