ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
ജനരഞ്ജിനി: കടത്തനാട്ട് ഉദയവർമ്മതമ്പുരാൻ്റെ ഉടമസ്ഥതയിൽ 1066 കന്നിമാസം മുതൽ നാദാപുരത്തുനിന്നു പുറപ്പെടുവിച്ച ഒരു മാസികയാണിത്. ഉത്തരകേരളത്തിലെ ആദ്യത്തെ സാഹിത്യമാസികയും ഇതുതന്നെ. തമ്പുരാൻ്റെ പ്രേഷ്ഠസുഹൃത്തും മാതുലപുത്രനുമായ കെ. സി നാരായണൻനമ്പ്യാരായിരുന്നു പത്രാധിപർ. സമസ്യാപൂരണം, ചിത്രപ്രശ്നം, കവിത, ലേഖനങ്ങൾ എന്നിവയാൽ രഞ്ജിനിയുടെ ഓരോ ലക്കവും സമലംകൃതമായിരുന്നു. വെള്ളാണിശ്ശേരി വാസുണ്ണിമൂസ്സതു ജനരഞ്ജിനിക്കു സാഹിത്യലോകത്തിലുള്ള മേന്മയെ പ്രകീർത്തിച്ചുകൊണ്ട് ‘ജനരഞ്ജിനീവിജയം’ എന്നൊരു നാടകംതന്നെ അക്കാലത്തെഴുതാതിരുന്നിട്ടില്ല. ഏതാണ്ടു് ആറു വർഷത്തോളമേ ഈ മാസിക പ്രചരിച്ചിരുന്നുള്ളു.
കവനോദയം: ജനരഞ്ജിനി നിന്നുപോയ ശേഷം ഉദയവർമ്മ തമ്പുരാൻ്റെ രക്ഷാധികാരത്തിൽ കടത്തനാട്ടു (നാദാപുരത്തു) നിന്നുതന്നെ പുറ പ്പെടുവിച്ച ഒരു സുപ്രസിദ്ധ മാസികയാണു് കവനോദയം. 1072-ാമാണ്ട് മുതലാണു് അതിൻ്റെ ആരംഭം. ആദ്യം ജനരഞ്ജിനിപ്രസ്സിലും, പിന്നീടു കോഴിക്കോട്ടു സ്പെക്ട്രേറ്റർ പ്രസ്സിലുമാണു് അച്ചടിച്ചുകൊണ്ടിരുന്നതു്. 16 വർഷത്തോളം നല്ല നിലയിൽ നടന്നിരുന്നു. കടത്തനാട്ടു കൃഷ്ണവാര്യർ, കെ. സി. നാരായണൻ നമ്പ്യാർ എന്നിവരായിരുന്നു പത്രാധിപന്മാർ അനേകം പഴയ ഗ്രന്ഥങ്ങളും കാവ്യങ്ങളും കവനോദയപ്രവത്തകന്മാർ ഗ്രന്ഥപ്പുരകളിൽനിന്നു തേടിയെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതചമ്പു, രാമായണചമ്പു, ചെല്ലൂർമാഹാത്മ്യം,ദക്ഷയാഗം, കൊടിയവിരഹം, ഭാഷ കർണ്ണാമൃതം, ചന്ദ്രോത്സവം, ശൃംഗസന്ദേശം തുടങ്ങിയ കൃതികൾ അവയിൽ ഉൾപ്പെടുന്ന പ്രസിദ്ധപ്പെടുത്തുന്ന കൃതികളുടെ കർത്താക്കന്മാരെക്കുറിച്ചുള്ള ചുരുങ്ങിയ വിവരണങ്ങളും അതിൽ കുറിക്കുക പതിവായിരുന്നു. കൃഷ്ണവാര്യരുടെ ഭാഷാരാമായണചമ്പു, നാരായണൻനമ്പ്യാരുടെ ഉദയാലങ്കാരം, ഉദയവർമ്മ തമ്പുരാൻ നാടകതർജ്ജമകൾ (ശ്രീഹർഷൻ്റെ സുപ്രസിദ്ധ കൃതികളായ രത്നാവലി, പ്രിയദർശിക, സുന്ദരരാജാചാര്യരുടെ വൈദർജീവാസുദേവം തുടങ്ങിയ നാടകങ്ങൾ) എന്നിവയെല്ലാം ഈ മാസികവഴി പുറത്തു വന്നിട്ടുള്ളവയാണ്. അറുപതിൽപരം സംസ്കൃത കവികളുടെ ജീവചരിത്രാംശങ്ങൾ പലതിൽനിന്നു തേടിപ്പിടിച്ചു ‘കവികലാപം’ എന്ന പേരിൽ ഉദയവർമ്മതമ്പുരാൻ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ‘ഭാഷാപോഷണാഭിലാഷി’യായിരുന്ന തമ്പുരാൻ്റെ ഈ ഉദ്യമം പിൽക്കാലത്തു നമ്മുടെ സാഹിത്യകാരന്മാർക്ക് ഒരു ഗവേഷണമാർഗ്ഗം തെളിച്ചിട്ടുകയുണ്ടായി എന്നുതന്നെ പറയാം. കൃഷ്ണഗാഥയുടെ കർത്താവു പുനമാണെന്നുള്ള നവീനാഭിപ്രായം ആദ്യമായവതരിപ്പിച്ചതു കവനോദയ പ്രവർത്തകന്മാരായിരുന്നു.
