ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
പ്രതിഭ: വിജ്ഞാനവർദ്ധിനി സഭവകയായി 1095 കന്നിമാസം മുതൽ പറവൂർ സരസ്വതീപ്രകാശം പ്രസ്സിൽനിന്ന് എൻ. കുമാരനാശാൻ്റെ പത്രാധിപത്യത്തിൽ പുറപ്പെടുവിച്ചുകൊണ്ടിരുന്ന ഒരു മാസികയാണു് പ്രതിഭ. മൂർക്കോത്തുകുമാരൻ, കെ. സുകുമാരൻ ബി. എ മുതലായവർ ലേഖകന്മാരായിരുന്നു. രണ്ടോ മൂന്നോ വർഷമേ ഈ മാസിക നടന്നുള്ളു എന്നു തോന്നുന്നു. പത്രാധിപക്കുറിപ്പുകൾ ഓരോ ലക്കത്തിലും പതിവായി ചേർത്തുവന്നു.
ഉണ്ണിനമ്പൂതിരി: കറുർ ഉണ്ണിനമ്പൂതിരിയുടെ സ്മാരകമായി നമ്പൂതിരി യുവജനസംഘം തൃശ്ശിവപേരൂർനിന്നു 1095 കന്നി മുതൽ പ്രസിദ്ധപ്പെടുത്തിവന്ന ഒരു മാസികയാണിതു്. വേന്ത്രക്കാട്ട് ശങ്കരൻനമ്പൂതിരിയായിരുന്നു പത്രാധിപർ. ഒറവങ്കരയുടെ അംബികാവിംശതി, വള്ളത്തോളിൻ്റെ ചക്രഗാഥ മുതലായ കൃതികൾ ഉണ്ണിനമ്പൂതിരിവഴിക്കാണ്
ആദ്യം പുറപ്പെട്ടത്. വിദ്യാഭിവർദ്ധിനി: കൊല്ലം വി. വി. പ്രസ്സിൽനിന്നു 1095മീനം മുതൽ എം. മുത്തുസ്വാമി റെഡ്യാർ പ്രസിദ്ധീകരിച്ചുവന്ന ഒരു മാസികയാണു് വിദ്യാഭിവദ്ധിനി. ഏതാനും കൊല്ലമേ നടന്നുള്ളുവെങ്കിലും വിജ്ഞാനപ്രദങ്ങളായ പല ലേഖനങ്ങളും അതുവഴി പുറത്തുവന്നിട്ടുണ്ട്.
കേരളപാണിനി: പ്രസ്തുതപേരിൽ പ്രസിദ്ധനായ ഏ. ആർ.രാജരാജവർമ്മയുടെ സ്മാരകമായി കൊല്ലം ശ്രീരാമവിലാസം പ്രസ്സിൽനിന്നു കെ. പരമേശ്വരൻപിള്ള 1095 മേടം മുതൽ (1920) പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു സാഹിത്യമാസികയാണിത്. പി അനന്തൻ പിള്ള എഴുതിയ കേരളപാണിനിയുടെ ജീവചരിത്രം, ഈ മാസികവഴിക്കാണു ജന്മമെടുത്തത്.
ഗുരുനാഥൻ : അദ്ധ്യാപക ശ്രേഷ്ഠനായിരുന്ന ആർ. ഈശ്വരപിള്ളയുടെ നേതൃത്വത്തിൽ പറവൂർ എസ്. ജി പ്രസ്സിൽനിന്നു 1096 ചിങ്ങം മുതൽ 1113-ാമാണ്ടു വരെ 17 വർഷത്തോളം നല്ലനിലയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാഭ്യാസ സംബന്ധമായ ഒരു മാസികയാണ് ‘ഗുരുനാഥൻ’, വിദ്യാഭ്യാസത്തിൻ്റെ നാനാമുഖങ്ങളെ അധികരിച്ചുള്ള ഒട്ടുവളരെ ലേഘനങ്ങൾ ആ മാസികയിൽക്കൂടി പുറത്തുവന്നിട്ടുണ്ടു്. സാഹിത്യം, സംസ്ക്‌കാരം എന്നിവയെ മുൻനിറുത്തിയള്ള ലേഖനങ്ങളും കുറവായിരുന്നില്ല.
