ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
കർത്തൃത്വം: പ്രസ്തുത ഗ്രന്ഥ പരമ്പര, കൊച്ചിയിൽ ഡച്ചു ഗവർണ്ണരായിരുന്ന ഹെൻറിക്കുവാൻറീഡ്, ചേർത്തലക്കാരൻ കൊല്ലാട്ട് ഇട്ടി അച്യുതൻ എന്ന ഈഴവവൈദ്യൻ്റെയും, രംഗഭട്ടൻ, വിനായകപണ്ഡിതൻ, അപ്പുഭട്ടൻ എന്നീ മൂന്നു കൊങ്കണബ്രാഹ്മണവൈദ്യന്മാരുടേയും സഹായത്തോടുകൂടി രചിച്ചിട്ടുള്ളതാണെന്നു് ഒരു പക്ഷം. അതല്ല. 1657-ൽ ഒരു കർമ്മലിത്ത മിഷ്യനറിയായി കേരളത്തിൽ വന്നു്, വരാപ്പുഴ മിഷ്യൻ്റെ തൊടുകുറിയായി വർത്തിച്ച് 1691-ൽ ദിവംഗതനായ ഇററലി നേപ്പിൾസ് ദേശക്കാരൻ ഫാദർ മാത്യൂസ് എന്ന വൈദികനാണു് ഗ്രന്ഥത്തിൻ്റെ പ്രധാന കർതൃത്വം വഹിച്ചതെന്നും, അതിൻ്റെ സംവിധാനത്തിലും രചനയിലും നേതൃത്വം വഹിച്ചതും അദ്ദേഹംതന്നെയാണെന്നും അതിനാൽ പ്രസ്തുത ഗ്രന്ഥത്തിൻ്റെ പ്രണേതാവായി ഫാദർ മാത്യൂസിനെയാണു പരിഗണിക്കേണ്ടതെന്നും മറെറാരു പക്ഷം. ഇതിൽ ഏതാണു് യഥാർത്ഥമായിട്ടുള്ളതെന്നു നിസ്തർക്കം പറയുവാൻ നിവൃത്തിയില്ല. എന്നാൽ ഗ്രന്ഥത്തിലുള്ള ചിത്രങ്ങളിൽ എണ്ണൂറോളം ചിത്രങ്ങൾ വരച്ചിട്ടള്ളതു് ഫാദർ മാത്യൂസാണെന്നുള്ള വസ്തുത ഈ ഭിന്നാഭിപ്രായക്കാർ പരസ്പരം സമ്മതിക്കുന്നുമുണ്ടു്. ഈ വിഷയത്തെപ്പററി അടുത്തകാലത്തു് നെടുങ്കുന്നം എം. ഒ ജോസഫ് സാഹിത്യപരിഷത്തിലും, ഇടമറുക് ടി. സി. ജോസഫ് മലയാളമനോരമയിലും എഴുതിയിട്ടുള്ള ലേഖനങ്ങൾ ഈയവസരത്തിൽ പ്രസ്താവാർഹങ്ങളാണു്.* (സാഹിത്യപരിഷത്തു്, 1962, പേജ് 357, മലയാളമനോരമ വാർഷികപ്പതിപ്പു്. 1962, പേജ് 261-262)
ഗ്രന്ഥത്തിൻ്റെ ആരംഭത്തിൽ രണ്ടു കൊങ്കണബ്രാഹ്മണരുടേയും, ഇട്ടി അച്യുതൻറയും, ദ്വിഭാഷിയായ ഇമ്മാനുവെൽ കർണ്ണയിറോയുടേയും ഓരോ പ്രസ്താവനകൾ ചേർത്തിട്ടുണ്ടു്. കൊങ്കണബ്രാഹ്മണരുടെ പ്രസ്താവന കൊങ്കണഭാഷയിൽ നാഗരലിപികളിലും, അച്യുതൻവൈദ്യൻ്റേതു് മലയാളം വട്ടെഴുത്തുലിപികളിലുമാണു്. 12 വാല്യങ്ങളുള്ള പ്രസ്തുത ഗ്രന്ഥങ്ങളുടെ ഒരു സെറ്റ് തിരുവനന്തപുരം വലിയകൊട്ടാരം ഗ്രന്ഥപ്പുരയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അതുതാൻ കണ്ടിട്ടുണ്ടെന്നും കെ. വി ശർമ്മ പ്രസ്താവിച്ചുകാണുന്നു. 1964-ലെ ‘കേരള ഗ്രന്ഥശാലാ ഡയറക്റ്ററി’യിൽ മാത്യു എം കുഴിവേലി ഹേർത്തൂമ് മലബാറിക്കൂസിനെപ്പാറ്റി എഴുതിയ ലേഖനത്തിൽ, ഡോ. എൽ.ഏ. രവിവർമ്മയുടെ സഹായത്താൽ ഈ മഹാഗ്രന്ഥത്തിൻ്റെ 12 വാല്യങ്ങളും രണ്ടുമൂന്നു മാസം കൈവശം വച്ചു പരിശോധിക്കാൻ തനിക്കു സാധിച്ചുവെന്നു് അദ്ദേഹം പ്രസ്താവിച്ചു കാണുന്നു. ഒരു പക്ഷേ, അതു വലിയകൊട്ടാരം ഗ്രന്ഥപ്പുരയിൽ സൂക്ഷിച്ചിട്ടുള്ളതു തന്നെയായിരിക്കാമെന്നു തോന്നുന്നു. കുഴിവേലി പ്രസ്തുത ഗ്രന്ഥത്തെപ്പററി മേല്പറഞ്ഞ ലേഖനത്തിൽ പ്രസ്താവിക്കുന്ന ചില ഭാഗങ്ങളും ഗവേഷകന്മാർ ശ്രദ്ധിക്കേണ്ടവയാണ്:
