ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
“ഗ്രന്ഥത്തിൻ്റെ ടൈററിൽപേജിൽ കാണുന്നത് Horti Malabarici എന്നാണു്. ഫുൾസ്കേപ് ഹോളിയോ വലിപ്പത്തിൽ (13.5 × 2.5) ഏകദേശം 500 പേജുകൾ വിതം അടങ്ങിയ 12 വാല്യങ്ങളായിട്ടാണു്, ഈ മഹാഗ്രന്ഥം മുഴുമിച്ചിരിക്കുന്നതു്. കേരളത്തിലെ പുല്ലുവർഗ്ഗം, ചെറുചെടികൾ, ചെടികൾ, ചെറുവൃക്ഷങ്ങൾ, വൻവൃക്ഷങ്ങൾ എന്നിങ്ങനെ കേരളീയ സസ്യജാലങ്ങളെ സാമാന്യം സമ്പൂർണ്ണമായിത്തന്നെ ഈ ഗ്രന്ഥപരമ്പരയിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇല, പൂവു്, കായ്, വേരു് തുടങ്ങിയ സസ്യവിഭാഗങ്ങളുടെ ആകർഷണീയമായ അനേകം ചിത്രങ്ങളും ഇതിലുൾപ്പെടുന്നു. 12 വാല്യങ്ങളിലുംകൂടെ 7946 രമണീയചിത്രങ്ങളാണുള്ളതു്… പുസ്തകത്തിൻ്റെ ടൈറ്റിൽപേജിൽ ഫാദർ മാത്യൂസിൻ്റെ പേരു് കാണുന്നില്ല. ഹെൻറിക്ക് വാൻറീഡ്, എബ്രഹാമൂസ് എപുട്ടു, ജോണീസ് കെമലിനൂസ് എന്നിങ്ങനെ മൂന്നു പേരുകൾ ആണു് ടെറ്റിൽപേജിൽ കാണുന്നതു്. എബ്രഹാമൂസ് ലത്തീൻപരിഭാഷയുടെ കർത്താവും, ജോണീസ് ചിത്രകാരനും വ്യാഖ്യാതാവും ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ടു്. രംഗഭട്ടൻ, വിനായകപണ്ഡിതൻ, അപ്പുഭട്ടൻ എന്നീവരുടെ ഭാഗഭാഗിത്വം അവരുടെ ഒരു പ്രസ്താവനയിലൂടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. ആ പ്രസ്താവന നാഗരലിപികളിലാണു്. ഇട്ടി അച്യുതൻ്റെ മലയാളത്തിലും വട്ടെഴുത്തിലും ഉള്ള ഓരോ പ്രസ്താവനകളും ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട് “
അമ്പഴക്കാട്ടെ അച്ചടി: ഹോളണ്ടിൽ മലയാളം അച്ചടിക്കുന്ന കാലഘട്ടത്തിൽത്തന്നെ കൊച്ചിയിലുള്ള അമ്പഴക്കാട്ടും ചില മലയാള കൃതികൾ അച്ചടിച്ചതായി കൊച്ചിരാജ്യ ചരിത്രകർത്താവായ കെ. പി. പത്മനാഭമേനോൻ പ്രസ്താവിച്ചുകാണുന്നു. “അങ്കമാലിക്കു കുറച്ചു വടക്ക് മുകുന്ദപുരം താലൂക്കിൽ ചാലക്കുടിക്ക് അടുക്കൽ അമ്പഴക്കാട്ട് എന്ന സ്ഥലത്തു ജസൂട്ടുസംഘക്കാർ ക്രി. അ. 1550-ാമാണ്ടു സെയിൻ്റു താമസ്സിൻ്റെ നാമധേയത്തിൽ ഒരു പള്ളിയും പാഠശാലയും സ്ഥാപിച്ചു. ക്രി. അ. 1599-ൽ ഉദയംപേരൂർവെച്ചു നടത്തിയ മഹാസഭയിലെ നിശ്ചയങ്ങളാൽ ഈ പള്ളിക്കും പാഠശാലയ്ക്കും വളരെ പ്രാധാന്യം സിദ്ധിച്ചു. അവിടെ താമസിച്ചിരുന്ന പോർട്ടുഗീസുകാരായ ജസുട്ടു പാതിരിമാർ സംസ്കൃതം, തമിഴ്, മലയാളം, സുറിയാനി ഈ ഭാഷകളെ അത്യന്തം ശ്രദ്ധയോടെ പഠിച്ചു് അതുകളിൽ വളരെ ഉപരിയായ പാണ്ഡിത്യം സമ്പാദിച്ചു. പല പ്രധാന ഗ്രന്ഥങ്ങളെ അവിടെവെച്ച് അച്ചടിക്കയും ചെയ്തു. റാബർട്ട് ഡി. നോബിലി എന്ന പ്രസിദ്ധ പണ്ഡിതൻ്റെ തമിൾകൃതികൾ ക്രി. അ. 1674-ാമാണ്ട് അമ്പഴക്കാട്ടുവെച്ചാണു് അച്ചടിച്ചതു്. ആന്ദ്രിപ്രേയർ എന്ന പാദ്രി ഒരു കൊല്ലത്തോളം ഇവിടെ താമസിച്ചു് അച്ചടി കഴിപ്പിച്ചു. ക്രി. അ. 1678-ൽ വാൻറീഡിൻ്റെ സസ്യശാസ്ത്രം അച്ചടിച്ചപ്പോൾ അതിലെ സസ്യവർഗ്ഗങ്ങളുടെ പേർ കാണിക്കുവാൻവേണ്ടി ഹോളണ്ടിൽ ആംസ്ത്രഡാം എന്ന നഗരത്തിൽവച്ചു മലയാളവും തമിഴും അക്ഷരങ്ങൾ കൊത്തിയുണ്ടാക്കി. പക്ഷേ, പണിക്കാർക്കാഭാഷ നിശ്ചയമില്ലാത്തതിനാൽ അക്ഷരങ്ങൾ അശേഷം ശരിയായില്ല. ക്രി. അ.
