ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
മംഗളോദയം: 1082 മേടം (1907) മുതൽക്കാണ് മംഗളോദയത്തിൻ്റെ ആരംഭം. മദ്ധ്യകേരളത്തിലെ നമ്പൂതിരിമാരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ നവോത്ഥാനത്തിനു പശ്ചാത്തലമൊരുക്കിയ പല സമ്മേളനങ്ങളും ആ കാലഘട്ടത്തിൽ ഇവിടെ ഉടലെടുത്തിരുന്നു. അവയ്ക്കെല്ലാം നേതൃത്വം നല്ലിയിരുന്നതു ‘യോഗക്ഷേമസഭ’യായിരുന്നു. പ്രസ്തുത സഭയുടെ മുഖപത്രമായി, പ്രഖ്യാതമായ ദേശമംഗലത്തു മനയ്ക്കൽ നിന്നാരംഭിച്ച ഒരു മാസികയാണ് ‘മംഗളോദയം.’ രസികരഞ്ജിനി നിന്നു പോയശേഷം അപ്പൻ തമ്പുരാനും കുഞ്ഞിക്കുട്ടൻതമ്പുരാനും ഈ മാസികയെയാണു് തങ്ങളുടെ മുഖ്യ പ്രവർത്തന രംഗമായി കൈക്കൊണ്ടതു:
അപ്പൻ തമ്പുരാനായിരുന്നു മംഗളോദയത്തിൻ്റെ പ്രണേതാവു്: മലയാളഭാഷയിലെ ‘കളഞ്ഞുകിട്ടിയ നിധി’യായി കരുതപ്പെടുന്ന ‘ലീലാതിലകം’ ഈ മാസികവഴിക്കാണു് 1084-ൽ അപ്പൻതമ്പുരാൻ കേരളീയർക്ക് പ്രദാനം ചെയ്തത്. കാമദാഹനം, കൈലാസയാത്ര മുതലായ ഭാഷാ ചമ്പുക്കൾ തൃപ്പൂണിത്തുറ ഈടുവെപ്പിൽനിന്നു കണ്ടെടുത്തു പ്രസിദ്ധ പ്പെടുത്തിയതും മംഗളോദയം വഴിക്കുതന്നെയായിരുന്നു. കെ. വി. മുസ്സതു് അരംഭത്തിൽ ഈ മാസികയുടെ പ്രവർത്തകന്മാരിൽ ഒരാളായിരുന്നു. കേളികേട്ട ഈ മാസിക ഇടക്കാലത്തു സ്തംഭനാവസ്ഥയെ പ്രാപിച്ചുവെങ്കിലും വീണ്ടും ഉയിരെടുക്കുകയുണ്ടായി. പുനർജ്ജന്മത്തിൽ മംഗളോദയത്തിൻ്റെ നേതൃത്വം മുണ്ടശ്ശേരിയാണു് കൂടുതലും വഹിച്ചുപോന്നതു്. പുതിയ ജന്മംപൂണ്ട മംഗളോദയം പുരോഗമനസാഹിത്യത്തിൻ്റെ കരുത്തേറിയ ഒരു ജിഹ്വയായിരുന്നു. വീണ്ടും മുടങ്ങുകയും ഇപ്പോൾ പിന്നെയും ജന്മമെടുക്കുകയും ചെയ്തിരിക്കയാണു്.
കേരളൻ: 1080 മേടത്തിൽ (1905) തിരുവനന്തപുരത്തുനിന്ന് നാരായണക്കുരുക്കളും കെ. രാമകൃഷ്ണപിള്ളയും ചേർന്നു പുറപ്പെടുവിച്ച ഒരു മാസികയാണു് കേരളൻ, രാജ്യകാര്യ വിഷയങ്ങളായിരുന്നു അധികവും കരുക്കളുടെ ‘ഉദയഭാനു’ ഈ മാസികവഴിയാണു പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
വിവേകോദയം: എസ്. എൻ. ഡി. പി. യോഗത്തിൻ്റെ മുഖപത്രമായി 1080 മേടം മുതൽ മൂർക്കോത്തു കുമാരൻ്റെ ആധിപത്യത്തിൽ കോഴിക്കോട്ടുനിന്നും പുറപ്പെടുവിച്ചു തുടങ്ങിയ ഒരു സാമുദായിക പ്രസിദ്ധീകരണമാണു്’ ‘വിവേകോദയം’. വള്ളത്തോളിൻ്റെ ‘ചിത്രയോഗ’ മഹാകാവ്യത്തെ കുമാരനാശാൻ നിശിതമായി നിരൂപണം ചെയ്തതും. അതിനു് വി. ഉണ്ണിക്കൃഷ്ണൻനായർ പ്രത്യാഖ്യാനമെഴുതിയതും പ്രസിദ്ധമാണു്. 1091-ലെ ലക്കങ്ങൾ ഇവിടെ പ്രത്യേകം ശ്രദ്ധേയങ്ങളാകുന്നു.
