ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

സാഹിത്യപരിഷത്തു : സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ മുഖപത്രമാണു് ‘സാഹിത്യപരിഷത്തു് ‘മാസിക. 1927-ൽ ഇടപ്പള്ളിയിൽവച്ചു സമാരംഭിക്കയും, 1933-ൽ എറണാകുളത്തു രജിസ്റ്റർ ചെയ്യുകയും ചെയ്ത സമസ്തകേരളസാഹിത്യപരിഷൽ സംഘടനയുടെ ആഭിമുഖ്യത്തിൽ 1934 മുതൽ ഒരു ത്രൈമാസികം ആരംഭിച്ചു. എറണാകുളത്തുള്ള ‘സനാതനധർമ്മം’ പ്രസ്സിൽ നിന്നുമാണു് അക്കാലത്തു് അതു് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിവന്നതു്. 1945-നുശേഷം പരിഷത്തിനു സ്വന്തമായി ഒരു മുദ്രണാലയം ഉണ്ടായതോടെ, മാസിക ക്രമപ്രകാരം അവിടെനിന്നു പ്രസിദ്ധപ്പെടുത്തിവരുന്നു. ആദ്യവർഷത്തെ മാസികാപ്രവത്തകന്മാർ അപ്പൻതമ്പുരാൻ, അനന്തനാരായണശാസ്ത്രി, അമ്പാടി കാർത്യായനി അമ്മ, പി. ശങ്കരൻനമ്പ്യാർ, ഏ. ഡി. ഹരിശർമ്മ, ടി കെ. കൃഷ്ണ നോൻ, കേരളവർമ്മ അമ്മാമൻതമ്പുരാൻ എന്നിവരായിരുന്നു. അടുത്ത വർഷം, കെ. സി. മാത്യുവിൻ്റെ ആധിപത്യത്തിൽ ത്രൈമാസികം കോട്ടയത്തു മനോരമ പ്രസ്സിൽനിന്നുമാണു പുറപ്പെട്ടതു്. മൂന്നാമത്തെ വാള്യം മുതൽ, മഹാകവി ഉള്ളൂരിൻ്റെ പ്രധാന പത്രാധിപത്യത്തിലും എ. ഡി. ഹരിശർമ്മയുടെ ഉപപത്രാധിപത്യത്തിലും കാര്യദർശിത്വത്തിലും പ്രസി ദ്ധീകരിച്ചുതുടങ്ങിയ ത്രൈമാസികം, പത്തുപന്ത്രണ്ടു വർഷം വളരെ ഭംഗിയായി നടന്നു. ഭാഷാസാഹിത്യത്തിനു വിലപിടിച്ച പല പ്രബന്ധരത്നങ്ങളും അക്കാലത്തു മാസികാപ്രവത്തകന്മാർ സമ്പാദിക്കാതിരുന്നില്ല. മഹാകവി ആരോഗ്യപരമായ കാരണങ്ങളാൽ 1944-ൽ പത്രാധിപ സ്ഥാനത്തുനിന്നു രാജിവച്ചൊഴിഞ്ഞു. പിന്നീടു പ്രഫ്‌സർ പി. ശങ്കരൻ നമ്പ്യാരെയാണ് ആ സ്ഥാനത്തേക്കു തിരഞ്ഞെടുത്തതു്. പക്ഷേ, അദ്ദേഹം അല്പകാലമേ ആ സ്ഥാനത്തിരുന്നുള്ളു. നമ്പ്യാരെത്തുടർന്നു ജി. ശങ്ക രക്കുറുപ്പാണു പ്രധാന പത്രാധിപരായിത്തീർന്നതു്. കുറുപ്പു പത്രാധിപരായതിനുശേഷവും കുറച്ചുകാലം ഹരിശർമ്മ സഹപത്രാധിപരായിരുന്നു. പിന്നീട് അദ്ദേഹം മാറിയതുമുതൽ ആ സ്ഥാനം, ഏറെക്കാലം പ്രഫ്സർ പി.വി. കൃഷ്ണൻ നായരും, 1938-നു മുമ്പുള്ള ഏതാനും വർഷങ്ങളിൽ പി. കുഞ്ഞുകൃഷ്ണമേനവനുമാണു് വഹിച്ചുപോന്നതു്. ശങ്കരക്കുറുപ്പിൻ്റെ സമർത്ഥമായ പത്രാധിപത്യത്തിൽ ത്രൈമാസികം വളരെയധികം അഭിവൃദ്ധിപ്പെട്ടു. 1948 മുതൽ ത്രൈമാസികം ദ്വൈമാസികമായിത്തീർന്നു. (1123 ചിങ്ങം കന്നി ലക്കം മുതൽക്കാണു് ദ്വൈമാസികം പുറപ്പെട്ടതു്). 1952 മുതൽ ദ്വൈമാസികം ‘സാഹിത്യപരിഷത്ത്’ എന്ന പേരിൽ മാസികയായും വികസിച്ചു. മാസികയിലെ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളവും ശങ്കരക്കുറുപ്പിൻ്റെ പ്രവർത്തനകാലത്തെ പുരോഗതി പ്രശംസാർഹമായിരുന്നു. 1958, 1961, 1962 എന്നീ വർഷങ്ങളിൽ പരിഷന്മാസികയുടെ പത്രാധിപത്യം ഈ ലേഖകനിലാണു വന്നുചേർന്നതു്. 1959, ’60 എന്നീ വർഷങ്ങളിൽ ചില പ്രത്യേക പരിതഃസ്ഥിതികളാൽ മാസിക മുറയ്ക്കു പ്രസിദ്ധീകരിക്കുകയുണ്ടായില്ല. എന്നാൽ ആ കാലഘട്ടത്തിൽ പരിഷത്തിൻ്റെ പ്രാതിനിദ്ധ്യം വഹിച്ചിരുന്ന ആനി ജോസഫ് ഏതാനും ലക്കങ്ങൾ പുറപ്പെടുവിക്കാതെയുമിരുന്നില്ല. പ്രസ്തുത മാസിക ഇന്നും എറണാകുളത്തുനിന്നു മുറയ്ക്കു പുറപ്പെട്ടുകൊണ്ടിരിക്കു യാണു്.