ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
കവനകൗമുദി: 1080-ാമാണ്ടു (1905)മുതൽ ഒരു പ്രതിപക്ഷപത്രമായി പന്തളം കേരള വർമ്മതമ്പുരാൻ ആരംഭിച്ച ഒരു പ്രസിദ്ധീകരണമാണു ‘കവനകൗമുദി’. തമ്പുരാൻ കായംകുളം സുർവണ്ണരത്നപ്രഭാ അച്ചുക്കൂടത്തിൽ അടിപ്പിച്ചു പന്തളത്തുനിന്നും പ്രചരിപ്പിക്കുകയായിരുന്നു ആദ്യ ഘട്ടത്തിൽ. പരസ്യംപോലും പദ്യരൂപത്തിലാണു പ്രസിദ്ധപ്പെടുത്തിയിരുന്നതു്.
“എന്നും തീയതിമാസത്തി – ലൊന്നിലും പതിനഞ്ചിലും
മന്നിൽ പ്രസിദ്ധിചെയ്തിടും – മാന്യാ കവനകൗമുദി”
എന്നിങ്ങനെയുള്ള പ്രസ്താവനകൾ നോക്കുക. രണ്ടുകൊല്ലത്തിനുശേഷം തൃശ്ശൂർ കേരളകല്പദ്രുമത്തിൽ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. നാലാമത്തെ വർഷംമുതൽ അതു മാസികയാക്കിത്തീർത്തു. അഞ്ചാംപുസ്തകം 7-ാം ലക്കം മുതൽ മാസികയുടെ ചുമതല പി. വി. കൃഷ്ണവാര്യർ വഹിക്കുവാൻ തുടങ്ങി. അക്കാലംമുതൽ മാസിക പിന്നീടു കോട്ടയ്ക്കൽനിന്നാണു പുറപ്പെട്ടതു്. 1106 കന്നിമാസംവരെ അതു തുടർച്ചയായി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ഇന്നത്തെ പുത്തൻകവികളൊഴികെ കഴിഞ്ഞ തലമുറയിലെ മിക്ക കവികളും ആ കവനക്കളരിയിൽ പയറ്റിത്തെളി ഞ്ഞവരായിരുന്നു. ‘ഭാഷാവിലാസം’ എന്ന പേരിൽ പ്രസിദ്ധപ്പെട്ടത്തിയിട്ടുള്ള കൗമുദിയുടെ വിശേഷാൽപ്രതികൾ, സാഹിത്യത്തിനു് അമൂല്യ സംഭാവനകൾ തന്നെയായിരുന്നു. വിശേഷാൽ പ്രതികൾ പുറപ്പെടുവിക്കുന്ന സമ്പ്രദായം കേരളത്തിൽ ആദ്യമായാരംഭിച്ചതും കവനകൗമുദിയാണെന്നു തോന്നുന്നു.
ധന്വന്തരി: കോട്ടയ്ക്കൽനിന്നു പി. വി. കൃഷ്ണവാര്യർ പ്രസിദ്ധപ്പെടുത്തിവന്ന നല്ലൊരു വൈദ്യമാസികയാണു് ‘ധന്വന്തരി’. 1078 മുതൽ 1101 വരെ ഏകദേശം 23 വർഷത്തോളം പ്രസ്തുതമാസിക വാര്യർ നടത്തിയിരുന്നു.
ലക്ഷ്മീവിലാസം: 1081 ചിങ്ങം മുതൽ 1094 കർക്കടകംവരെ കോട്ടയ്ക്കൽനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന മറെറാരു മാസികയാണു് ലക്ഷ്മിവിലാസം ധനതത്ത്വശാസ്ത്ര സംബന്ധമായ (കൃഷിവാണിജ്യ വ്യവസായാദി) വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുവാൻ തുടങ്ങിയ ഒന്നാമത്തെ മലയാള മാസികയും ഇതുതന്നെ. പേരു് അന്വർത്ഥവുമാണല്ലൊ. ധനശാ സ്ത്രം (ഒന്നും രണ്ടും ഭാഗങ്ങൾ), സസ്യശാസ്ത്രം, മലയാളത്തിലെ ജന്മികൾ എന്നിങ്ങനെ ചില കൃതികൾ ലക്ഷ്മീവിലാസത്തിൻ്റെ സന്താനങ്ങളായി ജനിക്കുവാനിടവന്നിട്ടുള്ളവയാണു്. 1082 മേടം മുതൽ, ജന്മികളുടെ കാര്യം പ്രതിപാദിക്കുവാൻ ‘ജന്മി’ എന്നു മറെറാരു മാസികയും കോട്ടയ്ക്കൽ നിന്നു പുറപ്പെട്ടിരുന്നു. കെ. സി. മാനവിക്രമൻരാജാ, പി. വി. കൃഷ്ണവാര്യർ എന്നിവരായിരുന്നു മേല്പറഞ്ഞ മാസികകളുടെ പ്രധാന പ്രവർകന്മാർ. ‘ലക്ഷ്മീസഹായം’ എന്നൊരു പ്രസ്സ് കോട്ടയ്ക്കൽ സ്ഥാപിക്കുന്നതുവരെ, മുൻപറഞ്ഞ മാസികകളെല്ലാം തൃശ്ശിവപേരൂർ കൊണ്ടുപോയി അച്ചടിപ്പിക്കുകയായിരുന്നു പതിവു്.
