ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

കേരളകേസരി: 1091 ചിങ്ങം മുതൽ (1915) പാലിയത്തു ചെറിയകൊച്ചുണ്ണിഅച്ചൻ്റെ നേതൃത്വത്തിൽ മൂന്നുനാലുവർഷത്തോളം പുറപ്പെട്ടിരുന്ന ഒരു പ്രശസ്ത മാസികയാണു് കേരളകേസരി. ദേശാഭിമാന ദ്യോതകങ്ങളും സാഹിത്യനിരൂപണപരങ്ങളുമായ ധാരാളം പ്രൗഢലേഖനങ്ങൾ പതിവായി അതിൽ പ്രസിദ്ധപ്പെടുത്തിവന്നിരുന്നു.

“അരുതരുതു വിരോധം ഭിന്നവർഗ്ഗങ്ങളെല്ലാ-
മൊരു ചരടിലിണക്കിക്കോർത്ത പുഷ്പങ്ങളല്ലോ
പൊരുളിതു തെളിവാക്കിപ്പാരിടത്തിൻ്റെ നന്മ-
യ്ക്കൊരുമയോടിനി യത്നം ചെയ്യുവിൻ നാട്ടുകാരേ”

എന്നുള്ള അതിലെ മുദ്രാവാക്യം വളരെ പ്രസിദ്ധമാണു്. ഗീതാഞ്ജലിയുടെ പരിഭാഷ അതിൻ്റെ ഏതാനും ലക്കങ്ങളിൽ പ്രസിദ്ധപ്പെടുത്തി വന്നതായി ഓർമ്മിക്കുന്നു. ഭാജേകേരളം, സനാതനി എന്നീ പ്രസിദ്ധീകരണങ്ങളും കുഞ്ഞുണ്ണിഅച്ചൻ നടത്തിയിരുന്നവയാണു്.

കൈരളി: 1916 മുതൽ തൃശൂർ വിദ്യാവിനോദിനിപ്രസ്സിൽനിന്നു പുറപ്പെട്ട് അടുത്ത കാലംവരെ പ്രചരിച്ചുകൊണ്ടിരുന്ന ഒരു സുപ്രസിദ്ധ മാസികയാണു് കൈരളി. ബഹുമുഖമായ വിഷയങ്ങളെ അധികരിച്ചുള്ള അനേകം നല്ലനല്ല ലേഖനങ്ങൾ പ്രസ്തുത മസികവഴി കേരളീയർക്കു ലഭിച്ചിട്ടുണ്ട്.

കേരളവ്യാസൻ: കേരളവ്യാസൻ എന്ന ബിരുദത്തോടുകൂടിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ സ്മാരകമായി 1091 മിഥുനം മുതൽ കേരളവ്യാസൻപ്രസ്സിൽനിന്നു കെ. പി. കുറുപ്പ് പ്രസാധനം ചെയ്തിരുന്ന ഒരു മാസികയാണു് കേരളവ്യാസൻ.