ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

1679-ൽ അമ്പഴക്കാട്ടുവച്ച് ഒരു പോർട്ടുഗീസ്-തമിഴ് നിഘണ്ടു അച്ചടിക്കുകയുണ്ടായി. ഇതിൽ പോർട്ടുഗീസ് അക്ഷരങ്ങളുടെ അച്ചുകൾ പ്രത്യേകം പ്രത്യേകം വെവ്വേറെ ഉള്ളതായിരുന്നു. തമിഴ്ഭാഗം ഒന്നായി മരത്തിൽ കൊത്തിയിരുന്നതിനാൽ മഷി പരന്നു വൃത്തികേടായിപ്പോയി. അമ്പഴക്കാട്ടു സെയിൻ്റു പോൾ വിദ്യാലയത്തിൽവച്ചു വളരെ മലയാളം പുസ്തകങ്ങൾ അച്ചടിക്കുക ഉണ്ടായി. എന്നാൽ അവയെല്ലാം ടിപ്പുസുൽത്താൻ്റെ ആക്രമണത്തിൽ നശിപ്പിച്ചു കളഞ്ഞതായി ഡാക്ടർ ബർണൽ പറയുന്നു.

“ഇങ്ങനെ മലയാളത്തിലും തമിഴിലും ആദ്യമായി അച്ചടി നടന്നതു കൊച്ചിരാജ്യത്തിലുൾപ്പെട്ട ഒരു സ്ഥലത്തുവെച്ചായിരുന്നു എന്നുള്ളതിനെ നമുക്ക് ഒരിക്കലും വിസ്മരിച്ചുകൂടാ.” * (കൊച്ചിരാജ്യചരിത്രം, ഒന്നാം പുസ്തകം, പേജ് 569-570)

സംക്ഷേപവേദാർത്‌ഥം: മലയാള അക്ഷരങ്ങളെക്കൊണ്ടുതന്നെ ഒരു ഗ്രന്ഥം ആദ്യമായി അച്ചടിച്ചതു റോമിൽവച്ചായിരുന്നുവെന്നും, അതു സംക്ഷേപ വേദാർത്ഥമായിരുന്നുവെന്നും രണ്ടാമദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. എന്നാൽ അതിനുമുമ്പായി വളരെ ‘മലയാളം പുസ്തകങ്ങൾ’ അമ്പഴക്കാട്ട് അടിച്ചുവെന്നുള്ള പത്മനാഭമേനോൻ്റെ അഭി പ്രായത്തിനു് ആധാരമായിട്ടുള്ളതു ബർണലിൻ്റെ പ്രസ്താവം മാത്രമാണു്. ടിപ്പുവിൻ്റെ ആക്രമണകാലത്തു് അമ്പഴക്കാട്ടുണ്ടായിരുന്നവയെല്ലാം നശിച്ചാലും അവയുടെ ഏതെങ്കിലും പ്രതികൾ വരാപ്പുഴ മിഷ്യനറിമാർ പ്രവർത്തിച്ചിരുന്ന മററുകേന്ദ്രങ്ങളിൽ എവിടെയെങ്കിലും കാണേണ്ടതായിരുന്നു. അങ്ങനെയുള്ള ഒരനുഭവമാകട്ടെ, വരാപ്പുഴ മിഷ്യനറിമാരുടെ മറേറതെങ്കിലും രേഖകളാകട്ടെ നമുക്കിതേവരെ ലഭിച്ചിട്ടുമില്ല. അതിനാൽ ബർണലിൻ്റെ പ്രസ്താവം ഒരു അഭ്യൂഹം മാത്രമായി കരുതുവാനേ തരമുള്ളു. സംക്ഷേപവേദാർത്ഥം അച്ചടിച്ചതിനെത്തുടർന്നു മലയാള അക്ഷരങ്ങൾ ആയിടയ്ക്കു റോമിൽനിന്നുതന്നെയാണു് ഇവിടെ കൊണ്ടുവന്നതു് എന്ന വസ്തുതയിലേക്കു കടന്നുപോവുകയാണു് ഏതുകൊണ്ടും ഉത്തമമായിട്ടുള്ളതു്. മലയാള ഗ്രന്ഥങ്ങൾ അച്ചടിക്കാവുന്ന അച്ചുകളും അച്ചടി ശാലകളും ആവിർഭവിച്ചതോടുകൂടി കേരളത്തിലെ ഭാഷാഭിവൃദ്ധിയിൽ വന്ന മാറ്റങ്ങൾ വിസ്മയാവഹമെന്നേ പറയാവൂ.