ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
വിദ്യാവിനോദിനി: 1065 – മാണ്ടു് (1889) തുലാമാസം മുതൽക്കാണ് തൃശൂർനിന്നു വിദ്യാവിനോദിനി പ്രസാധനം ചെയ്തുതുടങ്ങിയതു്. വടക്കെകുറുപ്പത്തു വലിയ കുഞ്ഞിരാമമേനോൻ്റെ പുത്രനായ സി. പി. അച്യുതമേനോൻ ബി. എ. (സി. അച്യുതമേനോൻ എന്നാണു സക്കാർ രേഖകളിൽ) ആയിരുന്നു പത്രാധിപർ. ആധുനികരീതിയിലുള്ള പുസ്തക നിരൂപണം, മലയാളത്തിൽ ആദ്യമായി ആരംഭിച്ചതു പ്രസ്തുത മാസികയിലൂടെയാണു്. വിദ്യാവിനോദിനിയുടെ പ്രസിദ്ധിക്കു് അതു് ഒരു പ്രധാന കാരണമായിത്തീരുകയും ചെയ്തു. മാസികയെ രണ്ടു ഖണ്ഡങ്ങളായി വിഭജിച്ചുകൊണ്ടാണു് വിഷയങ്ങൾ പ്രതിപാദിച്ചിരുന്നതു്. “പൂർവ്വ ഖണ്ഡത്തിൽ നാനാവിഷയങ്ങളെപ്പററിയുള്ള പ്രസംഗങ്ങളേയും, ഉത്തര ഖണ്ഡത്തിൽ അച്ചടിക്കപ്പെടാത്തതായ പ്രാചീനമോ നവീനമോ ആയ ഗ്രന്ഥങ്ങളേയും പ്രസിദ്ധപ്പെടുത്തത്തക്കവണ്ണം നിശ്ചയിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ടു് അറിയേണ്ടതായ പല സംഗതികളെപ്പററി ജനങ്ങൾക്ക് അറിയാറാകുന്നതിനു പുറമെ പ്രശസ്തങ്ങളായ ഗ്രന്ഥങ്ങളുടെ പ്രചരത്തിനും വഴിയാകുന്നതുമാണല്ലൊ.” ഇതു് ആദ്യലക്കം പ്രസ്താവനയിലെ ഒരു ഭാഗമാണ്. രണ്ടാംലക്കത്തിൽ കൊച്ചുണ്ണിത്തമ്പുരാൻ്റെ ‘കല്യാണീനാടകനിരൂപണം തുടങ്ങുന്നു. ഏതു കൃതിയിലും ഒരു ന്യൂനതയെങ്കിലും അച്യുതമേനോൻ്റെ ദൃഷ്ടിയിൽ പെടാതിരിക്കയില്ല. അങ്ങനെ വന്നപ്പോൾ അക്കാലത്തു പലരുടേയും ശ്രദ്ധ ആ മാസികയുടെ നേർക്കു തിരിഞ്ഞുതുടങ്ങി.
“കുഗ്രന്ഥാഹ്വയ നക്രഘോരനിരയെത്തൻ തീക്ഷ്‌ണമാംതൂവൽ ത-
ന്നുഗ്രച്ചാട്ടുളിയാൽ പിളർത്തനുദിനം സാഹിത്യവാരാശിയിൽ”
എന്നിങ്ങനെ ചില പ്രശംസകൾ അച്യുതമേനോനു് അക്കാലത്തു ചിലർ നല്കിയതും മേല്പറഞ്ഞവിധത്തിലുള്ള നിരൂപണരീതികൊണ്ടുതന്നെയാണു്. ഗ്രന്ഥനിരൂപണം മാത്രമായിരുന്നില്ല, വിദ്യാവിനോദിനിയുടെ പ്രസിദ്ധിക്കു കാരണം നാനാവിഷയങ്ങളെപ്പറ്റിയുള്ള പ്രൗഢലേഖനങ്ങൾ ഓരോ ലക്കത്തിലും ചേർത്തിരുന്നതും മറെറാരു കാരണമാണു്. ചെറുകഥകൾ പതിവായി ചേർക്കുന്ന സമ്പ്രദായം വിദ്യാവിനോദിനിയിലാണു് ആദ്യം തുടങ്ങിയത്’. സി. എസ്. ഗോപാലപ്പണിക്കർ, കുഞ്ഞിരാമ നായനാർ മുതലായവരുടെ പല രസികൻ കഥകൾ ആ മാസികയിലൂടെ അക്കാലത്തു പുറത്തുവന്നിരുന്നു. അച്യുതമേനോൻ ദിവാൻസെക്രട്ടറിയായി 1071-ൽ എറണാകുളത്തേക്കു പോയതോടുകൂടി വിദ്യാവിനോദിനിയുടെ പത്രാധിപത്യം ഉപേക്ഷിച്ചു. പിന്നീടു് ആ സ്ഥാനം വഹിച്ചു പോന്നതു് യഥാക്രമം ടി. കെ. കൃഷ്ണമേനോൻ, അപ്പു നെടുങ്ങാടി, പള്ളിയിൽ ഗോപാലമേനോൻ എന്നിവരാണ്. ഏകദേശം ഒരു വ്യാഴവട്ടത്തോളം — 1077 വരെ — വിദ്യാവിനോദിനി വളരെ വിജയപ്രദമായി പ്രചരിച്ചിരുന്നു.
