ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

ആര്യഭൂഷണം: 1081 ഇടവംമുതൽ, കേരളത്തിലെ മലയാള ബ്രാഹ്മണരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി തൽസമുദായത്തിൻ്റെ പൊതുസ്വത്തായി ആരംഭിച്ച ഒരു മാസികയാണു്’ ‘ആര്യഭൂഷണം’. മടവൂർ സി. നാരായണപിള്ള, കെ. സി. മാമ്മൻമാപ്പിള തുടങ്ങിയവർ അതിലെ എഴുത്തുകാരായിരുന്നു. തിരുവനന്തപുരത്തു ‘മലബാർ മെയിൽ’ പ്രസ്സിനു വേണ്ടി സി. എസ്സ്. കുഞ്ഞുപിള്ളയാണ് പ്രസിദ്ധീകരിച്ചിരുന്നതു്.

ധർമ്മബോധിനി: മലയാള ബ്രാഹ്മണ സമുദായത്തെ കാലാനുസൃതം പരിഷ്കരിക്കുന്നതിനും മലയാള ഭാഷയുടെ പോഷണത്തിനുമായി മാന്നാർ ആര്യകല്പദ്രുമം പ്രസ്സിൽനിന്നു് 1084 ധനുമാസംമുതൽ പ്രസിദ്ധപ്പെടുത്തിവന്ന ഒരു മാസികയാണിതു്.

സുദർശനം: 1084 കുംഭം മുതൽ തൃശൂർ കേരളചിന്താമണിപ്രസ്സിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു മാസികയാണു് സുദർശനം. പത്രാധിപർ കുന്നത്തു ജനാർദ്ദനമേനോനായിരുന്നു. വടക്കെപ്പാട്ടു നാരായണ മേനോൻ, കെ. വി. എം. തുടങ്ങിയവർ ലേഖനസഹായം നല്കിയിരുന്നു. എങ്കിലും പല വ്യാജനാമങ്ങളിൽ പത്രാധിപർ തന്നെയാണു് കൂടുതൽ ലേഖനങ്ങളും എഴുതിവന്നിരുന്നതു്.

ആത്മപോഷിണി: കുന്നങ്കളം ഏ. ആർ. പി. പ്രസ്സിൽ നിന്നു് 1085 മേടം (1910)മുതൽ ആരംഭിച്ചതും, ആദ്യം കെ. രാമകൃഷ്ണപിള്ളയുടേയും, പിന്നീട് വളരെക്കാലം വള്ളത്തോളിൻ്റേയും, കുറെക്കാലം കുറ്റിപ്പുഴയുടേയും ആധിപത്യത്തിൽ നടന്നുവന്നതുമായ ഒരു സുപ്രസിദ്ധ മാസികയാണു് ‘ആത്മപോഷിണി’. പുലിക്കോളിൽ ജോസഫ് റമ്പാൻ തുങ്ങിയവരുടെ സാഹിത്യ പ്രണയമാണു പ്രസ്തുത മാസികയുടെ ഉൽപത്തിക്കു നിദാനം. ഒട്ടുവളരെ നല്ല ലേഖനങ്ങളും സാഹിത്യ നിരൂപണങ്ങളും ആത്മപോഷിണിവഴി പുറത്തുവന്നിട്ടുണ്ട്.