ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

യുക്തിവാദി: സഹോദരൻപ്രസ്സിൽനിന്നു് (കൊച്ചി) 1105 ചിങ്ങം 1-ാം തിയതി മുതൽ പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയ ഒരു മാസിക യാണു്’ ‘യുക്തിവാദി’. ചതുരവീരന്മാർ അഞ്ചുണ്ടു കാന്തന്മാർ എന്നു പാഞ്ചാലി പറഞ്ഞതുപോലെ ആരംഭത്തിൽ അഞ്ചു പത്രാധിപന്മാർ യുക്തിവാദിക്കുമുണ്ടായിരുന്നു. എം. രാമവർമ്മതമ്പാൻ, സി. കൃഷ്ണൻ, സി. വി. കുഞ്ഞുരാമൻ, എം. സി. ജോസഫ്. കെ. അയ്യപ്പൻ എന്നിവരായിരുന്നു ആ ചതുരവീരന്മാർ, ഇന്നു പ്രസ്തുതമാസിക എം. സി. ജോ സഫിൻ്റെ പത്രാധിപത്യത്തിൽ ഇരിഞ്ഞാലക്കുടനിന്നുമാണു് പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നതു്.

“യുക്തിയേന്തി മനുഷ്യൻ്റെ-ബുദ്ധിശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതില്ലൊന്നും – ലോകവിജ്ഞാനരാശിയിൽ”

എന്നുള്ള ആദർശത്തെ മുൻനിറുത്തിയാണു മാസികയുടെ ആരംഭം മുതൽക്കേയുള്ള പ്രവർത്തനം.

മഹിള: 1921 ജനുവരി മുതൽ ഇരുപതുവർഷത്തോളം ചെങ്ങന്നൂർ ആർ മഹിളാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീമാസികയാണ് ‘മഹിള.’ ആറ്റുകാൽ നിലകണ്ഠപ്പിള്ളയുടെ പ്രിയതമ, ബി. ഭാഗീരഥിയമ്മ ആയിരുന്നു പ്രസാധിക. പല നല്ല ലേഖനങ്ങളം പ്രസ്തുതമാസികവഴി പുറത്തു വന്നിട്ടുണ്ട്.