ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
രാജർഷി: സ്ഥാനത്യാഗം ചെയ്ത കൊച്ചിമഹാരാജാവിൻ്റെ സ്മാരകമായി തൃശ്ശിവപരൂർനിന്നു കുടമാളൂർ കെ. കെ. ഗോപാലപിള്ള 1109 മുതൽ ഏതാനും വർഷങ്ങൾ നടത്തിയിരുന്ന ഒരു നല്ല സാഹിത്യ മാസികയാണു് രാജർഷി.
സഹൃദയ: തിരുവനന്തപുരത്തുനിന്നു 1936 മുതൽ (1111 കന്നി). പ്രസിദ്ധപ്പെടുത്തിവന്ന ഒരു സാഹിത്യമാസികയാണ് സഹൃദയ. സാഹിത്യപഞ്ചാനനൻ, പി. കെ., ഡോ. ഗോദവർമ്മ തുടങ്ങിയ ഏതാനും വിദഗ്ദ്ധന്മാരുടെ ആധിപത്യത്തിലാണ് അതു നടന്നുവന്നതു്. കുറച്ചുകാലമേ പ്രസിദ്ധപ്പെടുത്തിയുള്ളവെങ്കിലും സാഹിത്യത്തിനു പല സംഭാവനകളും അതു നല്കുകയുണ്ടായി. വീരരാഘവപ്പട്ടയും, രാമപാണിവാദൻ, ഉണ്ണുനീലിസന്ദേശം എന്നീ വിഷയങ്ങളെപ്പറ്റി സഹൃദയയിൽ നടത്തിയിരുന്ന ചർച്ചകൾ അക്കാലത്തു പല പണ്ഡിതന്മാരുടെയും ശ്രദ്ധയെ ആകർഷിക്കുന്നവയായിരുന്നു. പി. കെ യുടെ ‘സ്മരണമണ്ഡലം’ പ്രസ്തുതമാസികയിൽക്കൂടിയാണു് ജന്മമെടുത്തതു്.
സ്കൂൾമാസ്റ്റർ: 1938 മുതൽ ഏതാനും വർഷങ്ങൾ മാത്യു കുഴിവേലിയുടെ ആധിപത്യത്തിൽ പാലായിൽനിന്നു പ്രസിദ്ധപ്പെടുത്തിവന്ന ഒരു മാസികയാണിതു്. ഗുരുനാഥനെപ്പോലെതന്നെ വിദ്യാഭ്യാസപരമായ വിജയങ്ങൾക്ക് പ്രസ്തുത മാസികയിൽ പ്രാമുഖ്യം നല്കിയിരുന്നു.
ഗ്രന്ഥാലോകം: ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമാണ് ഗ്രന്ഥാലോകം. 1948 ജനുവരി മുതൽ അതു തിരുവനന്തപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഗ്രന്ഥശാലാപ്രവർത്തകർ അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങളും പുസ്തക നിരൂപണങ്ങളും ഒരോ ലക്കത്തിലും കാണാം.
