ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

ശ്രീമതി: തിരുവനന്തപുരത്തുനിന്നു് സി. കാർത്ത്യായനിയമ്മ പ്രസാധനം ചെയ്തിരുന്ന ഒരു വാരികയാണു് ‘ശ്രീമതി.’ 1935-ൽ നല്ലൊരു വിശേഷാൽ പ്രതിയും പുറപ്പെടുവിക്കയുണ്ടായി.

കേരളീയകത്തോലിക്കൻ: ടി. വി. അഗസ്റ്റിൻ ഫെണ്ണാൻ്റെസ് കൊല്ലം മനോമോഹനം പ്രസ്സിൽ അച്ചടിച്ചു ചവറയിൽനിന്നു 1921 ജനുവരി മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു സാംസ്ക്‌കാരികമാസികയാണിതു്. പ്രസിദ്ധന്മാരായ പലരും എഴുത്തുകാരായിരുന്നു.

സാരസ്വതബോധിനി : തിരുവിതാംകൂർ ഗൗഡസാരസ്വതബ്രാഹ്മണ പരിഷത്തിൻ്റെ വകയായി കൊല്ലം മനോമോഹനം പ്രസ്സിൽ നിന്ന് 1099 ചിങ്ങം മുതൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഒരു മാസികയാണു് സാരസ്വതബോധിനി.

സമഭാവിനി: തെക്കെ മലബാറിൽ, കടമ്പഴിപ്പുറത്തുനിന്നു കെ. സി. മാധവമേനോൻ പ്രസാധനം ചെയ്തിരുന്ന ഒരു നല്ല സാഹിത്യമാസികയാണു’ ‘സമഭാവിനി’. 1098 മകരം മുതൽക്കാണു് മാസിക പുറപ്പെട്ടതു്.

പൈങ്കിളി : കെ. ശങ്കരനെഴുത്തച്ഛൻ പട്ടാമ്പിക്കടുത്തുള്ള പെരുമുടിയൂർനിന്നു 1098 മീനം മുതൽ പ്രസിദ്ധപ്പെടുത്തിവന്ന ഒരു സാഹിത്യമാസികയാണ് ‘പൈങ്കിളി’.