ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
മറ്റു ചില മാസികകൾ: വിദ്യാസംഗ്രഹത്തിനുശേഷം, കോട്ടയത്തുനിന്നു 1867-ൽ ‘സന്ദിഷ്ടവാദി’യും. 1878-ൽ ‘മലയാളമിത്രവും ആരംഭിച്ചു. 1866-ൽ കൊച്ചിയിൽനിന്നു ‘കേരള’വും 1874-ൽ മംഗലാപുരത്തുനിന്നു ‘കേരളോപകാരി’യും, തിരുവനന്തപുരത്തുനിന്നു 1879 – ൽ ‘കേരള ചന്ദ്രികയും, 1887-ൽ ‘കഥാവാദിനി’യും, ‘കേരളീയ സുഗുണ ബോധിനി’യും, തൃശൂർനിന്ന് 1889-ൽ ‘കേരളനന്ദിനി’യും പുറപ്പെട്ടു. മേല്പറഞ്ഞവയിൽ സന്ദിഷ്ടവാദി സി. എം. എസ്സ് ൽനിന്നു പുറപ്പെട്ട ‘ട്രാവൻകൂർ ഹെറാൾഡ്’ എന്ന ഇംഗ്ലിഷ് പത്രത്തിൻ്റെ അനുബന്ധമായി പുറപ്പെട്ട ഒരു പ്രസിദ്ധീകരണമാണു്. അതിൽ ദിവാൻ സർ ടി. മാധവരായരുടെ രാജ്യഭരണത്തെപ്പററി സ്തുതിച്ചു വില്വട്ടത്തു രാഘവൻ നമ്പ്യാർ, സ്വാമിഭക്തൻ എന്ന പേരിലും, കുററം കണ്ടുപിടിച്ചു വലിയ കോയിത്തമ്പുരാൻ, രാജഭക്തൻ എന്ന പേരിലും ശ്ലോകരൂപത്തിൽ ഒരു വാദപ്രതിവാദം നടത്തിയിരുന്നതായി മഹാകവി ഉള്ളൂർ പ്രസ്താവിക്കുന്നുണ്ട്.* (കേരളസാഹിത്യചരിത്രം, Part IV, പേജ് 247) കേരളചന്ദ്രിക അല്പകാലമേ നടന്നുള്ളൂ. വേങ്ങയിൽ കുഞ്ഞി രാമനായനാർ ആദ്യമായി ഒരു ലേഖനമെഴുതിയതു് അതിലാണെന്നു കേൾവിയുണ്ട്. കഥാവാദിനി ആദ്യ കഥാമാസികയാണെന്നു തോന്നുന്നു. അറബിക്കഥകൾ കിളിപ്പാട്ടുരൂപത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു പതിവു്. പേട്ടയിൽ രാമൻപിള്ള ആശാനായിരുന്നു അതിൻ്റെ പത്രാധിപർ. ‘കേരളീയസുഗുണബോധിനി’ ഒരു വനിതാമാസികയയിരുന്നു. എം. സി. നാരായണപിള്ളയായിരുന്നു പത്രാധിപർ.
വിദ്യാവിലാസിനി : കേരളവിലാസം പ്രസ്സിനെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. കേരളത്തിലെ ഒന്നാമത്തെ സാഹിത്യമാസികയെന്നു പറഞ്ഞുവരുന്ന വിദ്യാവിലാസിനി പ്രസ്തുത പ്രസ്സിൽനിന്നുമാണ് ആരംഭിച്ചതു്. 1056 മിനമാസം (1881) മുതൽക്കായിരുന്നു മാസികയുടെ തുടക്കം. 1055 മുതൽ 1060 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന വിശാഖംതിരുനാൾ മഹാരാജാവിൻ്റെ പ്രേരണ ഇതിൻ്റെ ഉൽപത്തിക്കു പ്രധാന നിദാനമായിരുന്നു. സർവ്വാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ള തുടങ്ങിയവരാണു് പ്രവർത്തകന്മാരായിരുന്നതു്. വലിയകോയിത്തമ്പുരാൻ്റെ അഭിജ്ഞാനശാകുളം തർജ്ജമ പ്രസ്തുത മാസിക വഴിക്കാണു് ആദ്യമായി പ്രസിദ്ധപ്പെടുത്തിയിരുന്നതെന്നു പറഞ്ഞാൽ ഈ മാസികയുടെ മേന്മ ഒട്ടൊക്കെ ഊഹിക്കാവുന്നതാണല്ലൊ. സാഹിത്യവിഷയ ങ്ങൾക്കു പുറമെ, സാമൂഹ്യവും ശാസ്ത്രീയവുമായ വിഷയങ്ങളെ അധികരിച്ചുള്ള ലേഖനങ്ങളും വിദ്യാവിലാസിനിയിൽ പ്രസിദ്ധപ്പെടുത്തിവന്നു.
