ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

കോഴിക്കോട്ടു വീദ്യാവിലാസം: മുൻസിഫായിരുന്ന കാളഹസ്തിയപ്പ മുതലിയാർ എന്ന ഒരു പാരദേശികൻ 1036-ൽ (1861) കോഴിക്കോട്ടു സ്ഥാപിച്ച ഒരു അച്ചുക്കൂടമാണു് ‘വിദ്യാവിലാസം’. എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൃതികളും നമ്പ്യാരുടെ തുള്ളലുകളും ഇതിൽനിന്നു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ചെങ്കളത്തു വലിയ കുഞ്ഞിരാമമേനോൻ്റെ ‘കേരളപത്രിക’ ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു് വിദ്യാവിലാസത്തിൽനിന്നുമാണു്.

കൊച്ചി സെന്റ് തോമസ് പ്രസ്സ്: കുന്നങ്കുളത്തു പാറയിൽ ഇട്ടൂപ്പാണ്’ ബ്രിട്ടീഷ് കൊച്ചിയിൽ സ്ഥാപിച്ച പ്രസ്തുത പ്രസ്സിൻ്റെ ഉടമസ്ഥൻ. 1038-ൽ സ്ഥാപിച്ച പ്രസ്തുത പ്രസ്സിൽനിന്നു് എഴുത്തച്ഛൻകൃതികളും മറ്റും അച്ചടിപ്പിച്ചു വിദ്യാവിലാസത്തിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ പ്രചരിപ്പിക്കുവാൻ തുടങ്ങി. ‘കേരളപതാക’ എന്ന പത്രം ആദ്യം അച്ചടിച്ചിരുന്നതും ഈ പ്രസ്സിലായിരുന്നു.

കേരളമിത്രം: ബോംബെയ്ക്കടുത്തു കച്ച് സംസ്ഥാനദേശീയനായ ദേവജിഭീമജി 1042-ൽ (1867) ബ്രിട്ടീഷ് കൊച്ചിയിൽ സ്ഥാപിച്ചതാണു കേരളമിത്രം എന്ന പ്രസിദ്ധമായ പ്രസ്സ്. പുസ്തകം അച്ചടിച്ചു വില്പന നടത്തുക എന്നതായിരുന്നു പ്രധാനലക്ഷ്യം. ശ്രീരാമകൃഷ്ണാമൃതം, രാമായണം, ഭാരതം എന്നുതുടങ്ങിയ പല കൃതികളും അക്കാലത്ത് അതിൽനിന്ന് പ്രസിദ്ധപ്പെടുത്തുകയുണ്ടായി

“നിദാനേ മാധവ പ്രോക്തഃ – സൂത്രസ്ഥാനേതു വാഹട
ശാരീരേ സശ്രുതഃ പ്രോക്ത -ചരകസ്തു ചികിത്സിതേ”

എന്ന ഫലശ്രുതിയാൽ സുപ്രസിദ്ധമാണല്ലോ ‘മാധവനിദാനം’. പ്രസ്തുത കൃതിക്ക് ശാന്തപ്പ വാളികൻ നാരായണവാളികൻ എന്നൊരു പണ്ഡിതൻ ഒരു മലയാള വ്യാഖ്യാനമെഴുതുകയുണ്ടായി. 1058-ൽ ആ വ്യാഖ്യാനഗ്രന്ഥം കേരളമിത്രത്തിൽനിന്നുമാണു് പ്രസിദ്ധപ്പെടുത്തിയതു്. കേരളമിത്രത്തിൻ്റെ പ്രസിദ്ധിക്കു പ്രധാനഹേതുവായിത്തീർന്നതു്, ഇവയൊന്നുമല്ല: 1881 മുതൽ ‘കേരളമിത്രം’ എന്ന പേരിൽ അവിടെനിന്നു നല്ലൊരു മലയാളമാസിക തുടങ്ങി എന്നുള്ളതാണു്.