ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

വിശാലകേരളം: ബോംബെ മലയാളികളുടെ സംഘടനയായ മലയാള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധപ്പെടുത്തിവരുന്ന ഒരു ത്രൈമാസികമാണു്’ ‘വിശാലകേരളം’. ബോംബെമലയാളികളുടെ കലാവാസനയെ വളർത്തുവാൻ ഈ പ്രസിദ്ധീകരണം വളരെ ഉപകരിക്കുന്നുണ്ട്.

പുലരി : കൽക്കട്ടാ മലയാളികളുടെ വകയാണു’ ‘പുലരി’. അതും 1949 ഫെബ്രുവരി മുതൽ ആരംഭിച്ചിട്ടുള്ള ഒരു ദ്വൈമാസികമാണു്.

ജയഭാരതം: കേരളത്തിലെ നല്ല സാഹിത്യമാസികകളിൽ ഒന്നത്രെ ‘ജയഭാരതം’. 1949 ജനുവരി മുതൽ ദ്വൈമാസികമായി ആരംഭിച്ചു. 1950 മുതൽ മാസികയായി പ്രസിദ്ധീകരിച്ചുതുടങ്ങി. തേവര നിന്നുമാണു് പ്രസ്തുതമാസിക ആരംഭിച്ചതു്. ഇപ്പോൾ പ്രഫ്‌സർ പി.സി. ദേവസ്യയുടെ ആധിപത്യത്തിൽ അതു തിരുവനന്തപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കയാണു്.

തുഞ്ചത്തെഴുത്തച്ഛൻ : തുഞ്ചത്താചാര്യരുടെ സ്മാരകമായി 1125 മേടം മുതൽ പി. ആർ മോനാൻ തൃശ്ശിവപേരൂർ വിദ്യാവിനോദിനി പ്രസ്സിൽ അച്ചടിച്ചു ചിററൂരുനിന്നു പ്രസിദ്ധപ്പെടുത്തിവരുന്ന ഒരു മാസികയാണിത്.

ഭാഷാത്രൈമാസികം: തിരുവിതാംകൂർ സർവ്വകലാശാലാ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 1950 ജനുവരി മുതൽ പ്രസിദ്ധപ്പെടുത്തിവരുന്ന ഒരു ത്രൈമാസികമാണിതു്. ‘ഉണ്ണിയച്ചീചരിതം’ തുടങ്ങിയ പല പ്രാചീനകൃതികളും പ്രസ്തുത മാസികവഴി പ്രസിദ്ധികരിച്ചിട്ടുണ്ടു്.

ഇനിയും അനേകം മാസികകളെപ്പറ്റി പ്രസ്താവിക്കുവാനുണ്ടു്. കഥാകൗമുദി, കലാനിധി, കോട്ടയം മാസിക, പാരിജാതം, ലോകവാണി, സമീക്ഷ, തിലകം തുടങ്ങിയ സാഹിത്യമാസികകൾ; സിനിമാമാസിക; സഞ്ജയൻ, വിദൂഷകൻ, സരസൻ. നർമ്മദ തുടങ്ങിയ വിനോദമാസികകൾ എന്നിവയെല്ലാം ഇവിടെ പരിഗണനാർഹങ്ങളാണു്.