ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

കേരളം: 1930 ജനുവരി മുതൽ, മുണ്ടശ്ശേരി, എം. പി. പോൾ, എടമരത്തു സബാസ്റ്റ്യൻ തുടങ്ങിയവരുൾപ്പെട്ട ഒരു വിദഗ്ദ്ധസമിതിയുടെ മേൽനോട്ടത്തിൽ തൃശൂർനിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരളം, കേരളത്തിലെ പേർപറ്റ ഒരു സാഹിത്യമാസികയാണു്. നാലോ അഞ്ചോ വർഷമേ നടന്നിരുന്നുള്ളുവെങ്കിലും അമൂല്യങ്ങളായ പല സംഭാവനകളും സാഹിത്യത്തിനു നല്കുവാൻ ആ മാസിയ്ക്കു കഴിഞ്ഞിട്ടുണ്ട്.

അരുണോദയം: വേലൂർ ശങ്കരൻനായരുടെ ഷഷ്ടിപൂർത്തി സ്മാരകമായി അദ്ദേഹത്തിൻ്റെ പുത്രൻ പി. നാരായണൻ നായർ, 1102 ഇടവം മുതൽ ആരംഭിച്ചതും, ഡോക്ടർ ചേലനാട്ട് അച്യുതമേനോൻ, സി. എസ്സ്. നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്നതുമായ ഒരു സാഹിത്യമാസികയാണു് അരുണോദയം.

സാഹിത്യകേരളം മാസിക: നീലേശ്വരം വി. സി. രവിവർമ്മരാജാവിൻ്റെ ഉടമസ്ഥതയിലും, എൻ. എസ്. നമ്പീശൻ്റെ പത്രാധി പത്യത്തിലും 1930 ജനുവരി മുതൽ എടക്കാട്ട്, തലശ്ശേരിയിൽനിന്നു് ആരംഭിച്ച ഒരു മാസികയാണിത്. “കേരളത്തിലെ ഭിന്നിച്ച ഭാഷാപദങ്ങളുടെ ഏകീകരണ’മായിരുന്നു പ്രധാന ലക്ഷ്യമെന്നു കാണുന്നു. ‘എൻ്റെ ഭാഷ’ എന്ന വള്ളത്തോൾക്കവിത ആദ്യമായി പ്രസിദ്ധീകരിച്ചതു പ്രസ്തുത മാസികയിലാണു്.

കഥാമാലിക : സി. വി. കുഞ്ഞുരാമൻ്റെ സീമന്തപുത്രനായ കെ.. ദാമോദരൻ ബി. എ. തിരുവനന്തപുരത്തുനിന്നു 1107-ാമാണ്ടോടടുത്തു പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു പ്രതിമാസ പ്രസിദ്ധീകരണമാണു് കഥാമാലിക. പേരുകൊണ്ടുതന്നെ കഥകളുടെ സങ്കേതമായിരുന്നു അതെന്നു വ്യക്തമാണല്ലോ. തകഴിയെപ്പോലെയുള്ള അനേകം കഥയെഴുത്തുകാരെ അക്കാലത്തു പ്രസ്തുത പ്രസിദ്ധീകരണംവഴി ദാമോദരൻ പ്രോത്സാഹിപ്പിച്ചുവന്നു.