ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

വൃത്താന്തപത്രങ്ങളും മാസികകളും: മലയാളഭാഷയ്ക്കും സാഹിത്യത്തിനും പത്രങ്ങളേക്കാൾ കൂടുതൽ സമ്പത്തു നല്കിയിട്ടുള്ളതു മാസികകളാണെന്നു നിസ്സംശയം പറയാം. പത്രപ്രവത്തനം മുഖ്യമായി സാമുഹ്യമോ, രാഷ്ട്രീയമോ ആയ ഏതെങ്കിലും ഒരു ലക്ഷ്യത്തെ വെച്ചുകൊണ്ടായിരിക്കുമല്ലോ നിർവ്വഹിക്കുന്നതു്. ഭാഗികമായി ഭാഷാപോഷണത്തിനുകൂടി അതിൽ തൽപ്രവർത്തകന്മാരുടെ വാസനയനുസരിച്ചു സ്ഥാനം നല്കാമെന്നുമാത്രമേ ഉള്ളു. വാർത്താവിതരണം തന്നെ ‘നല്ല ഭാഷയിൽ ചെയ്യുന്നതുകൊണ്ടും ഭാഷയ്ക്ക് ഉൽക്കർഷമുണ്ടാകാവുന്നതാണു്. എന്നാൽ അപഭ്രംശങ്ങളും ശൈലീഭംഗങ്ങളും മററഭംഗികളും നമ്മുടെ പത്രങ്ങളിൽ ഇന്നും അത്ര അസുലഭമല്ല. ദിനപ്പത്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ അപരാധാരോപം തൽപ്രവർത്തകന്മാരിൽനിന്നു് ഒഴിവാക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, “ഒരു ദിനപ്പത്രത്തിൽ ഏറിയകൂറും റോയിറ്റാരുടേയും അസോഷ്യേററഡ് പ്രസ്സിൻ്റേയും കമ്പി വാർത്തകളായിരിക്കുമല്ലോ. ഈ കമ്പികളിലെ ‘കമ്പിവാചകങ്ങ’ളുടെ അർത്ഥം മന സ്സിലാക്കി — അതിനുതന്നെ കുറച്ചു നേരംപിടിക്കും — അവയെ സാധാര ണവാചകങ്ങളിലാക്കി എഴുതിക്കഴിഞ്ഞാൽ ഒരിംഗ്ലീഷു പത്രത്തിൻ്റെ ഉപപത്രാധിപരുടെ ജോലി കഴിഞ്ഞു: പിന്നെ അവയെ അപ്പടി പ്രസ്സിലേക്കയയ്ക്കുകയേ വേണ്ടു. ഒരു മലയാളപത്രത്തിൻ്റെ ഉപപത്രാധിപർക്കാകട്ടേ, ഇത്രയുമായാൽ തൻ്റെ ജോലിയുടെ ഏററവും ഉത്തരവാദിത്വമുള്ളതും, ക്ലേശകരവും വിഷമവുമായ ഭാഗം തുടങ്ങുന്നതേയുള്ളു: അയാൾ അവയെ തർജ്ജമ ചെയ്യുകകൂടി വേണം. കമ്പികളാണെങ്കിൽ തിരുവാതിര ഞാറ്റുവേലയിലെ മഴപോലെ, ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയും ചെയ്യും. രാവിലെ എട്ടോ ഒൻപതോ മണിമുതൽ, വൈകുന്നേരം നാലോ അഞ്ചോ മണിവരെയുള്ള സമയത്തിനുള്ളിൽ അവ മുഴുവൻ തർജ്ജമചെയ്തു്, കോളം തികച്ചു. പ്രൂഫ് നോക്കിക്കൊടുക്കേണ്ട ഭാരം അയാളുടേതാണു്. വൈകുന്നേരം കൃത്യസമയത്തു കടലാസ്സ് പുറത്തിറങ്ങാതെ നിവൃത്തിയില്ല. തലേദിവസത്തിൽനിന്നു വളരെയൊന്നും കടം വാങ്ങാനോ, പിറ്റേദിവസത്തേക്കു വളരെയൊന്നും ബാക്കിവെയ്ക്കാനോ തരപ്പെടാത്ത ഒരു
ജോലിയാണു് ദിനപ്പത്രമാപ്പീസിലേതെന്ന് എല്ലാവർക്കും ആലോചിച്ചാൽ അറിയാവുന്നതുമാണല്ലോ.”

“ഈ ഭയങ്കരത്തിരക്കിനിടയിൽ ഭാഷാശുദ്ധിയിലും പ്രയോഗൗചിത്യത്തിലും രചനാസൗകുമാര്യത്തിലും അയാൾക്ക് — അയാൾ എത്ര വലിയ പണ്ഡിതനായാലും — എത്രത്തോളം മനസ്സിരുത്തുവാൻ കഴിയുമെന്നതാണു് ചോദ്യം. ഒട്ടും വയ്യെന്നു ഞാൻ അനുഭവത്തിൽനിന്നു പറയുന്നു. ചില വാചകങ്ങൾ വായിച്ചുതുടങ്ങുന്നതോടുകൂടി തർജ്ജമയും തുടങ്ങേണ്ടിവരും; അത്രയ്ക്കു സമയമുണ്ടാവുകയുള്ളു. ഇംഗ്ലീഷിലെ പല നീണ്ട വാചകങ്ങളുടേയും കാര്യത്തിൽ, ഈ സമ്പ്രദായം, തർജ്ജമക്കാരനെ ചിലപ്പോൾ ഭാഷാസംബന്ധമായ എന്തൊക്കെ കുഴപ്പങ്ങളിലാണ് കൊണ്ടുപോയി ചാടിക്കുക?” എന്നിങ്ങനെ എം. ആർ. നായർ സ്വാനുഭവത്തെ അടിസ്ഥാനമാക്കിപ്പറഞ്ഞിട്ടുള്ളതു ശരിവയ്ക്കുകയേ തരമുള്ളൂ.