ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
ആഴ്ചപ്പതിപ്പുകൾ: മാസികകളോടൊപ്പം തന്നെ ആഴ്ചപ്പതിപ്പുകൾ: സ്മാരകഗ്രന്ഥങ്ങൾ, വിശേഷാൽ പ്രതികൾ എന്നിവയും നമ്മുടെ പ്രത്യേക ശ്രദ്ധയിൽ പെടേണ്ടവയത്രെ.
മാതൃഭൂമി : ആഴ്ചപ്പതിപ്പുകളുടെ പേർ പറയുമ്പോൾ നമ്മുടെ ശ്രദ്ധയിൽ ആദ്യം എത്തുപെടുന്നതു്, കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പാണു്. 1932 ജനുവരി മുതൽക്കാണു് അതിൻ്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. ഇത്രയും ദീർഘകാലം തുടർച്ചയായി നിലനിന്നിട്ടുള്ള മറെറാരാഴ്ചപ്പതിപ്പു് മലയാളത്തിൽ വേറെയുണ്ടെന്നു തോന്നുന്നില്ല. അച്ചടിയും കെട്ടും മട്ടും ഉള്ളടക്കവും എല്ലാംതന്നെ ഇന്നത്തെ സാമാന്യജനങ്ങളെ സവിശേഷം ആകർഷിക്കുവാൻ പോരുന്നവയാണു്. കഥാകുതുകികളെ അതു കൂടുതൽ ആകർഷിക്കാറുണ്ടു്. കേരളത്തിലും പുറമേയും അതിനു വളരെയധികം പ്രചാരം സിദ്ധിച്ചിട്ടുമുണ്ടു്.
മലയാളരാജ്യം ആഴ്ചപ്പതിപ്പു്: 1109 ചിങ്ങം 26-ാം തീയതി (1934) മുതൽ കൊല്ലത്തുനിന്നു പ്രസിദ്ധീകരിച്ചുവരുന്ന മലയാളരാജ്യം ആഴ്ചപ്പതിപ്പും സ്മരണാഹമാണു്. സാഹിത്യത്തിനു പല സംഭാവനകളും നല്കാൻ അതിനു സാധിക്കുന്നുണ്ട്. ത്രിലോകസഞ്ചാരി എന്ന ഗൂഢനാമത്തിൽ ഈ. വി. കൃഷ്ണപിള്ള ആരംഭകാലത്തു ചിരിയം ചിന്തയും കലർന്ന വളരെയധികം ലേഖനങ്ങൾ ഈ വാരികയിൽ എഴുതിക്കൊണ്ടിരുന്നു.
മലയാളമനോരമ ആഴ്ചപ്പതിപ്പു്: 1113 ചിങ്ങം 13-ാംതീയതി (1938) മുതൽ കോട്ടയത്തുനിന്നു പുറപ്പെട്ടു. ഈ. വി. കൃഷ്ണപിള്ളയായിരുന്നു ആഴ്ചപ്പതിപ്പിൻ്റെ ആധിപത്യം അക്കാലത്തു വഹിച്ചിരുന്നതു്. മലയാളരാജ്യത്തിലെ ത്രിലോകസഞ്ചാരിയായ ഈ. വി., മനോരമയിലേക്കു കടന്നപ്പോൾ ‘നേത്രരോഗി’യായിച്ചമഞ്ഞു. നേത്രരോഗിയുടെ ആധിപത്യത്തിൽ ആരംഭിച്ച ആഴ്ചപ്പതിപ്പ് അചിരേണ അസ്തംഗതമായി പിന്നീട് 1124 ചിങ്ങം 6-ാം തീയതി (1948) മുതൽ വീണ്ടും ആരംഭിച്ചു. എന്നാൽ പിന്നെയും മുടങ്ങി. 1956 ഫെബ്രുവരി മുതൽ കളത്തിൽ വറുഗീസിൻ്റെ ആധിപത്യത്തിൽ പുനരാരംഭിച്ച മനോരമ ആഴ്ചപ്പതിപ്പു് ഇന്ന് വളരെ പുരോഗതിയിൽ എത്തിച്ചേർന്നിരിക്കയാണു്. ലക്ഷക്കണക്കിനാണു് അതിൻ്റെ പ്രതികൾ ഇന്നച്ചടിച്ചുകൊണ്ടിരിക്കുന്നതു്.
ജയകേരളം: ജയകേരളം വാരിക 1946 ജനുവരി മുതൽ മദിരാശിയിൽനിന്ന് ആരംഭിച്ചു അതിൻ്റെ സ്ഥാപകനും ആദ്യത്തെ പത്രാധിപരും കെ. പത്മനാഭൻനായരായിരുന്നു. ‘ജനതാ പ്രിൻ്റിംഗ് ആൻറ് പബ്ലീഷിംഗ് കമ്പനി, അതിൻ്റെ സ്വതന്ത്രമായ പ്രസിദ്ധീകരണത്തിനായി, ഡോ. സി. ആർ. കൃഷ്ണപിള്ളയുടെ സഹായത്തോടെ സ്ഥാപിച്ചു. ഇന്നു പ്രസ്തുത വാരികയുടെ പത്രാധിപർ സി. കെ. അപ്പുക്കുട്ടിഗുപ്തനാണു്. രാഷ്ട്രീയവും, സാംസ്‌കാരികവും, സാഹിത്യപരവുമായ നല്ല ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു നല്ല വാരികയാണു് ജയകേരളം.
