ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
സക്കാർ അച്ചടിശാലകൾ: ഗവണ്മെൻ്റെുവകയായി കേരളത്തിൽ ഒരു അച്ചുക്കൂടം ആദ്യമായി സ്ഥാപിച്ചതു് 1839-ലായിരുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാളിൻ്റെ നിർദ്ദേശാനുസരണം തിരുവനന്തപുരത്തു സ്ഥാപിച്ചതാണതു്. പ്രസ്തുത പ്രസ്സിൽനിന്ന് 1840-ൽ (1015) തിരുവിതാംകൂർ സക്കാർപഞ്ചാംഗം ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഏതാണ്ടു് ഈ കാലഘട്ടത്തോടടുത്തുതന്നെ കൊച്ചിയിൽ എറണാകുളത്തും സക്കാർ അച്ചുക്കൂടം സ്ഥാപിതമായി. ക്രമേണ അനേകമനേകം അച്ചുക്കൂടങ്ങൾ കേരളത്തിൻ്റെ നാനാഭാഗങ്ങളിലും ഉടലെടുക്കുകയായി.
മററു ചില മുദ്രാലയങ്ങൾ — കേരളവിലാസം: മിഷ്യനറിമാരും ഗവർമെൻ്റെും ഏർപ്പെടുത്തിയ മുദ്രാലയങ്ങളെപ്പാറ്റിയാണ് ഇതേവരെ പ്രസ്താവിച്ചത്. ഇനി മറ്റുചില പഴയ മുദ്രാലയങ്ങളെക്കുറിച്ചുകൂടി നമുക്കീയവസരത്തിൽ അനുസ്മരിക്കാം. കേരളത്തിൽ നാട്ടുകാരായ പൗരന്മാരുടെ വകയായി ഒരച്ചുക്കൂടം ആദ്യമുണ്ടായതു് തിരുവനന്തപുരത്തായിരുന്നു. അതു് ഈശ്വരപിള്ള വിചാരിപ്പുകാർ സ്ഥാപിച്ച ‘കേരളവിലാസ’മാണു’. അന്നു നാടുവാണിരുന്ന ഉത്രംതിരുനാൾ മഹാരാജാവിൻ്റെ ആനുകൂല്യം ആ അച്ചുക്കൂടം സ്ഥാപിക്കുന്നതിൽ വിചാരിപ്പുകാർക്കു സിദ്ധിച്ചിരുന്നു. കൊല്ലം 1028-ാമാണ്ടു് (1853) സ്ഥാപിച്ച പ്രസ്തുത മുദ്രാലയം, 1065-ാമാണ്ടുവരെ നിലനിന്നിരുന്നതായുമറിയുന്നു. ‘വിദ്യാവിലാസിനി’ എന്ന മലയാളത്തിലെ ഒന്നാമത്തെ സാഹിത്യമാസിക കേരള വിലാസത്തിൽനിന്നുമാണു് പുറപ്പെട്ടിരുന്നതു്.
വെസ്റ്റേൺ സ്റ്റാർ: 1860-ാമാണ്ടോടടുത്തു് ബ്രിട്ടീഷ് കൊച്ചിയിൽ സ്ഥാപിച്ച ഒരു പ്രസ്സാണു് ‘Western Star’. കൊച്ചിസംസ്ഥാനത്തു ചിരകാലം എക്സൈസ് കമ്മിഷണറായും, ഒടുവിൽ പോലീസ് കമ്മീഷണറായും ജോലിചെയ്ത് ഉദ്യോഗത്തിലിരിക്കുമ്പോൾത്തന്നെ ചരമഗതിയെ പ്രാപിച്ച എച്ച്. ഡബ്ലിയു. ബ്രൗണിൻ്റെ മാതുലൻ വാക്കർ (Walker) സായിപ്പായിരുന്നു അതിൻ്റെ സ്ഥാപകൻ, ‘ദി വെസ്റ്റേൺ സ്റ്റാർ” എന്നൊരു ആംഗ്ലേയ പ്രതിപക്ഷപത്രവും അദ്ദേഹത്തിൻ്റെ ആധിപത്യത്തിൽ അതിൽനിന്നു പുറപ്പെടുവിക്കയുണ്ടായി. പ്രസ്തുത പ്രസിദ്ധീകരണത്തിൻ്റെ ഒരു അനുബന്ധമായിട്ടാണു് 1864 മുതൽ ‘പശ്ചിമതാരക’ എന്ന ആദ്യത്തെ വൃത്താന്തപത്രം പുറപ്പെട്ടത്. ആൾമാറാട്ടം (1865), നാസികേതുപുരാണം കിളിപ്പാട്ട് (1889) തുടങ്ങിയ ചില മലയാളകൃതികളും, അക്കാലത്തു പ്രസ്തുത പ്രസ്സിൽനിന്നും പ്രസിദ്ധീകരിക്കയുണ്ടായി. വെസ്റ്റേൺ സ്റ്റാർ പത്രത്തിൻ്റെ അവകാശം കുറെ വർഷങ്ങൾക്കുമുമ്പു് തോമസ് പോൾ വാങ്ങുകയും തിരുവനന്തപുരത്തുനിന്നു് അല്പകാലം പത്രം പുറപ്പെടുവിക്കയുമുണ്ടായി എന്നും അറിയുന്നു.
