ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
ലക്ഷ്മീഭായി: ആററുങ്ങൽ മഹാറാണിയുടെ സ്മാരകമായി തൃശ്ശൂർ നിന്നു 1080 മേടം (1905) മുതൽ ആരംഭിച്ച് ഏതാണ്ടു മുപ്പതു വഷർത്തോളം പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു നല്ല സാഹിത്യമാസികയാണു് ലക്ഷ്മീഭായി. വളരെക്കാലം മാളിയമ്മാവിൻ്റെ വക ‘വാണികളേബരം’ പ്രസ്സീലാണു അച്ചടിച്ചിരുന്നതു്. പ്രസാധകൻ വെള്ളായ്ക്കൽ നാരായണമേനവനായിരുന്നു.
ശാരദ: സ്ത്രീ സമുദായത്തിൻ്റെ സമുന്നതിയെ ലക്ഷ്യമാക്കി 1080 വൃശ്ചികം (1905) മുതൽ തൃപ്പൂണിത്തുറനിന്നു് ആരംഭിച്ച ഒരു മാസികയാണു് ശാരദ. ബി കല്യാണിയമ്മയായിരുന്നു പ്രസാധിക. എങ്കിലും രാമകൃഷ്ണപിള്ളയാണു് അതിലെ മിക്ക ലേഖനങ്ങളും എഴുതിയിരുന്നതു്. തിരുവനന്തപുരത്തുനിന്നു തെക്കെക്കുന്നത്തു കല്യാണിക്കുട്ടി അമ്മയുടെ നേതൃത്വത്തിൽ പുറപ്പെട്ടുകൊണ്ടിരുന്ന ശാരദയും ഈയവസരത്തിൽ അനുസ്മരിക്കത്തക്ക ഒന്നുതന്നെ.
സാഹിത്യചിന്താമണി: 1906-നിടയ്ക്കു തേലപ്പുറത്തു നാരായണൻ നമ്പിയുടെ പത്രാധിപത്യത്തിൽ പട്ടാമ്പിയിൽനിന്നു പുപ്പെട്ടിരുന്ന ഒരു പ്രശസ്ത മാസികയാണ് സാഹിത്യചിന്താമണി. പി ജി. രാമയ്യരുടെ ശാകുന്തളപരിഭാഷയെപ്പററി വി. സി. ബാലകൃഷ്ണപ്പണിക്കർ നിശിതമായ ചില നിരൂപണങ്ങൾ അക്കാലത്തു് ഈ മാസികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.
രാമാനുജൻ: 1082 വൃശ്ചികം മുതൽ തൃശ്ശിവപേരൂർനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്നതാണു് പ്രസ്തുതമാസിക. കാരാട്ട് അച്യുതമേനോൻ്റെ പല ഉപന്യാസങ്ങളും ഈ മാസികയിൽ പ്രസിദ്ധപ്പെടുത്തിവന്നു. ഉള്ളൂർ, കുണ്ടൂർ മുതലായ കവികളും ഇതിലെ എഴുത്തുകാരായിരുന്നു.
