ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
എന്നാൽ മാസികകളുടേയും വാരികകളുടേയും സ്ഥിതി അതല്ല അവയ്ക്കു ഭാഷയുടെ ശ്രേയസ്‌കരമായ പുരോഗതിയെ ഉന്നംവച്ചുകൊണ്ടു പ്രവർത്തിക്കാൻ സൗകര്യമുണ്ട്. ഭാഷാപോഷണത്തെ മാത്രം ലക്ഷ്യമാക്കി പുറപ്പെടുവിക്കുന്ന പ്രസിദ്ധീകരണങ്ങൾമൂലം സാഹിത്യത്തിനു എത്രമാത്രം ശുദ്ധിവരുത്താമെന്നു പറയേണ്ടതുമില്ല. അത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ കുറെയെങ്കിലും നമുക്കു ലഭിച്ചിട്ടുണ്ടെന്നു ചാരിതാർത്ഥ്യത്തോടുകൂടി പറയാവുന്നതാണു്. കേരളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടുള്ള മാസിക കളുടെ ഒരു കണക്കെടുക്കുവാൻ വളരെ പ്രയാസമുണ്ട്. ഏകദേശം 500-ൽപരം മാസികകൾ ഇതിനകം പല ഇനങ്ങളിലായി പുറപ്പെട്ടിട്ടുണ്ടെന്നാണു് അറിയുന്നതു്. ചിലതു് ഉത്ഭവത്തോടു കൂടി — ആദ്യലക്കത്തോടുകൂടി — ചരമമടഞ്ഞിട്ടുള്ളത്; മറ്റുചിലതു്, 3 മാസം മുതൽ 6 മാസംവരെ ജീവിച്ചിട്ടുള്ളത്; വേറെ ചിലതു്. ഒരു വഷം മുതൽ പത്തും അറുപതും വർഷം വരെ ജീവിച്ചിട്ടുള്ളതു്. ഇങ്ങനെ അല്പായുസ്സുകളും ദീർഘായുസ്സുകളുമായ ഒട്ടുവളരെ മാസികകളും വാരികുകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ, ജീവിച്ച കാലം, ജീവനോടു കൂടി — ആരോഗ്യത്തോടുകൂടി — വർത്തിച്ചിരുന്ന, ചിലതിനെപ്പറ്റി ചില കുറിപ്പുകൾമാത്രം ഇവിടെ ചേർത്തുകൊള്ളുന്നു.
വിദ്യാസംഗ്രഹം: കൊച്ചിയിൽ വെസ്റ്റേൺ സ്റ്റാറിൽനിന്നു പശ്ചിമ താരക പുറപ്പെട്ട അതേ വഷർത്തിൽത്തന്നെ, കോട്ടയം സി. എം. എസ്സ്.ൽ നിന്നു്, കൃത്യമായിപ്പറഞ്ഞാൽ 1864 ജൂലൈ (1039 കർക്കടകം) മാസത്തിൽ, ഇംഗ്ലീഷിൽ Cottayam College Quarterly Magazine എന്നും, മലയാളത്തിൽ ‘വിദ്യാസംഗ്രഹം’ എന്നും പേർവെച്ചതായ ഒരു ഇംഗ്ലീഷ് മലയാളം മാസിക പുറപ്പെടുകയുണ്ടായി. 1867 (1042) ജൂലൈ മാസം- 2-ാം പസ്തക 3-ാം ലക്കംവരെ പുറത്തിറങ്ങിയതായിക്കാണുന്നു. കെമിസ്ത്രിയെ — രസവാദശാസ്ത്രത്തെ — സംബന്ധിച്ചു ചിത്രങ്ങളോടുകൂടിയ പല ലേഖനങ്ങളും അതിൽ കാണാവുന്നതാണ്. ഒന്നാം ലക്കത്തിലെ വിഷയങ്ങൾ തന്നെ ഇവിടെ പകർത്താമെന്നു കരുതുന്നു: Kerala in the olden times (ഇഗ്ലീഷ് ). ഒരു സംവാദം — വേദാന്തവാദം (മലയാളം), രാജശില്പി (ജീവചരിത്രം), The Force of Habit (ഇംഗ്ലീഷ്), വിദ്യുത്താരയന്ത്രപ്രമാണം (ഇലക്ട്രിസിററിയെസ്സംബന്ധിച്ച്-മലയാളം), The Flower of the Stream (ഇഗ്ലീഷ് കവിത), 51-ാം സങ്കീർത്തനം (മലയാളകവിത), നാനാത്ഥം (ഗ്രന്ഥ വിമർശനം-മലയാളം), ചതുരംഗം (മലയാളം, വിവരണം, ചോദ്യം ഉത്തരം), The Slayer Slain (ഇംഗ്ലീഷ്), ഇങ്ങനെ പോകുന്നു അതിലെ വിഷയങ്ങൾ. എല്ലാം വൈവിദ്ധ്യം കലർന്നവയും വിജ്ഞാനപ്രദങ്ങളുമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
