ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

ദീപിക ആഴ്ചപ്പതിപ്പു്: കോട്ടയത്തുനിന്നു് 1947 ഡിസംബർ മുതൽ ഏതാനും വർഷങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു വാരികയാണു് ദീപിക. ശ്രദ്ധേയങ്ങളായ പല ലേഖനങ്ങളും അക്കാലത്തു് അതിൽ പ്രസിദ്ധപ്പെടുത്തിവന്നു.

കൗമുദി: 1124 (1949) മുതൽ തിരുവനന്തപുരത്തു പേട്ടയിൽനിന്നു കെ. ബാലകൃഷ്ണൻ്റെ ആധിപത്യത്തിൽ ആരംഭിച്ച ഒരു വാരികയാണു് കൗമുദി. ബാലകൃഷ്ണൻ്റെ പത്രാധിപക്കുറിപ്പുകൾ പലതും ശ്രദ്ധേയങ്ങളാണു്. ചൈതന്യസമുജ്ജ്വലങ്ങളായ ലേഖനങ്ങളും പതിവായി ചേർത്തുകാണാറുണ്ട്.

നവയുഗം : 1950-ൽ മലബാർ കെ. ദാമോദരൻ എറണാകുളത്തു നിന്നു് ആരംഭിച്ച ഒരു വാരികയാണു് നവയുഗം. രാഷ്ട്രീയ കാര്യങ്ങൾക്കാണു് പ്രാധാന്യം കല്പിക്കാറുള്ളതെങ്കിലും സാഹിത്യപരമായ ചിന്തകളും വിമർശനങ്ങളും അതിൽ ഇടകലർന്നു കാണാം. പ്രസ്തുതവാരിക ഇപ്പോൾ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധപ്പെടുത്തിവരുന്നു.

ജനയുഗം: 1958 ജനുവരി മുതൽ കൊല്ലത്തു ജനയുഗം പ്രസ്സിൽ നിന്നു പ്രസിദ്ധപ്പെടുത്തിവരുന്ന സാഹിത്യപ്രധാനമായ ഒരു വാരികയാണു് ജനയുഗം. ആർ. ഗോപിനാഥൻനായരാണു് അതിൻ്റെ പത്രാധിപർ.