ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

വിശേഷാൽപ്രതികൾ: ഓരോ വിശേഷാവസരങ്ങളെ മുൻനിറുത്തി നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ വകയായി വളരെയധികം വിശേഷാൽ പ്രതികൾ പുറപ്പെട്ടിട്ടുണ്ട്. പലതും വളരെ പ്രയോജനപ്രദങ്ങളുമാണു്. വിശേഷാൽപ്രതികൾ എന്നൊരു സമ്പ്രദായം മലയാളത്തിൽ ആദ്യമായാരംഭിച്ചതു കവനകൗമുദീപ്രവർത്തകന്മാരാണെന്നു തോന്നുന്നു. “ഭാഷാസാഹിത്യലോകത്തിൽ വിശേഷാൽ പ്രതികൾ പ്രസിദ്ധപ്പെടുത്തുക എന്ന സമ്പ്രദായം തുടങ്ങിവെച്ചതു കൗമുദിപ്രവർത്തകന്മാർ തന്നെയാണല്ലൊ. അതിനുശേഷം പലരും ആ പ്രസ്ഥാനം അനുകരിക്കുവാനും അനുസരിക്കുവാനും പുറപ്പെട്ടുകാണുന്നതു തന്നെ അതിൻ്റെ ഔചിത്യത്തിന്നു മതിയായൊരു തെളിവായി വിചാരിക്കാം… ഭാഷാവിലാസത്തിൻ്റെ ഓരോ ഭാഗവും ഭാഷയ്ക്കുണ്ടാകുന്ന അഭിവൃദ്ധിയുടെ ഒരു സൂക്ഷ്മമായ മാനദണ്ഡമാക്കിത്തീർക്കണമെന്നാണെന്നു പതിനാറുസംവത്സരങ്ങൾക്കു മുമ്പ് പ്രസിദ്ധപ്പെടുത്തിയ ഇതിൻ്റെ പ്രഥമ സഞ്ചിക മുതൽക്കു പരിശോധിച്ചാൽ പ്രത്യക്ഷപ്പെടുന്നതാണു്” എന്നിങ്ങനെ 1929-ൽ പ്രസിദ്ധപ്പെടുത്തിയ ‘ഭാഷാവിലാസം’ 9-ാം പുസ്തകത്തിൻ്റെ പ്രസാധകനായ പി. വി. കൃഷ്ണവാരിയർ എഴുതിയിട്ടുള്ള പ്രസ്താവന നോക്കുക. മലയാളമനോരമ, സാഹിത്യപരിഷത്തു തുടങ്ങിയ പത്രമാസികകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന വാർഷികപ്പതിപ്പുകൾ ഇവിടെ പ്രത്യേകം എടുത്തുപറയത്തക്കവയാണു്.

സ്മാരകഗ്രന്ഥങ്ങൾ: ആത്മകഥകൾ. സ്മരണകൾ എന്നുതുടങ്ങിയവയെപ്പോലെതന്നെ അനുസ്മരിക്കപ്പെടേണ്ട ഒരു വിഭാഗമാണു് സ്മാരക ഗ്രന്ഥങ്ങൾ. ജീവചരിത്രം, തൂലികാചിത്രം, അനുസ്മരണം, നിരൂപണം തുടങ്ങി സാഹിത്യവിഭാഗത്തിലെ പല അംശങ്ങളും ഓരോന്നിലും കാണാം. അത്തരത്തിലുള്ള സ്മാരകഗ്രന്ഥങ്ങളിൽ ചിലതിൻ്റെ പേർ പറഞ്ഞു പോകുവാൻമാത്രമേ ഇവിടെ മുതിരുന്നുള്ളൂ.