ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
1927-ൽ ഇടപ്പള്ളിയിൽ വച്ചു നടന്ന സാഹിത്യപരിഷത്സമ്മേളനത്തിലെ പ്രസംഗങ്ങളും മററും ഉള്ളടക്കി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘സാഹിത്യപ്രഭവം’, വേറെയും പത്തു സമ്മേളനങ്ങളിലെ ‘റിപ്പോർട്ടുകൾ’, 1950-ൽ പ്രസിദ്ധപ്പെടുത്തിയ മലയാളമനോരമയുടെ വജ്രജൂബിലിസ്മാരകഗ്രന്ഥം, 1957-ൽ പ്രസിദ്ധപ്പെടുത്തിയ കോട്ടയം പരിഷത്തു സുവനീർ, 1961-ൽ മലബാർമെയിൽ പ്രസിദ്ധപ്പെടുത്തിയ ജൂബിലി സുവനീർ, 1962-ൽ ദീപിക പ്രസിദ്ധപ്പെടുത്തിയ 75-ാംവർഷം ഡയമണ്ട് ജൂബിലി സ്മാരകഗ്രന്ഥം എന്നുതുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഈയവസരത്തിൽ സ്മരണയിൽ വന്നുചേരുന്നു. അതുപോലെതന്നെ കൊച്ചി രാമവർമ്മ അപ്പൻ തമ്പുരാൻ ഷഷ്ടിപൂത്തിസ്മാരകമായി കൊല്ല വർഷം 1111-ൽ തൃശ്ശിവപേരൂർ സഹൃദയ സമാജം പ്രസിദ്ധീകരിച്ച ‘കുസുമാഞ്ജലി’, കേരളവർമ്മദേവൻ്റെ ശതവർഷാഘോഷക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 1946-ൽ കൊല്ലം ശ്രീരാമവിലാസം പ്രസ്സിൽനിന്ന് കെ. ജി. പരമേശ്വരൻപിള്ള പ്രസാധനം ചെയ്തിട്ടുള്ള ‘കേരളവർമ്മസ്മാരകം ഉപഹാരമാല’, കൊല്ലം ശ്രീരാമവിലാസം പ്രസ്സിൽ അച്ചടിച്ച് 1950-ൽ പെരുമ്പാവൂർ പി. ജി. നാരായണപിള്ള പ്രസാധനംചെയ്തിട്ടുള്ള ശ്രീചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി രജതജൂബിലി സ്മാരക ‘ഉപഹാരമാലികാ’, 1951-ൽ ഫോർട്ടുകൊച്ചിയിൽനിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള ‘മഹാകവി പള്ളത്ത് സ്മാരകോപഹാരം’, 1951-ൽ പാവറട്ടി സംസ്കൃതകോളേജിൽനിന്നു പി. ടി കുരിയാക്കു ഷഷ്ടി പൂർത്തി സ്മാരകമായി പുറപ്പെടുവിച്ചിട്ടുള്ള ‘സാഹിത്യദീപിക’, 1952-ൽ എടക്കൊച്ചിയിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള ‘കറുപ്പൻ സ്മാരകസോവനിയർ’, ആശാൻ സ്മാരകഗ്രന്ഥം, ഉള്ളൂർസ്മാരകഗ്രന്ഥം, വള്ളത്തോൾ സപ്തതി ഉപഹാരഗ്രന്ഥം, സഞ്ജയൻ സ്മാരകഗ്രന്ഥമായ ‘ഹാസ്യപ്രകാശം’, നാലപ്പാട്ടു ഷഷ്ടിപൂർത്തി ‘ഉപഹാരഗ്രന്ഥം’, കെ. എം. പണിക്കർ ഷഷ്ടിപൂർത്തിസ്മാരകഗ്രന്ഥം, പുത്തേഴത്തു രാമമേനോൻ്റെ സപ്തതി സ്മാരകഗ്രന്ഥമായ ‘കാഴ്ചപ്പാടുകൾ’, ശ്രീനാരായണഗുരു ശതവാർഷിക സ്മാരക ഗ്രന്ഥം, കെ. അയ്യപ്പൻ്റെ സപ്തതി സ്മാരകമായ ‘സഹോദരസപ്തതി’, ജി. ശങ്കരക്കുറുപ്പിൻ്റെ ഷഷ്ടിപൂർത്തി സ്മാരകമായ ‘ജീയും സാഹിത്യവും’, സി ജെ. സ്മാരകഗ്രന്ഥം, വടക്കുംകൂർ സപ്തതി ഉപഹാരസ്മാരക ഗ്രന്ഥം, എൻ ഗോപാലപിള്ളയുടെ ഷഷ്ടിപൂത്തി ‘മംഗളോപഹാരം’, പണ്ഡിതകവി കെ. കെ. പണിക്കർ ഷഷ്ടിപൂർത്ത്യോപഹാരം, വെണ്ണികുളം ഷഷ്ടിപൂർത്തിസ്മാരകഗ്രന്ഥമായ ‘തങ്കത്താലം’, മന്നം ശതാഭിഷേകോപഹാരം, ഏ. ഡി. ഹരിശർമ്മ സപ്തതിസ്മാരകഗ്രന്ഥം, പി. കെ. പരമേശ്വരൻ നായർ ഷഷ്ട്യബ്ദപൂർത്തി ഉപഹാരം എന്നിങ്ങനെയുള്ളവയും ഈ ഇനത്തിൽ പ്രത്യേകം എടുത്തുപറയത്തക്കവയത്രെ.
ഇപ്പറഞ്ഞവയ്ക്കുപുറമെ കോളേജുമാസികകൾ, വിദ്യാലയമാസികകൾ. തുടങ്ങിയവയും നമ്മുടെ ശ്രദ്ധയെ അർഹിക്കുന്നവയായുണ്ട്. അത്തരം പ്രസിദ്ധീകരണങ്ങളും ഭാഷായോഷയ്ക്ക് അണിയുവാൻ പറ്റിയ ആഭരണങ്ങൾ കരുപ്പിടിച്ചിട്ടുള്ളവയാണെന്നു മൊത്തത്തിൽ പറയുവാനേ ഇവിടെ നിവൃത്തിയുള്ളു.
