ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
ദക്ഷിണദീപം: ജി രമൻമേനോൻ എം. എ. എഴുതിയ നളനി നിരൂപണം ദക്ഷിണദീപത്തിലാണു് ആദ്യം പ്രസിദ്ധീകരിച്ചത്. 1087 കന്നിമാസംമുതൽ ആരംഭിച്ച പ്രസ്തുതമാസികയിൽ കേരളവർമ്മ തുടങ്ങി അക്കാലത്തെ പ്രസിദ്ധന്മാരായ പലരും ലേഖനങ്ങൾ എഴുതിവന്നിരുന്നു.
പ്രബുദ്ധകേരളം: 1091 തുലാം മുതൽ ആരംഭിച്ച് തൃശൂർ വിലങ്ങൻകുന്നിൽനിന്ന് ഇന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സുദീർഘ ചരിത്രമുള്ള ഒരു മതമാസികയാണിതു്.
ബാലമാസിക: പേരു കേട്ടാൽ ബാലന്മാരെ ഉദ്ദേശിച്ചു പ്രസിദ്ധപ്പെടുത്തുന്ന ഒരു മാസികയണെന്നു് ആരും ഗ്രഹിച്ചുപോകും. മറ്റൊരു തരത്തിൽ ബാലന്മാരെ ഉദ്ദേശിച്ചുള്ള ഒരു പ്രസിദ്ധീകരണമാണെന്നു പായുന്നതിൽ തെറ്റുമില്ല. ബാലന്മാരെ പഠിപ്പിക്കുന്നതിനുവേണ്ട പുസ്തകങ്ങളുടെ പാഠസാഹ്യക്കുറിപ്പുകളാണു്, ഉപാദ്ധ്യായനിലെപ്പോലെ ഇതിലും മുഖ്യമായി പ്രസിദ്ധപ്പെടുത്തിവന്നതു്. 1091 ഇടവം മുതൽക്കാണു് ഈ മാസികയുടെ ആരംഭം. പ്രസ്തുത ലക്കത്തിൽ ദുർഗ്ഗേശനന്ദിനിയെ നിരൂപണം ചെയ്തുകൊണ്ടു ജി. രാമൻമേനോൻ എം. എ. 7-ാം ക്ലാസ്സിലേക്ക് ഒരു പാഠസാഹ്യക്കുറിപ്പ് എഴുതിയിട്ടുണ്ട്. കുട്ടികൾക്കു പാറ്റിയ ചെറിയ ചെറിയ കഥകളും ചില ലക്കങ്ങളിൽ കാണാം.
