ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

പുതിയ അച്ചടിശാലകൾ: ജസ്വീറ്റു മിഷ്യനറിമാരുടെ കാലത്ത‍ ഇതിനുമുമ്പു സൂചിപ്പിച്ചതുപോലെ കൊച്ചി, വൈപ്പിൻകോട്ട, കൊടുങ്ങല്ലൂർ, അമ്പഴക്കാട് മുതലായ സ്ഥലങ്ങളിൽ അച്ചടിയും പ്രസിദ്ധീകരണവും ആരംഭിച്ചുവെങ്കിലും ആ നൂതനസംരംഭങ്ങൾക്കു കേരളത്തിൽ വേണ്ടത്ര പ്രചാരം സിദ്ധിച്ചിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിൻ്റേയും, ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിൻ്റെയും ആരംഭത്തോടുകൂടിയാണു് ഈ വ്യവസായത്തിനു ശീഘ്രതരമായ പുരോഗതി ഉണ്ടായിട്ടുള്ളതു്. അക്കാലം മുതൽ കേരളത്തിൻ്റെ പല ഭാഗങ്ങളിലും അച്ചടിശാലകൾ സ്ഥാപിതമായിത്തുടങ്ങി. ക്രമേണ ഓരോന്നും പരിഷ്കൃതരീതിയെ പ്രാപിക്കയും ചെയ്തുതുടങ്ങി. തിരുവിതാംകൂറിലെ ലക്ഷ്മീറാണിയുടെ കാലത്തു * (കൊച്ചിരാജ്യചരിത്രം, ഒന്നാം പുസ്തകം, പേജ് 569-570)

റസിഡണ്ടായിരുന്ന കർണ്ണൽ മണ്ട്റോയുടെ ആനുകൂല്യത്തോടുകൂടി സി. എം. എസ്സുകാർ കോട്ടയത്തു് ഒരു സിമ്മനാരി സ്ഥാപിക്കുകയും, അതിൻ്റെ ആഷിമുഖ്യത്തിൽ 1821-ൽ ഒരു പ്രസ്സും അതിൻ്റെ പ്രവർത്തനവും ആരംഭിക്കയും ചെയ്തനോടുകൂടിയാണ് ഈ പ്രസ്ഥാനം കേരളത്തിൽ വേരുറച്ചതെന്നു പറയുന്നതിൽ തെററില്ല. മഹാനായ റവ: ബയിലിയായിരുന്നു സി. എം. എസ്സ്. പ്രസ്സിൻ്റെ സ്ഥാപകൻ. കേരളത്തിൽ ആദ്യഘട്ടത്തിലുണ്ടായ അച്ചടിശാലകൾ എല്ലാംതന്നെ ഇങ്ങനെ ഒരോ മിഷനറിമാർ സ്ഥാപിച്ചവയായിരുന്നു. കോട്ടയം, കൂനാമാവ്, വരാപ്പുഴ, മാന്നാനം, മംഗലാപുരം മുതലായവ ആധുനിക യുഗത്തിലെ ആദ്യത്തെ മുദ്രണാലയകേന്ദ്രങ്ങളായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ.