ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
ഭാഷാപോഷിണി: കണ്ടത്തിൽ വറുഗീസമാപ്പിളയുടെ പരിശ്രമഫലമായി കോട്ടയത്തുനിന്നാരംഭിച്ച ഭാഷാപോഷിണിയാണ് പഴയ മാസികകളിൽ സാഹിത്യവിഷയകമായി വളരെയധികം പ്രവർത്തിച്ചിട്ടുള്ളതെന്നു നിസ്സംശയം പറയാം. 1067 മേടത്തിൽ തൃശ്ശൂർവച്ചു നടന്ന ഭാഷാപോഷിണിസഭയുടെ രണ്ടാം സമ്മേളനത്തിൽ, സഭവക കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനും, സാഹിത്യകാരന്മാർക്ക് ഉത്തമ കൃതികൾ രചിക്കുന്നതിൽ കൂടുതൽ പ്രചോദനമരുളുന്നതിനുമായി നാലു മാസത്തിലൊരിക്കൽ ഒരു മാസിക പ്രസിദ്ധീകരിക്കണമെന്ന് ഒരു പ്രമേയം പാസ്സാക്കിയിരുന്നു. അതനുസരിച്ചു് 1893-ൽ (1068) ആരംഭിച്ചതാണു് പ്രസ്തുതമാസിക. 1069-ാമാണ്ട് അവസാനംവരെ ആകെ അഞ്ചു ലക്കങ്ങളേ പ്രസിദ്ധപ്പെടുത്തിയതായി അറിവുള്ളു. പ്രസ്തുത മാസികയിൽ പ്രസിദ്ധീകരിക്കുവാനായി വറുഗീസുമാപ്പിളയുടെ അഭിലാഷവും പ്രേരണമനുസരിച്ചു കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1069-ൽ 48 ദിവസംകൊണ്ടു നിർമ്മിച്ച ഒരു കാവ്യമാണു് പ്രസിദ്ധമായ “മയൂര സന്ദേശ’മെന്ന വസ്തുത ഈ സന്ദർഭത്തിൽ വ്യക്തമാക്കിക്കൊള്ളട്ടെ.
1072 കന്നിമാസം മുതൽ ഭാഷാപോഷിണി, മാസികാരൂപത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. കേരളവർമ്മ, എ. ആർ., പുന്നശ്ശേരി, കെ. സി. നാരായണൻ നമ്പ്യാർ, കൊട്ടാരത്തിൽ ശങ്കുണ്ണി, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ഉളളൂർ, പി ക്കെ., മൂർക്കോത്തു കുമാരൻ, ഒ. എം. ചെറിയാൻ, എം. രാജരാജവർമ്മ തുടങ്ങിയ സാഹീത്യനായകന്മാരുടെ കരലാളനമേറ്റ് ആ മാസികാലത വളരെയധികം തഴച്ചുവളർന്നു് കേരളസാഹിത്യാരാമത്തിൽ ഒട്ടുവളരെ പുഷ്പഫലങ്ങളെ പ്രദാനം ചെയ്യുകയുണ്ടായി. മലയാള മാസികകൾക്ക് നിർവാഹകസമിതി, പത്രാധിപസമിതി എന്നിങ്ങനെയുള്ള ചില നടപടികൾ ആദ്യമായാരംഭിച്ചതു ഭാഷാപോഷിണിയുടെ കാലം മുതൽക്കാണു്. നാല്പതിൽപരം വർഷങ്ങൾ പ്രചരിച്ചിരുന്ന പ്രസ്തുതമാസികയിൽ അക്കാലത്തു പ്രതിപാദിക്കപ്പെടാത്ത വിഷയങ്ങൾ വല്ലതുമുണ്ടോ എന്നു സംശയമാണു്. നമ്മുടെ മാസികാചരിത്രത്തിൽ ഏതുകൊണ്ടും ഭാഷാപോഷിണി അവിസ്മരണീയമായിത്തന്നെ നിലകൊള്ളുന്നു.
